Image

വരുമോരോ ദശ (കഥ: ജോസഫ്‌ എബ്രഹാം)

Published on 17 April, 2025
വരുമോരോ ദശ (കഥ: ജോസഫ്‌  എബ്രഹാം)

ഉയര്‍പ്പിന്റെ  അറിയിപ്പുമായി  പള്ളിയില്‍  കതിനാ വെടിച്ചു.  
പള്ളിമണിനാദം കെട്ടഴിച്ചുവിട്ട മാലപ്പടക്കങ്ങളുടെ ഒച്ചയില്‍ മുങ്ങിപ്പോയിരുന്നു.  പള്ളിമുറ്റത്തെ വേദിയില്‍ ഇടിനാദത്തോടെ  കല്ലറയുടെ അടപ്പ് കല്ല്‌  ഉരുണ്ടുമാറി. ഉത്ഥിതനായ കര്‍ത്താവ്  വിജയചിഹ്നമായി രണ്ടുവിരലുകള്‍ ഉയര്‍ത്തി കല്ലറയില്‍  നിന്നും ഉയര്‍ന്നു വരുന്നതു കണ്ടു ജനങ്ങള്‍ കൈയ്യടിച്ചു.
ഗായക സംഘം ഉത്ഥാനഗീതങ്ങള്‍  ഉറക്കെ ആലപിച്ചു.  
കട്ടിലില്‍ കണ്ണുതുറന്നു കിടന്നുകൊണ്ട് ആലീസ്  അതെല്ലാം കേട്ടു.

ആദ്യമായിട്ടാണ് ആലീസ്  ഉയിര്‍പ്പ്  കുര്‍ബാനയ്ക്ക്  പോകാതെയിരിക്കുന്നത്. കുരിയാച്ചായന്‍ ഉള്ളപ്പോള്‍ മുതലുള്ള പതിവായിരുന്നു.  വെളുപ്പിനു മൂന്നുമണിക്കുള്ള കുര്‍ബാനകഴിയുമ്പോള്‍ പരപരാ വെട്ടം വീണിട്ടുണ്ടാകും. നേരെ   ഇറച്ചിവെട്ടുകാരന്‍ തോമയുടെ കശാപ്പുപീടികയിലേക്ക്. അപ്പോഴേക്കും അവിടെ ഒരു പെരുന്നാളിനുള്ള ആളുകള്‍ കൂടിട്ടുണ്ടാകും.  ഒറ്റക്കായതില്‍ പിന്നെ ആലീസിന്റെ  തലവെട്ടം കാണുമ്പോഴേക്കും തോമാ അവള്‍ക്കുള്ള ഇറച്ചിതൂക്കി പൊതിഞ്ഞുകെട്ടി കൊടുക്കും.  വീട്ടില്‍ എത്തിയാല്‍  ഉടനെതന്നെ   ഇറച്ചി നുറുക്കി മസാല ചേര്‍ത്തു  അടുപ്പേല്‍ കേറ്റും.  അപ്പോഴേക്കും  കള്ളപ്പത്തിന്റെ  മാവു പുളിച്ചു കുമിളകൾ പൊന്തിയിട്ടുണ്ടാകും.  

ദോശക്കല്ല്  അടുപ്പേല്‍വച്ചു ചൂടാക്കി  എണ്ണതേച്ചു പതംവരുത്തി  ആദ്യം ഒരപ്പം ചുട്ടു ഉപ്പും പുളിയും കണക്കിനുണ്ടോന്നു  നോക്കും. ഉപ്പു വേണേല്‍ ശകലം കൂടി ചേര്‍ത്തിളക്കി ഒരെണ്ണം  കൂടി ചുട്ടെടുത്ത്  ഒരു പാത്രത്തിലേക്ക് വയ്ക്കും. അടുപ്പേല്‍ കിടന്നു തിളയ്ക്കുന്ന  ഇറച്ചിക്കറിയുടെ  ചാര്‍  ഒരുതവി അപ്പത്തിലേക്കു ഒഴിച്ച്, ഒരു ഗ്ലാസ്‌ തേയിലവെള്ളവും കൂടി തിളപ്പിച്ചെടുത്തതു ഊതിക്കുടിച്ചു കഴിയുമ്പോഴേക്കും വെളുപ്പിനെ എഴുന്നേറ്റതു കൊണ്ടുണ്ടായ  വയറ്റിലെ ആന്തല്‍ മാറിക്കിട്ടും.

പിന്നെ അടുക്കളയില്‍ കിടന്നൊരു മെരുങ്ങലാണ്. മക്കളൊക്കെ രാവിലെ ആറുമണിയുടെ കുര്‍ബാനക്ക്  പോയി  തിരിച്ചുവരുമ്പോഴേക്കും  അപ്പവും  പോത്തിറച്ചിക്കറിയും പോര്‍ക്ക് പരളനും  സള്ളാസും  നെയ്യപ്പവും  ഒക്കെ ചൂടോടെ  തയ്യാറായിരിക്കും. അതിനൊപ്പം  ഉച്ചക്കത്തെ  തോരനുള്ള പച്ചക്കറി അരിഞ്ഞു തുടങ്ങിയിട്ടുണ്ടാകും. കോഴിപൊരിക്കാനായി മസാല തേച്ചുപിടിപ്പിച്ചു വച്ചിട്ടുണ്ടാകും.  കാളനും കുടമ്പുളിയിട്ടുവെച്ച ആറ്റുവാളയും തലേന്നുമുതല്‍ ഉറിയിലിരുന്നു  ഊഞ്ഞാലാടുന്നുണ്ടാവും.

    വീടിനു മുന്‍പിലുള്ള വഴിയിലൂടെ പള്ളികഴിഞ്ഞു വരുന്ന  ആളുകള്‍  സന്തോഷത്തോടെ വര്‍ത്താനം പറഞ്ഞുപോകുന്നത് ആലീസ് കേട്ടു. എല്ലാവീട്ടിലും ഉയിര്‍പ്പ് പെരുന്നാള്‍ സന്തോഷത്തിന്‍റെ ദിനമാണ്. മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെ ഒത്തുചേരുന്ന  സന്തോഷം. അതുവരെക്കും  ആ വീടുകളുടെ ഏകാന്തതയില്‍ മരിച്ചുകിടന്ന സന്തോഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍.

“ വല്യമ്മച്ചി  ഈസ്റ്റര്‍  എന്നാല്‍ എന്നതാ?”
നാലുവയസുള്ള കുരിയാച്ചന്‍  ഉറങ്ങാന്‍ കിടക്കുമ്പോള്‍  അലീസിനോട്  ചോദിച്ചു 
“അതോ ദുഃഖവെള്ളിയാഴ്ച ജൂതന്മാര്‍ കുരിശില്‍ തറച്ചുകൊന്ന ഈശോ ഉയര്‍ത്തെഴുന്നേറ്റ ദിവസം”
“അപ്പോള്‍...  എന്‍റെ അപ്പയും   ഉയര്‍ത്തെണീക്കുമോ ?”
“മോനെ...”
പേരക്കുട്ടിയോടു എന്തു പറയണമെന്നറിയാതെ അവള്‍ വിഷമിച്ചു. 
ചങ്കില്‍ ഒരു കുന്തമുന ഏറ്റപോലെ അവള്‍ പിടഞ്ഞു.
കുരിയാച്ചായന്‍റെ പേരുകാരനാണ്  പേരമകന്‍.  
“എല്ലാവര്‍ക്കും   ഒരുദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാതെ വയ്യല്ലോ മോനെ .”
അതുപറഞ്ഞിട്ടവള്‍ കുരിയാച്ചന്റെ മുഖത്തേക്കുനോക്കി. അവന്‍ അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു.
വല്യമ്മച്ചിയുടെ കൂടെയാണ് അവന്‍ എന്നും ഉറങ്ങുക. അവന്‍റെ അമ്മ  മെറിന്‍   ചില ദിവസം  ഉറക്കം പിടിക്കുമ്പോള്‍ അവനെ എടുത്തു സ്വന്തം മുറിയിലേക്ക് കൊണ്ടുപോകും. കൊണ്ടുപോകണ്ടാന്നു എങ്ങിനെയാണ്  മെറിനോട്  പറയുക. ആ ദിവസങ്ങളില്‍ ഉറക്കം കിട്ടാതെ ആലീസ് തിരിഞ്ഞും മറിഞ്ഞു കിടക്കും.

“മോളെ  നീ ചെറുപ്പമാണ്. ജീവിതം ഇങ്ങനെമുരടിപ്പിച്ചു  കളയേണ്ട. നിനക്ക്  എപ്പോള്‍ വേണമെങ്കിലും  ഇവിടേക്ക്  വരാമല്ലോ. ഈ വീടും പറമ്പും എല്ലാം നിങ്ങള്‍ക്കും കൂടിയുള്ളതാണല്ലോ ”
അവള്‍ പോയാല്‍ പേരക്കുട്ടിയെയും  തനിക്കു നഷ്ടമാകാന്‍ ഇടയുണ്ടെന്നു  അറിയാമെങ്കിലും ആലീസ്  മെറിനെ  ഓര്‍മ്മിപ്പിച്ചു.

നേരം നന്നായി വെളുത്തു.
ആലീസ്  എഴുന്നേറ്റു അടുക്കളയില്‍ ചെന്നു  അടുപ്പില്‍  തീ പിടിപ്പിച്ചു. നോയമ്പു വീടലല്ലേ കുഞ്ഞുങ്ങള്‍ക്ക്‌  എന്തെങ്കിലും വായ്ക്കു രുചിയുള്ളതു  തിന്നാനുള്ള കൊതികാണുവല്ലോ.  എന്തെങ്കിലും ഉണ്ടാകണം. ജോയിമോന്റെ  തനി പ്രകൃതവും സ്വഭാവുമാണ്  കുരിയച്ചനും. രാവിലെ അമ്മച്ചി അപ്പം ചുടുമ്പോള്‍  അടുപ്പിന്‍ പാതകത്തില്‍  കയറി തീകാഞ്ഞു കൂനിക്കൂടിയിരിക്കും.  ചൂടോടെ അപ്പം പാത്രത്തില്‍  ഇട്ടുകൊടുക്കണം. കറിയൊന്നും വേണമെന്നില്ല.  

അടുപ്പില്‍ തീകൂട്ടുമ്പോള്‍ ആലീസ്  തന്‍റെ മകന്‍ ജോയിച്ചനെ  ഓര്‍ത്ത്  കരഞ്ഞു. അവന്‍ ഉണ്ടായിരുന്നെങ്കില്‍  ഇപ്പോള്‍ മുപ്പത്തിനാലു വയസാകുമായിരുന്നു.
“കര്‍ത്താവേ നിന്നെപ്പോലെ എന്‍റെ മോനും മുപ്പത്തിമൂന്നാമത്തെ വയസില്‍ മരിച്ചു. അല്ല അവനെ കൊന്നുകളഞ്ഞു.  യാതൊരു തെറ്റും ചെയ്യാത്ത നിന്നോടും   എന്‍റെ മകനോടും അവര്‍ ഒന്നുതന്നെയാണല്ലോ  ചെയ്തത്.”
ആലീസ് കര്‍ത്താവിനോടു  അവളുടെ സങ്കടങ്ങള്‍ എണ്ണിപ്പെറുക്കി  കരഞ്ഞു.

ജോയിച്ചന്‍ ഒരു മെഡിക്കല്‍ കമ്പനി പ്രതിനിധിയായിരുന്നു. ധാരാളം ബിസിനസ്  അയാള്‍ ചെയ്തിരുന്നു. ജോലിക്കാര്യങ്ങള്‍ എല്ലാം ടൌണില്‍ ആയതിനാല്‍ കൂട്ടുകാര്‍ ചേര്‍ന്നു എറണാകുളത്തെ  ഒരു ഫ്ലാറ്റിലായിരുന്നു  താമസിച്ചിരുന്നത്. എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും വീട്ടില്‍ വരും തിങ്കളാഴ്ച  രാവിലെ പോവുകയും ചെയ്യും. ഉടനെ തന്നെ  കമ്പനിയുടെ  ഏരിയ സെയില്‍സ് മനേജറായി സ്ഥാനക്കയറ്റം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു  അയാള്‍.  അങ്ങിനെ വന്നാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഫീല്‍ഡില്‍ പോയാല്‍ മതി  ബാക്കിദിവസം വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതിയാകുമെന്നായിരുന്നു  അവന്‍ ആലീസിനോടു  പറഞ്ഞിരുന്നത്.

എല്ലാ വെള്ളിയാഴ്ചയും  വീട്ടിലേക്കു   വരുന്നവഴി കുറച്ചുനേരം വീടിനടുത്തുള്ള ചെറിയ ടൌണില്‍ കൂട്ടുകാരുമൊത്ത് വര്‍ത്താനം പറഞ്ഞു നില്‍ക്കുകയും  ചായകുടിച്ചു പിരിയുകയും  ചെയ്യുന്ന ശീലമുണ്ട് ജോയിച്ചനു.

“എന്നാ അമ്മച്ചി  നമ്മുടെ നാട്ടിലെ  പിള്ളേര്‍ക്ക്  പറ്റിയത്. നാടെല്ലാം ആകപ്പാടെ മറിയിരിക്കുന്നല്ലോ?”
ഒരു ദിവസം വൈകുന്നേരം  ജോയിച്ചന്‍ ആലീസിനോടു ചോദിച്ചു 
“എന്നാ പറ്റി മോനെ  എന്തുണ്ടായി?”
“അല്ല ഒന്നുമുണ്ടായില്ല  കുറച്ചു പ്രാവശ്യമായി ഞാന്‍ വരുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. മുന്‍പൊക്കെ  സന്ധ്യക്ക്‌  ചെറുപ്പക്കാര്‍ സൊറപറയാന്‍  വായനശാല കോലായിലോ  അല്ലെങ്കില്‍ കവലയിലെ  ചെറിയ മൈതാനത്തോ  കൂട്ടംകൂടി നില്‍ക്കാറുള്ളത്.  ഇപ്പോള്‍ അങ്ങിനെയല്ല”
“ ഇപ്പോള്‍ പിന്നെങ്ങിനെയാ ?”
“ഇപ്പോള്‍  ഓരോരുത്തരും  ജാതിയും മതവും തിരിഞ്ഞു  അവരവരുടെ കൂട്ടക്കാരുടെ  ചായപ്പീടികയുടെയോ  അനാദിക്കടയുടെ കോലായിലോ ഒക്കയായിട്ടാണ് നിപ്പ്. നമ്മളെയൊന്നും കണ്ടാല്‍ മുഖത്തു നോക്കുകയോ ചിരിക്കുകയോ ഒന്നുമില്ല”
“ആ ഒന്നും പറയേണ്ട  ഇപ്പോളത്തെ പിള്ളേരൊക്കെ മൊത്തം തലതിരിഞ്ഞാ. വാര്‍ത്തയൊക്കെ കണ്ടാല്‍   പേടിയാകും”
അവരുടെ വര്‍ത്താനത്തില്‍  ചേര്‍ന്നുകൊണ്ട്  മെറിന്‍ പറഞ്ഞു.
തിളച്ചുകൊണ്ടിരുന്ന  പാലില്‍ ചായപ്പൊടി ഇടുന്നതിനിടയില്‍  ആലീസ് പറഞ്ഞു.
“അവരായി  അവരുടെ പാടായി.  നമുക്കെന്നാ ചെയ്യാനാകും.  മോന്‍ സന്ധ്യയാകും മുന്‍പേ ഇങ്ങു കരപറ്റിയേരേ”
കപ്പില്‍ ഊറ്റിയ  ചായ എടുത്തു ഊതി ചൂടാറ്റി കുടിക്കാന്‍ ഒരുങ്ങിയ ജോയിച്ചന്‍  കപ്പ്  മേശമേല്‍ വെച്ചുകൊണ്ട്  ഫോണ്‍ തുറന്നു.  
“അതല്ലമ്മച്ചി   വലിയ രസം. ദേ..നോക്കിക്കേ.”
   ഫേസ്ബുക്ക് തുറന്നു  ജോയിച്ചന്‍  ആലീസിനെ കാണിച്ചു.
ഹിജാബ് ധരിച്ച ഒരുമ്മ,  കയ്യില്‍ ചരടും നെറ്റിയില്‍ കുറിയുമുള്ള ഒരു പയ്യനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന പടം.
“ദേ ഈ ഫോട്ടോ ഇപ്പോള്‍   അങ്ങുകേറി  വൈറലായി.   ഏതാണ്ടൊരു  അപൂര്‍വ്വ  സംഭവം  പോലെയാണ് ആളുകള്‍ ഈ  പടത്തെ കണ്ടു ആശ്ചര്യപ്പെടുന്നത്”

ഒരു തിങ്കളാഴ്ച രാവിലെ പതിവുപോലെ  ജോയിച്ചന്‍ യാത്രപറഞ്ഞു പോയതാണ്. വെള്ളിയാഴ്ചയാകാന്‍  ആലീസും മറ്റുള്ളവരും കാത്തിരുന്നു.   പക്ഷെ ആ ദിനം  തങ്ങളുടെ ജീവിതത്തിലെ ദുഖവെള്ളിയായി മാറുമെന്ന് അവരാരും കരുതിയിരുന്നില്ല. ജോയിച്ചന്റെ ബുള്ളറ്റിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോന്നവര്‍ കാതോര്‍ത്തിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും  ജോയിച്ചനെ കാണാതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചു നോക്കിയെങ്കിലും  ഫോണെടുക്കുക ഉണ്ടായില്ല. അപ്പോഴാണ്  അടുത്ത വീട്ടിലെ പയ്യന്‍ ഓടിക്കിതച്ചു വന്നു പറഞ്ഞത്

“ ആലിസ്  അമ്മച്ചി,  നമ്മുടെ ജോയിച്ചനെ…..”
വാക്കുകള്‍ പൂര്‍ത്തിയാക്കാനവാതെ  അവന്‍ നിന്നു കിതച്ചു.

എല്ലാം ഇന്നലെയെന്നപോലെ ആലീസിനു തോന്നി. അടുപ്പില്‍  തീപിടിപ്പിച്ചത്  അണഞ്ഞുപോയി.
ഓര്‍മ്മകളുടെ നൊമ്പരപിടച്ചലില്‍ ആലീസ് കരഞ്ഞുകൊണ്ടിരുന്നു.
എന്തിനാണ്  ജോയിച്ചനെ  കൊന്നതെന്നൊ ആരാണതു ചെയ്തതെന്നോ   ആലിസിനറിയില്ല.   
പലരും പലതും പറയുന്നു. 
ചിലര്‍ പറയുന്നു ലഹരിയില്‍  ലക്കുകെട്ട ഏതോ പിള്ളേര്‍ ജോയിച്ചന്റെ ബുള്ളറ്റിനു  വട്ടം ചാടിപോലും.   അപകടം പറ്റാന്‍ പോയപ്പോള്‍  ജോയിച്ചന്‍ അവരെ വഴക്ക് പറഞ്ഞു   അവര്‍ക്കു അതിഷ്ട്ടമായില്ല.  കയ്യില്‍ലിരുന്ന വടിവാള്‍ കൊണ്ട് അവരിലാരോ  ജോയിച്ചനെ വെട്ടി. 
വേറെ ചിലര്‍ പറയുന്നു മറ്റൊരാളെ വകവരുത്താന്‍ കൊട്ടേഷനെടുത്ത ഗുണ്ടകള്‍ക്കു ആളുമാറി വെട്ടുകത്തികൊണ്ട്  വെട്ടിയതാണെന്ന് .
‘മൂര്‍ച്ചയുള്ള ഏതോ മാരകായുധംകൊണ്ട് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നതാണ്  ഇക്കാര്യത്തില്‍ പോലീസ് നടത്തിയ ഏക  കണ്ടെത്തല്‍.

അടുപ്പില്‍  തീ വീണ്ടും പിടിപ്പിച്ചു കാപ്പി തിളപ്പിക്കാനുള്ള പാത്രം  അടുപ്പില്‍ വയ്ക്കുമ്പോഴും അവള്‍ അതെല്ലാം ഓര്‍ത്തു കരഞ്ഞുകൊണ്ടിരുന്നു.
അല്ലാതെ  അവളെന്തു ചെയ്യാന്‍?

“ഒരു നിശ്ചയമില്ലയൊന്നിനും 
വരുമോരോ ദശ വന്നപോലെ പോം;
വിരയുന്നു  മനുഷ്യനേതിനോ.
തിരിയാ ലോകരഹസ്യമാര്‍ക്കുമേ”

തിളച്ച വെള്ളത്തില്‍ കാപ്പിപ്പൊടിയിട്ടു വാങ്ങിയശേഷം  അപ്പത്തിനായി  മാവുകലക്കി വച്ചിരുന്ന കലത്തിലേക്ക്  അവള്‍ നോക്കി. അതിലെ മാവ് പുളിച്ചുപൊന്തി ഒരു വിലാപംപോല്‍  പതഞ്ഞൊഴുകി തുടങ്ങിയിരുന്നു.
 

Join WhatsApp News
Sudhir Panikkaveetil 2025-04-17 13:09:13
ഉയിർപ്പ് പ്രത്യാശയുടെ സന്ദേശം. അന്നേ ദിവസം വേറൊരു അമ്മയുടെ ചിന്തകൾ നിരപരാധിയായ തന്റെ മകനും കൊല്ലപ്പെടുന്നു. അവൻ രാജാവ് ആണെന്ന് പറഞ്ഞില്ലല്ലോ. പിന്നെ എന്തിന്? ഈ കാലഘട്ടം പണ്ടത്തെപ്പോലെ തീവ്ര ചിന്തകൾക്കടിമകളാണ്. മയക്കുമരുന്നിന്റെ അന്ധതയിൽ കുറെ പേര് കൊല്ലപ്പെടുന്നു. ഈ കഥ ആനുകാലിക സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ശ്രീ ജോസഫ് എബ്രഹാമിന്റെ മറ്റു കഥകളെ അപേക്ഷിച്ചു ഈ കഥ വ്യത്യസ്തമായി നിൽക്കുന്നു, നിഷ്കളങ്കനായ പേരക്കുട്ടിയുടെ ചോദ്യം മുത്തശ്ശിയുടെ മനസ്സിൽ ഉണർത്തുന്ന വേദന. എന്റെ അപ്പയും ഉയിർത്തെഴുന്നേൽക്കുമോ? മുത്തശ്ശിക്ക് അറിയാം ഇല്ലെന്നു പക്ഷെ ആ ബാല മനസ്സിൽ ആ പ്രത്യാശ നിറയുന്നു അതാണ് മുത്തശ്ശിയെ കൂടുതൽ വേദനിപ്പിക്കുന്നത്. അവരുടെ നിസ്സഹായത കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു കൊച്ചു കഥ, നല്ല കഥ.
ജോസഫ് എബ്രഹാം 2025-04-17 13:52:28
നന്ദി ശ്രീ സുധീർ പണിക്കവീട്ടിൽ. കഥ വായിക്കുകയും കഥയിലേക്കുള്ള താങ്കളുടെ ഉൾകാഴ്ച പങ്കുവച്ചതിനും നന്ദി സ്നേഹം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക