ഏപ്രിൽ 19 ന് ന്യുയോർക്കിൽ പ്രകാശനം ചെയ്യുന്ന "ദൈവത്തിന്റെ പൊതിച്ചോറ് " എന്ന കഥാസമാഹാരത്തിനും, അതിന്റെ എഴുത്തുകാരനായ രാജു ചിറമണ്ണിലിനും ആശംസകൾ.
അമേരിക്കയെന്ന കുടിയേറ്റഭൂമിയിൽ മലയാളി സാഹിത്യകാരന്മാരുടെ തനതായ സാഹിത്യ ചരിത്രം എഴുതി ചേർക്കുവാനുള്ള ശ്രമത്തിൽ, കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. രാജു ചിറമണ്ണിൽ.
കാലത്തെ അതിജീവിക്കുന്ന വേറിട്ട സ്വന്തമായ ശൈലിയുടെ ഉടമയാണ് ശ്രീ. രാജു ചിറമണ്ണിൽ. അദ്ദേഹത്തിന്റെ കഥകൾ, മലയാള വായനക്കാർ നിരന്തരം വായിച്ചു കൊണ്ടിരിക്കയാണ്. അതിൽ വിശിഷ്ടമായ ഇരുപതു കഥകളുടെ സമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ, അതിലെ ചില സുപ്രധാന ഭാവുകത്വത്തിന്റെ മികവുകൾ ചൂണ്ടിക്കാട്ടാൻ എനിക്കും ഭാഗഭാക്കാകാൻ തന്ന അവസരത്തിന് പ്രത്യേക നന്ദി സൂചിപ്പിക്കട്ടെ.
സഹജീവികളോടുള്ള സ്നേഹത്തിലും കരുണയിലും മാത്രമേ ഒരു യഥാർത്ഥ മനുഷ്യൻ രൂപപ്പെടുന്നുള്ളൂ. നിങ്ങൾ ഒരു തിരിച്ചറിവുള്ള മനുഷ്യനാണെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു നന്മയുള്ള മനുഷ്യനായിരിക്കും. പരിഹസിച്ചു ചിരിക്കുന്നതിലും നല്ലതല്ലേ, മറ്റുള്ളവരുടെ നേരെ കരുണയോടെ നോക്കി ചിരിക്കുന്നത്? എന്നൊരു ചോദ്യം പലപ്പോഴും ഈ കഥകൾ വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഈ കരുണയും ചിരിയും സമന്വയിപ്പിച്ച രാജു ചിറമണ്ണിലിന്റെ ഓരോ കഥകളും വ്യത്യസ്ത ജീവിതാനുഭവങ്ങൾ വരച്ചുകാട്ടിയിരിക്കുന്നു. വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും ജീവിച്ചതിന്റെ പരിചയവും സ്ഥലവിവരണങ്ങളും കഥകൾക്ക് സാങ്കല്പിതയെക്കാൾ, നൈസ്സർഗ്ഗികതയും അതിഭാവുകത്വവും ചേരുംപടി ലയിപ്പിക്കുന്നതിൽ
എഴുത്തുകാരൻ തന്റെ നൈപുണ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട കഥകളുടെ സമാഹാരം പരിചയപ്പെടുത്തന്നതിൽ സന്തോഷമുണ്ട്.
1. ഗാലൊസ്
ഇരുട്ട് നിഴൽ പരത്തുന്ന ജയിൽമുറിയിലെ കമ്പിയഴികളിൽ മുഖമമർത്തി, തന്റെ മരണം പ്രതീക്ഷിച്ചു നിന്നുകൊണ്ട്
തേങ്ങുന്ന കുറ്റവാളിയുടെ ഗതകാല സ്മരണകൾ, ഒരു സിനിമപോലെ കണ്ടുകൊണ്ടു ഓരോ പാരഗ്രാഫും വായിച്ചു പോകുന്ന കഥയാണ് ഗാലോസ് .
മനസ്സറിയാത്ത കുറ്റത്തിന് ആദ്യശിക്ഷ ഏറ്റുവാങ്ങിയതുമുതൽ, വിധി തന്നെ ഒരു ഗ്യാങ്സ്റ്റർ ആക്കിയപ്പോഴും, സമൂഹം തന്റെ കുടുംബത്തിന് ചാർത്തിയ പഴിയും പരിഹാസവും അക്ഷന്തവ്യമായിരിക്കാം. മദ്യവും കൂട്ടത്തിൽ റിവോൾവറും ചേർന്നാൽ, ചേർത്തുപിടിക്കേണ്ട ജസ്വീനയെ പോലും ഒരു നൊടിയിൽ മരണത്തിലേക്ക് തള്ളിവിടുമ്പോൾ കഥാകൃത്ത്, വഴിതെറ്റിപ്പോകുന്ന യുവജനതയുടെ നേരെ ജാഗ്രതയുടെ ചൂണ്ടുവിരൽ നീട്ടിനിൽക്കുന്നത് കാണാതെ പോകരുത്.
2*
"അബ്രാമും ഏഴു കൂടപ്പിറപ്പുകളും" - പൗരാണികതയും ആധുനികതയും സമന്വയിപ്പിച്ച മനോഹരമായ
ഇതിവൃത്തം, വിശുദ്ധ ബൈബിളിലെ വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ യഹോവയോടുള്ള സംവാദത്തിൽ ഉരുത്തിരിരിഞ്ഞതാണ്. പഴയനിയമകാലത്തെ സോദോം ഗോമോറ പട്ടണങ്ങളിലെ അതിരുവിട്ട വഷളതയിൽ രോഷാകുലനായ യഹോവ ആ നഗരങ്ങളെ നശിപ്പിക്കാൻ ഒരുങ്ങുമ്പോൾ, തന്റെ പ്രിയപ്പവട്ടവരെ രക്ഷിക്കാൻ നന്മയുള്ള അഞ്ചുപേരെയെങ്കിലും കാണിച്ചുകൊടുക്കാൻ അബ്രഹാം കഷ്ടപ്പെടുന്നു.
ഇന്നത്തെ യുഗത്തിൽ ലോകം എത്രയോ അധഃപതിച്ചിരിക്കുന്നു. അബ്രഹാമിനെപ്പോലെ എഴുത്തുകാരൻ അനുഭവിക്കുന്ന വ്യഥയിൽ, സ്വന്തക്കാരെപോലും, താനെന്ന നന്മമരത്തിന്റെ ചുവട്ടിൽ നിർത്താൻ അസാധ്യമെന്നു വ്യക്തമാക്കുന്ന കഥാഖ്യാനം മികവാർന്ന ശൈലി തന്നെ.
4.* പടിഞ്ഞാറോട്ട് ചായുന്ന സൂര്യൻ
കണ്ണ് തുറക്കാനോ സംസാരിക്കാനോ
വയ്യാതെ ഏതു നിമിഷവും വെൻറ്റിലെറ്റർ വിച്ഛേദിക്കപ്പെടാമെങ്കിലും, താനെല്ലാം കേൾക്കുന്നുണ്ട്, കഴിഞ്ഞതെല്ലാം നേരിയ ഓർമ്മയിലുണ്ടെന്ന് വായനക്കാരനെ ഒരു ഫ്‌ളാഷ്ബാക്കിലൂടെ പറഞ്ഞുപോകുമ്പോൾ, അസ്തമിക്കുന്ന സൂര്യന്റെ ശോകഭാവങ്ങൾ ഈറനണിയിച്ചേക്കാം.
5. "വീണുറങ്ങുന്ന വെയിൽ നാളങ്ങൾ"
രാത്രിയും പകലും ജോലിത്തിരക്കിന്റെ തടവറയിൽ കഴിയുന്ന ദാസേട്ടന് തന്റെ മോഹങ്ങളെയും അതിൽ വിരിയുന്ന സ്വപ്നങ്ങളെയും കണ്ടെത്തുവാൻ എവിടെ സമയം? കഥയും കവിതയും ആസ്വദിക്കുന്നത് പോയിട്ട് , തന്റെ വികാരങ്ങളുടെ തന്ത്രിയിൽ ഒന്ന് വിരലോടിക്കാൻ പോലും സമയം കണ്ടെത്താറില്ല. പലപ്പോഴും-." എന്ന് പറഞ്ഞുകൊണ്ട് ഏകാന്തതയുടെ സമാധിയിൽ അടക്കിപ്പിടിച്ചു തേങ്ങുന്ന നിർമ്മലയെ വായനക്കാരന് മറക്കാൻ സാധിക്കില്ല
8.
"ആകാശമേ കേൾക്ക" എന്ന കഥയിലൂടെ, ഒരിക്കൽ താനോമനിച്ചു മാറോടു ചേർത്തണച്ച് നെഞ്ചിലെ ചൂട് നൽകി വളർത്തിയ മക്കൾ, ഒരു നോക്ക് കാണാൻപോലും വരാത്തതിലെ ദുഖവും നിരാശയും വ്യഥയും, വായനക്കാരന്റെ കണ്ണുകളെ കണിശമായും ഈറനണിയിക്കും.
സഹിക്കാൻ പറ്റുന്നതിലും ക്രൂരവും നിന്ദ്യവുമായ ഭാര്യയുടെ പെരുമാറ്റത്തിൽ സമനില തെറ്റിയപ്പോൾ, ആദ്യമായും അവസ്സാനമായും അവളുടെ കവിളിൽ ഒന്നടിച്ചതിന്റെ പ്രത്യാഘാതത്തിൽ തകർന്നുപോയ ഒരു ഹതഭാഗ്യന്റെ ജീവിതഗന്ധിയായ കഥ ഹൃദയസ്പര്ശിയാണ്.
"ദൈവത്തിന്റെ പൊതിച്ചോർ" എന്ന കഥ, ഒരു നോവൽ പോലെ വിടർന്നു വന്നപ്പോഴേക്കും, പെട്ടെന്ന് ദുഃഖ പര്യവസാനിയായി കഥയെ മാറ്റി മറിച്ചപ്പോൾ " ദൈവം ദാനമായി തന്ന പൊതിച്ചോർ തുറന്ന് അനുഭവിക്കുന്നതിനു മുമ്പേ വിധി തട്ടിത്തെറിപ്പിച്ചു" എന്ന് ചൊല്ലി മുഴുമിപ്പിച്ചു വായനക്കാരനെ ദുഖിപ്പിക്കണമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല.
"മൗനം മരണത്തെക്കാൾ ഭയാനകം എന്ന് തോന്നിക്കൊണ്ട് , ആരെങ്കിലും ഒന്ന് മിണ്ടിയിരുന്നെങ്കിൽ ""എന്നു കൊതിച്ചു പോകുന്ന അവസാന യാത്രയുടെ വിഹ്വല നിമിഷങ്ങൾ വിവരിക്കുന്ന " സ്വപ്ന ഭൂമിയിൽനിന്നും ഒരു മടക്കയാത്ര" ഒരു പ്രവാസിയുടെ രോദനം പോലെ മനസ്സിൽ പോറലുകൾ കോറിയിടുന്നു .
വിലാസമില്ലാത്ത സ്മാരകശിലകൾ
വയനാട്- ചെറുമല ദുരന്തത്തിന്റെ
സങ്കടങ്ങളുടെ പെരുമഴക്കാലത്തിന് നടുവിൽ ഹതാശയായി നിൽക്കുന്നവരുടെ ചോരയിറ്റുന്ന സ്മരണ തന്നെയാണത്; ചിന്തകൾക്കതീതമായത്, ചിന്തിക്കുന്നവർക്ക് ഒരുപാട് പൊരുളുകളുള്ളതുമാണ്.
ദുരന്തം മാത്രമല്ല, കഥയുടെ പശ്ചാത്തലവും പരിസരവും വ്യക്തമാകുന്ന വിധത്തിൽ എഴുത്തുകാരൻ കഥ നടന്നകാലത്തെയും ദേശത്തെയും കുറിച്ച് വ്യക്തമായ ധാരണ തരുന്നുണ്ട്. കഥ സുതാര്യ മാക്കുന്നുന്നതിനൊപ്പം, പാവപ്പെട്ട മലയാളി ഗ്രാമീണർക്കു ജാതിയും മതവും വർണ്ണവും വേര്തിരിവുകളുമില്ലെന്നു മണ്ണിനടിയിൽ പുണർന്നുകിടക്കുന്ന ഹതഭാഗ്യരായ ക്രിസ്ത്യാനിയും, ഹിന്ദുവും മുസൽമാനും ഒരുമിച്ചു വിളിച്ചോതുന്നത്, മലയാളിയുടെ മാനുഷികതയുടെ മുറവിളിയാണ്.
പ്രായോഗികമായ സാന്ദര്‍ഭിക വിവേകമാണ് രാജുവിന്റെ വാക്കുകള്‍ക്ക് ശക്തി നല്‍കുന്നതെന്ന് നാം അടുത്ത കാലത്തു നടന്ന ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥയിൽ കണ്ടറിയുന്നു.
തന്റെ സര്‍ഗജീവിതത്തിന്റെ ആരംഭദശയില്‍ തൊട്ട്, സമകാലീന വിഷയങ്ങൾ തന്റെ സൃഷ്ടികളിൽ സംവേദിക്കാൻ തീവ്രമായി ആഗ്രഹിക്കുകയും, അത് വലിയൊരളവില്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം.
രാജു ചിറമണ്ണിൽ നിരവധി അവാർഡുകൾ നേടിയ കഥാകൃത്ത് തന്നെ. പുതുതലമുറയ്ക്ക് നിസ്സങ്കോചം ആധുനികം എന്ന് വിളിക്കാവുന്ന ഈ "പ്രവാസികളുടെ സ്വന്തം എഴുത്തുകാരന്റെ" രചനകള്‍, നവമാധ്യമങ്ങള്‍ പ്രതാപത്തോടെ വിലസുന്ന ഇക്കാലത്തും സര്‍വസ്വീകാര്യമായിരിക്കുന്നതിന്റെ കാരണം അതല്ലാതെ മറ്റെന്ത്? കാലത്തിന്റെ മഹത്തായ രാജവീഥിയ്ക്കപ്പുറത്തുള്ള കല്ലടര്‍ന്ന കാല്‍നടപ്പാതയിലൂടെ പലവേഗത്തില്‍ നടക്കുന്ന നൂറുകണക്കിന് ആളുകള്‍ക്കിടയില്‍, ചുറ്റുപാടുകളെ കൂലങ്കഷമായി നിരീക്ഷിച്ചു നടന്നുനീങ്ങുന്ന രാജു എന്ന എഴുത്തുകാരൻ, കണ്ട കാമനകളെ നിറം ചാലിച്ച് തന്റെ സർഗ്ഗപ്രതിഭയുടെ കാന്‍വാസിൽ എങ്ങനെ ഒരു പുതുസൃഷ്ടിയാക്കാമെന്ന മോഹം ഗർഭം ധരിച്ചു മുന്നോട്ട്
ചിന്താധീനനായി പതുക്കെ
ചലിച്ചുകൊണ്ടിരിക്കുന്നു.
രാജു ചിറമണ്ണിൽ പ്രസിദ്ധീകരിക്കുന്ന ഈ കഥാസമാഹാരത്തിനും, പുതിയ സൃഷ്ടികൾക്കും ഏല്ലാ ആശംസകളും നേരുന്നു.
***************************
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്