പ്രതിച്ഛായയെ
കൂട്ടിൽ വിസ്തരിച്ചതിനുശേഷം
കണ്ണാടിയുടെ നേർക്ക് നീ
ആദ്യത്തെ കല്ലെറിഞ്ഞു.
2
കല്ലെറിഞ്ഞോളൂ
ഒന്നല്ല പത്തല്ല നൂറല്ല
പതിനായിരമെറിഞ്ഞോളൂ
ഒരു കല്ലറ പണിയാനുള്ള
കല്ലിന് ഇവിടെ ക്ഷാമം വരരുതല്ലോ!
3
പാറക്കല്ല് നദിക്കൊരു
തടസ്സമേയല്ല
നദി പാറക്കല്ലിനെ
തഴുകിയൊഴുകും
നദിയുടെ നോട്ടത്തിൽ
പാറയും ഒരു വെള്ളക്കട്ടയാകാം
തുടക്കത്തിന്
ഒരു ഒടുക്കമുണ്ട്
ആകയാൽ ഒഴുക്കിൽ നമ്മളൊട്ടും
തിടുക്കപ്പെടേണ്ട.
4
കൊത്തങ്കല്ല് കളിച്ച്
ബാല്യം പോയി
വെട്ടുകല്ല് ചുമന്ന്
യൗവ്വനവും പോയി
വാർദ്ധക്യത്തിൽ ഹൃദയം
ഉറച്ച കല്ലായി കാത്തിരുന്നു
ഒരു നല്ല ശില്പിയെ!
ശിരോരഹിതമായ ശൂന്യത
തിരുവെഴുത്തുകൾ
കൊത്തിവെക്കാനുള്ള
നല്ല അടയാളക്കല്ലത്രെ!
5
കല്ല് കൊണ്ട്
മുൻവശത്തെ ചുവര് കെട്ടി പൊക്കിയപ്പോൾ
മറവിയുള്ള പണിക്കാരൻ
അതിലൊരു വാതിൽ
വെക്കാൻ വിട്ടു പോയി
ഇപ്പോൾ നീയും ഞാനും
പണി തീരാത്ത വീട്ടിലെ
ആ ചുവരിനു അപ്പുറവും ഇപ്പുറവും
ഇരുന്ന് പ്രണയത്തിന്റെ
ഹൃദയമിടിപ്പുകൾക്ക്
കാതോർക്കുകയാകാം.
6
കല്ല് നേടുന്നില്ല
കല്ല് രുചിക്കുന്നുമില്ല
കല്ലോടു കല്ല്
ചേർത്തു വെക്കുമ്പോഴാണ്
ഭൂമിയിൽ ചുവരുകളും
മതിലുകളും ഉയരുക
എങ്കിലും കല്ലതൊന്നുമറിയുന്നില്ല
കല്ലതൊന്നും കാണുന്നുമില്ല.
ശ്രദ്ധയുടെ വിശുദ്ധഭാരം
വഹിപ്പാൻ ആകാശത്തിന്റെ കൽപ്പന!
മണലാരണ്യത്തിലേക്ക് ഒറ്റയ്ക്ക്
സഞ്ചരിക്കുന്ന ഒരു യുവാവിനെ
ചൂണ്ടിക്കാണിച്ചിട്ട് കല്ലിന്റെ
മൈൽക്കുറ്റി പറഞ്ഞു;
ഇവനത്രെ അതിനു പ്രാപ്തൻ!
7
രണ്ട് കരിങ്കല്ലുകൾ
തമ്മിൽ ഉരസിയപ്പോൾ
ഒരു തീപ്പൊരിയുണ്ടായി
തോണിയിൽ സഞ്ചരിച്ചിരുന്ന
രണ്ട് ഹൃദയങ്ങൾ
തമ്മിൽ ഉരസിയപ്പോൾ
പുഴയ്ക്ക് തീ പിടിച്ചു
പരൽമീനുകൾ
സ്വർണ്ണക്കണ്ണുകൾക്കായി
താരാപഥത്തിലേക്കുയർന്നു.
8
ശിലകളുടെ ക്ഷാമം മൂലമല്ല
ശിലായുഗം അവസാനിക്കുന്നത്
ഒരു കരിങ്കൽ പ്രതിമയിൽ
നീ വെറും ശില കാണുമ്പോൾ
ഞാൻ കാണും ചൈതന്യത്തിന്റെ
അനന്തമായ സഞ്ചാരപഥങ്ങൾ
പ്രകാശത്തിന്റെ അപാരസാഗരങ്ങൾ!