വസന്താഗമനം വിളിച്ചറിയിച്ച്‌കൊണ്ട് പ്രക്രുതി താരും തളിരുമണിയുകയായി. ആ സന്തോഷത്തില്‍ പങ്ക്‌ചേരാനായി ഒപ്പം കിളികളുടെ കളകൂജനം. പ്രക്രുതിയുടെ ഈ നവചൈതന്യം യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രഘോഷിക്കുകയാണെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നു. ഇല പൊഴിഞ്ഞ് നിന്ന വൃക്ഷങ്ങള്‍, തണുപ്പില്‍ കരിഞ്ഞ്‌പോയ പുല്‍ചെടികള്‍ എല്ലാം വീണ്ടും പുതുജീവന്‍ കൈകൊണ്ട് നമ്മേ ആഹ്ലാദഭരിതരാക്കുന്നു.
മൊട്ടിട്ട് നില്‍ക്കുന്ന ഓരോ പൂവ്വും നാളത്തെ പ്രഭാതത്തില്‍ പൊട്ടിവിരിയാന്‍ വെമ്പിനില്‍ക്കയാണു്. സൂര്യോദയം ഉണ്ടെന്ന അവരുടെവിശ്വാസത്തിനിളക്കമില്ല. പ്രതിവര്‍ഷം പ്രക്രുതിയുടെ ഈ പ്രക്രിയകള്‍ കാണുന്ന മനുഷ്യനും അവന്റെ വിശ്വാസങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നു. കുബേര-കുചേല വ്യത്യാസമില്ലാതെ, പണ്ഡിത-പാമര വിവേചനമില്ലാതെ ഏവരും
ക്രുസ്തുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിച്ചു വരുന്നു. ഒരു കലാകാരന്‍ സ്വാനുഭവം രേഖപ്പെടുത്തിയത് വായിക്കാനിടയായത് ഇവിടെ പങ്കു വെയ്ക്കട്ടെ,
തെരുവില്‍കൂടി നടന്നുപോകുമ്പോള്‍ അയാള്‍ ഒരു കടയുടെ മുമ്പില്‍ സ്ഫടികാലമാരക്കുള്ളിലായി ക്രൂശിതനായ ക്രുസ്തുവിന്റെ ഒരു മനോഹര ചിത്രം കണ്ടു.
അല്‍പ്പസമയം അയാള്‍ അവിടെ നിന്ന് ആ ചിത്രത്തിന്റെ കലാഭംഗി ആസ്വദിക്കുമ്പോള്‍ ഒരു തെരുവ് ബാലനും അവിടെ നിന്നിരുന്നു. അയാള്‍ കൗതുകപൂര്‍വ്വം ആ ബാലനോട്
ചോദിച്ചു. ' ഈ ചിത്രം എന്താണെന്ന് നിനക്കറിയാമോ?'' ബാലന്‍ ആശ്ചര്യപൂര്‍വ്വംഅയാളോട് മറുചോദ്യം ചോദിച്ചു. 'അയ്യോ, താങ്കള്‍ക്കറിയില്ലേ, കുരിശില്‍ മുറിവേറ്റ് രക്തം
വാര്‍ന്നൊഴുകി കിടക്കുന്നത യേശുവാണു്. ചുറ്റും നില്‍ക്കുന്നത് റോമാ പടയാളികളും. ദൂരെ മാറി നിന്ന് കരയുന്നത് യേശുവിന്റെ അമ്മയാണു്.'
ആ ബാലന്റെ സംസാരത്തിലെ നിഷ്‌ക്കളങ്കതയേയും വിശ്വാസത്തേയും കുറിച്ച് ആലോചിച്ച്‌കൊണ്ട് അയാള്‍ നടന്നു നീങ്ങി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആ ബാലന്‍ വളരെ ആവേശപൂര്‍വ്വം അയാളുടെ പിന്നലെ എത്തി കിതച്ച്‌കൊണ്ട് പറഞ്ഞു. 'ഞാന്‍ ഒരു കാര്യം താങ്കളോട് പറയാന്‍ മറന്നു പോയി. അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റു.''
കലാകാരന്‍ ആ വിവരം മുമ്പറിഞ്ഞിരുന്നോ, ഇല്ലയോ എന്ന് ഇവിടെ അന്വേഷിക്കേണ്ടകാര്യമില്ല. എന്നാല്‍ ആ വിവരം ലോകം മുഴുവന്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു.
അതാണു ഈസ്റ്റര്‍ എന്ന വിശേഷ ദിനത്തിന്റെ സന്ദേശം. 'അവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു,'' അവനിലൂടെ മനുഷ്യരാശി മുക്തി നേടുന്നു. അവനില്‍വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുണ്ട്.
ശൂന്യമായ കല്ലറ യേശുക്രുിസ്തുവിന്റെ പുനരുത്ഥാനത്തിന്റെപ്രത്യക്ഷതെളിവാണു്.കല്ലറയിലടക്കപ്പെട്ട യേശുവിനെ കാണാനെത്തിയ ശിഷ്യസ്ര്തീകള്‍ ആണു് ഒഴിഞ്ഞ കല്ലറ ആദ്യം കാണുന്നത്. അവരുടെ സാക്ഷ്യം കേട്ട് എത്തിയ ക്രുസ്തുശിഷ്യന്മാരും ശൂന്യമായ കല്ലറയ്ക്കു സാക്ഷികളായി. തന്റെ മരണത്തെക്കുറിച്ചും മൂന്നാംദിവസമുള്ള പുനരുത്ഥാനത്തെക്കുറിച്ചും യേശു മുന്‍ കൂട്ടി അറിയിച്ചിരുന്നത് അപ്പോള്‍ അവരുടെ സ്മരണയിലെത്തി. ഇപ്പോള്‍ ഈ കാലത്ത് ജീവിക്കുന്ന നമുക്ക്
ചുറ്റും പ്രക്രുതി വീണ്ടും നവയൗവ്വനയുക്തയാകുമ്പോള്‍ നമ്മിലും പ്രത്യാശയുടെ കിരണങ്ങള്‍ ഉണരേണ്ടതാണു്. ജീവിതയാത്രയില്‍ നമുക്ക് പ്രയാസങ്ങളും,
പ്രതിബന്ധങ്ങളുമുണ്ടാകുന്നുവെങ്കിലും അവ പരിഹരിക്കപ്പെടുന്നു, നമുക്കായി പുതിയ ദിവസം ഉദയം ചെയ്യുന്നു. കര്‍ത്താവ് അരുളിചെയ്തപോലെ ഒരു പുതിയ ആകാശവും
പുതിയ ഭൂമിയും ഉണ്ടാകും. അത്‌വരേയും നമ്മള്‍ കാത്ത് സൂക്ഷിക്കേണ്ടത് വിശ്വാസമാണ്.
ക്രുസ്തു മരണത്തിന്മേല്‍ വിജയം വരിച്ചു. മരണത്തില്‍ നിന്നും ജീവനിലേക്കുംഅസത്യത്തില്‍ നിന്നും സത്യത്തിലേക്കും അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കും
ഞങ്ങളെ നയിക്കേണമേ എന്ന് ഭാരതീയ ദാര്‍ശനികര്‍ ഉയര്‍ത്തിയിട്ടുള്ള പ്രാര്‍ത്ഥനയെ യേശുവിന്റെ പുനരുത്ഥാനം സാര്‍ഥമാക്കുന്നു.
എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഈസ്റ്റര്‍ നേരുന്നു.
-----------------------------------