Image

കുറിയേടത്ത് താത്രി ( നഷ്ട സ്വപ്നങ്ങളിൽ നവ വസന്തം) ചരിത്ര കവിത- ജയൻ വർഗീസ്.

Published on 18 April, 2025
കുറിയേടത്ത് താത്രി ( നഷ്ട സ്വപ്നങ്ങളിൽ നവ വസന്തം)  ചരിത്ര കവിത- ജയൻ വർഗീസ്.

( ഒരു നൂറ്റാണ്ടിനു മുൻപ് ഉത്തര കേരളത്തിൽ ജീവിച്ചിരുന്ന സാവിത്രി ( താത്രി ) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാർത്ത വിചാരം എന്ന സാമുദായിക വിചാരണയ്ക്ക് വിധേയയായിപുറത്താക്കപ്പെട്ട ( ഭ്രഷ്ട്ട് ) ചരിത്ര സംഭവം ഇന്നത്തെ കേരളത്തിലെ മാധ്യമ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭ്യമായിടത്തോളം വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് അവരെപ്പറ്റി ഞാനെഴുതിയകവിത ഇത്തരുണത്തിൽ പ്രസക്തമാവും എന്ന പ്രതീക്ഷയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. )

 

ചാലക്കുടിപ്പുഴ യോരത്തുയർത്തിയോ -

രോലക്കുടിലിൽ വെറും നിലത്ത്

ചാണകം  തേച്ചിട്ടുണങ്ങാതെ മൺ തറ

ചാരു മുഖിയാൾ തളർന്നിരിപ്പൂ.

 

കെട്ടഴിഞ്ഞാകെ  യുലഞ്ഞ നീൾ വാർമുടി  

ചുറ്റിലും വീണും , നിലത്തിഴഞ്ഞും

മുട്ടറ്റമെത്തുന്ന ചേലയിൽ മൂടാത്ത

നഗ്ന കണങ്കാൽ മടക്കി വച്ചും,

 

ചെറ്റക്കുടിലിന്റെ കാട്ടു തൂണിൽ ചാരി

യൊറ്റക്കിരിക്കുമീ കോമളാംഗീ

പൊട്ടി വീണോ മണ്ണിൽ ദേവ ലോകത്ത് നി -

ന്നപ്സ്സര സുന്ദരി എന്ന പോലെ !

 

വാലിട്ടെഴുതിയ കണ്ണുകളിൽ കരി -

ങ്കൂവള പ്പൂവുകൾ വാടി വീണു !

കീറിത്തുടങ്ങിയ മേൽ മുണ്ടഴിഞ്ഞതിൽ      

മാറിടം തുള്ളി തുളുമ്പി നിന്നു !

 

കാണാം കലമ്പട്ട പൂവിലിരിക്കുന്ന

ചേലൊത്ത നീലച്ച  വണ്ട് രണ്ടും,

മാടി വിളിക്കുമ്പോളാരും മലർ ശര -

ബാണങ്ങളേറ്റു പിടഞ്ഞു വീഴും !

 

പൊട്ടിച്ചിരിച്ചു പരിഹാസ നോട്ടത്തി -

ന്നുഗ്രമാം ചാട്ട ചുഴറ്റി ചുറ്റും,

കൊച്ചീ രാജാവിന്റെ സേവകർ കൺകളാൽ

മൊത്തി  രസിപ്പൂ സ്ത്രീ നഗ്നതയെ !

 

ആരിവൾ ? ചന്ദന മേനിയിൽ പൂനിലാ

പ്പാല് ചുരന്ന  നിറപ്പകർപ്പിൽ,

കീറിപ്പറിഞ്ഞ പഴന്തുണി ചുറ്റിയീ -

യേകാകി യായിട്ടിവിടെ വന്നു ?

 

X.              X.              X.              X

 

അച്ഛന്റെ പൂജയ്ക്ക് പൂവിറുക്കാൻ വന്ന

കൊച്ചു കുമാരികയായിരുന്നൂ.

തെച്ചിയും, മുല്ലയും പൂക്കുമ്പോൾ മറ്റൊരു

ചിത്ര ശലഭം പോലായിരുന്നു !

 

ചുറ്റമ്പലത്തിന്റെ മുറ്റത്ത് പൂഴിയിൽ

നൃത്തച്ചുവടുകൾ വച്ചിരുന്നു.

മുട്ടോളമെത്തുന്ന നീൾമുടി തുമ്പിലും .

കൃഷ്ണ തുളസികൾ പൂത്തിരുന്നു !

 

അച്ഛനകത്തു തൻ ഇഷ്ട ദൈവത്തിന്റെ

വിഗ്രഹം പൂജക്കുഴിഞ്ഞിടുമ്പോൾ

പുത്രി തൊടിയിലെ കാവുകളിൽ ചെറു

ചിത്ര ശലഭമായ് പാറി നിന്നു.    

 

ദേവിക്ക് മാല ചാർത്തിക്കുവാൻ പൂവിതൾ

ചേലിൽ നിറഞ്ഞ  ത്രിസന്ധ്യ പോലെ

കണ്ണാന്തളിക്കാട്ടിൽ  പാദ സരത്തിന്റെ

ശിജ്‌ഞിത വീചിയിൽ മുങ്ങി നിൽക്കെ,

 

പെട്ടെന്ന് ഞെട്ടിയവൾ കണ്ടു പിന്നിലായ്

എത്തീ  യജമാനൻ നമ്പൂതിരി.

വെട്ടുന്ന പോത്തിന്റെ രൂപവും, ഭാവവും

രക്തം മണത്ത ഹയാന പോലെ  !

 

ഭക്തി പൂർവം കൈകൾ കൂപ്പിയതോർക്കുന്നു

പെട്ടന്നയാൾ വായ പൊത്തി  ദുഷ്ടൻ.

കട്ടിയിരുമ്പിന്റെ കൈക്കരുത്തിൽ തളിർ

മൊട്ടായി പെൺമേനി വീണമർന്നു.

 

പിന്നെ ശരീര ഭാഗങ്ങളിൽ വേദന

പുണ്ണായി  നീറിപ്പടർന്നിരുന്നു.

എങ്ങോ കിളുന്തു പൂമേനിയിൽ എല്ലുകൾ

മെല്ലെ ഞെരിഞ്ഞ്‌ തകർന്നമർന്നു.

 

അമ്മയറിഞ്ഞു കരഞ്ഞു പോയ്  ഗദ്ഗദം

കണ്ണുനീർ വീണ് നനഞ്ഞിരുന്നു :

“ ഒന്നും പുറത്തു പറയാതെ നോക്കണം ,

പെണ്ണിന്റെ ജന്മങ്ങളിങ്ങനെയാ “

 

“ അച്ഛനറിഞ്ഞാൽ   സഹിക്കില്ല ഇല്ലത്തെ

അന്നം മുടങ്ങും, അപമാനവും. “

മേലിലാ ക്ഷേത്രത്തിൻ  നാലയലത്തേക്കു

പോകണ്ട മോൾ എന്റെ പൊന്നിൻ കുടം “

 

X.             X.             X.                X.  

 

കാലം കടക്കുന്നു കല്പകശ്ശേരിയിൽ

നീളേ വസന്തങ്ങൾ പൂത്തുലഞ്ഞു.

കണ്ണിലും മണ്ണിലും വർണ്ണം കലർത്തുന്ന

പെണ്ണായി താത്രി വളർന്നു വന്നു !

 

ഓല മറക്കുട ചൂടി മറയ്ക്കുവാ-

നാകാത്ത ദേവ നതാംഗി പോലെ,

ഗ്രാമത്തെ മോഹ പുതപ്പണിയിച്ചവൾ

നാടിന്നഭിമാനമായി നിന്നു !

 

ആരും കൊതിക്കുമാ ദേവ കുമാരിയെ

ജീവനിൽ ചേർത്ത് പരിചരിക്കാൻ

ഏറെ യുവാക്കൾ പരിശ്രമി ച്ചെങ്കിലു -

മാരെയും തോൽപ്പിച്ചാ വേളിയെത്തി.  

 

ഏറെ പ്രസിദ്ധം ‘ കുറിയേട ‘ ത്തില്ലത്തെ

കോമളനാമൊരു നമ്പൂതിരി

വേളിയാം ചൂണ്ടയുടക്കിയാ പെണ്ണിന്റെ  

ജീവിതം കയ്യേറ്റു കൊണ്ട് പോയി.

 

ആദ്യത്തെ രാത്രിയിൽ ആ മണി മേടയിൽ

ആയിരം മോഹങ്ങൾ പൂത്ത പോലെ

കാത്തിരുന്നു താത്രി പൊയ്പോയ ജീവിതം

ചേർത്തു പിടിക്കാമെന്നാശയോടെ.

 

കൊച്ചു നമ്പൂതിരി തൻ പ്രിയൻ ഉള്ളിലെ

സ്വപ്നങ്ങളെ തൊട്ട നിർമ്മലൻ താൻ

പൊട്ടിക്കരയേണം, കെട്ടിപ്പുണരേണം ,

സഷ്ടമാ പാദാന്തികങ്ങളെ പുൽകണം.

 

വെട്ടിത്തിളങ്ങുന്ന വെള്ളോട്ടു മൊന്തയിൽ

ശിഷ്ടമാം ജീവിത പാൽ നിറച്ചും,

ചിത്രക്കതകിൻ പുറത്ത്  മെതിയടി

ശബ്ദം കാതോർത്തും വധുവിരുന്നു.

 

ഞെട്ടിത്തെറിച്ചു തിരിഞ്ഞു നോക്കീ അവൾ

പെട്ടെന്ന് വാതിൽ കരഞ്ഞടഞ്ഞു.

നിഷ്ഫലം വ്യാഘ്രം പിടി മുറുക്കീ മുമ്പേ

സ്വപ്‌നങ്ങൾ പൊട്ടിച്ചെറിഞ്ഞ ദുഷ്ടൻ.

 

ജേഷ്ഠനാണത്രെ! “ തനിക്കാണവകാശം

വീട്ടിലെ വേളിയായ് വന്നു ചേർന്നാൽ. “

കേട്ടില്ലയാരും കരച്ചിൽ “ തനിക്കായി

സൂത്രത്തിൽ വേളി കഴിച്ചതത്രെ ! “

 

X.                X.                X.              X

 

പണ്ടേ വെറുത്തതാണീ മൃഗം, ചെന്നായ

തന്നെ കശക്കിയ നാൾ മുതൽക്കേ,  

കൊല്ലുവാൻ മോഹം ഫണം വിരിച്ചെങ്കിലു -

മില്ലത്തെ തൂണുകൾ കാവൽ നിന്നു.

 

“ ഇല്ല ഞാൻ തോൽക്കില്ല “ ലറി യവളൊരു  

പെൺ സിംഹമായി സ്വയം ജനിച്ചു.

തിന്നാൻ തരില്ല ഞാനെന്നെ യൊരു വെറും

കുഞ്ഞാടായ്  നിന്റെ കെണിക്കുടുക്കിൽ.

 

താലി പുരുഷ മേധാവിത്ത ചൂഷണ

വേലി യാചാരം  മുറിക്കുന്നു ഞാൻ.

ഏത് പുരാതന പീഢന തന്ത്രമീ

സ്ത്രീ ശരീരങ്ങൾ വിലയ്ക്ക് വാങ്ങാൻ ?

 

സ്വന്തം ശരീരമെനിക്ക് സ്വന്തം അതിൽ

എന്ത് വേണം എന്ന് ഞാൻ നിനയ്ക്കും .

ആരും തകർക്കുവാൻ പോരേണ്ട മാനവ

ജീവിത സ്വാതന്ത്ര്യ നീതിബോധം

 

ഇല്ലിനി ശാർദ്ദൂല വിക്രീഡ ജീവിതം,

സുല്ല് ! ഞാൻ എന്നെ  തുറന്ന് വയ്ക്കും.

വന്നാസ്വദിക്കട്ടെ ആണുങ്ങൾ പെണ്ണിന്റെ

ഫുല്ല സ്വപ്‌നങ്ങൾ തിരിച്ചറിവോർ “

 

സ്വന്തം ഇല്ലത്തേക്ക് യാത്ര പോകും പോലെ

എന്നുമവൾ വീട് വിട്ടിറങ്ങി.

പ്രാണനെപ്പോലൊരു വിശ്വസ്ത തോഴിയാൾ

സാഹചര്യങ്ങൾ ഒരുക്കി നൽകി.

 

X.               X.              X.            X

 

പെണ്ണൊരുത്തി നല്ല പൊന്നുപോലുള്ളവൾ

വന്നു വിളിക്കുമ്പോ ളെന്തു ചെയ്യും ?

തിന്നു കൊഴുത്ത പുരുഷന്മാർ ചാകര

യുണ്ണുവാൻ ക്യൂ നിന്ന് വന്നു പോയി.

 

തമ്പുരാട്ടിക്കുട്ടി തങ്ങൾക്ക് നൽകാത്ത

തെന്തിന് വല്ലോർക്കും പങ്ക് വച്ചു ?

എന്നൊരസൂയ !  കപട സദാചാര

നമ്പൂരി മാർ രാജ ബന്ധുരന്മാർ

 

ചെന്നുണർത്തിച്ചൂ പരാതി സിംഹാസന

സന്നിധി ധർമ്മക്കൊടിയുയർത്തി.

ഒന്ന് കിടുങ്ങിയെന്നാകിലും തൃക്കൈകൾ

പിന്നെ കുറിമാനം ഒപ്പുവച്ചു.

 

സ്മാർത്ത വിചാരണക്കഞ്ചാം പുരയിലെ

കാവൽത്തടവിൽ അരങ്ങൊരുങ്ങി.

സ്മാർത്ത വിചാരകൻ ‘ മാനവേദൻ പട്ട -

ത്തോണിയോര ‘ ത്തെത്തി ദൂരെ നിന്നു.

 

പേര് വിളിക്കില്ലിനി മേലിൽ  ‘ സാധനം ‘

കാണുവാൻ, മിണ്ടുവാൻ തോഴി മാത്രം.

തൊഴിയോടാദ്യം ഉണർത്തിക്കും ചോദ്യങ്ങൾ

തോഴി പോയ് ഉത്തരം വന്നുണർത്തും.

 

സാധനം  വേറെ പുറത്തു പോയ് ജീവിതം

ആസ്വദിച്ചെന്ന് തെളിഞ്ഞു കുറ്റം.

ജാതിയും, പേരും, കുലവുമറിയണം,

ആരൊക്കെ വന്നു പോയ് എന്ന് വേണം.

 

ശ്വാസമടക്കി വിറച്ച് നിൽപ്പാണ്‌ ഏറെ

സാമൂഹ്യ മാന്യന്മാർ പേര് കേൾപ്പാൻ.

താത്രി, പകയുടെ തീക്കനൽ പൊള്ളലിൽ

ഊർജ്ജം സ്വരൂപിച്ചുയർത്തെണീറ്റു.

 

പത്തു വയസ്സ് കഴിഞ്ഞ കാലം മുതൽ -

ക്കെത്ര പേർ തന്നെ കശക്കിയതോർത്തവൾ.

പൊട്ടിക്കരഞ്ഞു പറഞ്ഞൂ പകൽ മാന്യ

വ്യക്തികൾ ആകെ അറുപത്തിയാറു പേർ

 

പേരുകൾ കേട്ട മഹാ മാന്യ ധാർമ്മികർ

നാണം കുനിഞ്ഞ  മുഖവുമായ് വിട്ടു  പോയ്.

ഒന്നൊരു പേര് പറയാൻ മടിച്ചവൾ

തന്നെയണിയിച്ച മോതിരം പോരെയോ ?

 

മോതിരമുദ്ര തിരിച്ചറിഞ്ഞാ സ്മാർത്ത

കാര്യ വിചാരകൻ കൽപ്പിച്ചു : “  നിർത്തുക “

ഭ്രഷ്ടയായ് ! “ സാധനം മേലിൽ രാജാവിന്റെ

സ്വത്ത് -  ചാവ് നിലങ്ങളിൽ പാർക്കണം “

 

ചാലക്കുടിപ്പുഴ തീരത്തുയർത്തിയീ

യോലക്കുടിൽ അതിൽ തള്ളിയ പെണ്ണിവൾ

ലോകം ഭരിക്കും പരുഷാധിപത്യത്തെ  

നേരിട്ട പെൺ പുലി താത്രി യന്തർജ്ജനം !

 

X.              X.              X.             X.  

 

പൊട്ടി വിരിഞ്ഞൂ പ്രഭാതം കിഴക്കിന്റെ

മൊട്ടിട്ട പ്രേമ നികുഞ്ജ നിരകളിൽ

എത്തീ ഒരു സത്യ ക്രിസ്ത്യാനി യേശുവിൻ

തത്വം പഠിച്ചതാൽ  നട്ടെൽ മുളച്ചവൻ.

 

‘ സ്നേഹം മുഴങ്ങുന്ന ചെമ്പല്ല നീറുന്ന

വേദനക്കേകുന്ന സാന്ത്വന മാവണം ‘.

എന്നറിയുന്ന മനുഷ്യൻ ലോകത്തിന്റെ

മുള്ളിന്റെ വേലി പൊളിച്ചടുക്കുന്നയാൾ !

 

മാനവ നീതി ബോധത്തിന്റെ വാൾത്തല

ഛേദിച്ച പെണ്ണിനെ ചേർത്തു പിടിച്ചയാൾ.

‘ സാധന ‘ മല്ലിവൾ ‘ താത്രി ‘ തൻ ജീവിത

താളം  രചിക്കാൻ വിവാഹം കഴിച്ചയാൾ.

 

പെണ്ണിനും, മണ്ണിനും സംരക്ഷണത്തിന്റെ

തന്ത്രികൾ മീട്ടി യുണർത്തിയാൽ ജീവിതം  

സംഗീത സാന്ദ്രമായ് തീരുമെന്നാദ്യമായ്

നമ്മൾക്ക് വേണ്ടി ചരിത്രം രചിച്ചവർ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക