ആദ്യമായി ഒരു കാര്യം പ്രശംസിക്കേണ്ടത് തന്നെ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയെപോലെ പ്രണയവും രതിയും വിഷയങ്ങളാകുന്ന കഥകൾ ധൈര്യത്തോടെ അവതരിപ്പിക്കാനുള്ള കരുത്തു എഴുത്തുകാരി കാണിച്ചിട്ടുണ്ട്. ഇതിവൃത്തത്തിന്റെ പുതുമകൊണ്ട് ശ്രീമതി ജയശ്രീ ഈ കഥയെഴുതിയിരിക്കുന്നത് അനുപമവും നൂതനവുമായ ഒരു ശൈലി ഉപയോഗിച്ചാണ്. സദാചാരപരമായി സംശയാർത്ഥമുള്ള (moral ambuguity) ഒരു വിഷയമാണ് കഥയിൽ . സമൂഹം അത് അംഗീകരിക്കുമോ അവരുടെ കാഴ്ചപ്പാടിൽ അത് ശരിയാണോ എന്ന .ചോദ്യങ്ങൾ ഉയരുന്നത് കഥാകൃത്ത് വളരെ വിദഗ്ദ്ധമായി പരിഹരിക്കുന്നു. കഥയുടെ ഘടനയിൽ എഴുത്തുകാരി സൂക്ഷിച്ച കയ്യടക്കം ശ്രദ്ധിച്ചു വായിക്കുന്നവർക്ക് മനസ്സിലാകും.
ഇണചേരാനുള്ള അഭിനിവേശം ശരീരത്തിൽ ഹോർമോൺ പ്രവർത്തിക്കുന്നതോടെ ആരംഭിക്കുന്നു എന്നാൽ അതിനെ യഥേഷ്ടം മേയാൻ വിടാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമില്ല. സമൂഹത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് ആ അനുഭൂതി ആസ്വദിക്കാൻ കണ്ടുപിടിക്കുന്ന പങ്കാളി കഴിവില്ലാത്തവനാണെങ്കിൽ അതിൽ നിന്നും കുതറിമാറുക എളുപ്പമല്ല. വിവാഹേതര ബന്ധങ്ങൾ വളരെ മോശമായി കാണുന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോൾ അതിനു ഒരു പരിഹാരമെന്നോണം ഹോട്ട് ആൻഡ് സ്വീറ്റ് ഹബ് എന്ന ഒരു സ്ഥാപനത്തെപ്പറ്റി ചിന്തിക്കുന്നു കഥാനായിക . ഇന്ന് നാട്ടിൽ പീഡനം വ്യാപമാകുന്നതിനു കാരണം പ്രഷർ കുക്കർ പോലെ മനുഷ്യർ കൊണ്ടുനടക്കുന്ന വികാരം പൊട്ടിത്തെറിക്കുന്നതുകൊണ്ടാണ്. പരസ്പരം സമ്മതത്തോടെയുള്ള രതി നല്ല കാര്യമാണെന്ന് കഥയിലെ നായിക സമർത്ഥിക്കുന്നു. സദാചാരഗുണ്ടകൾ പതിവുപോലെ കുരയ്ക്കുന്നത്; അവസാനം അവർ വാല് മടക്കി പുറം വാതിലിൽ വന്നു മുരളുന്നതും രസകരമായി എന്നാൽ കൂടുതൽ വിവരിക്കാതെ കൊടുത്തിട്ടുണ്ട്. അതാണ് വായനക്കാരനെ ശരിയ്ക്കും രസിപ്പിക്കുന്നത്. ഇപ്പോൾ നമ്മൾക്ക് മാട്രിമോണിയൽ സേവനമുണ്ടല്ലോ. അപ്പോൾ പിന്നെ രതിസേവക്ക് ഒരു നിർഗമനമാർഗ്ഗം അനിവാര്യം തന്നെ എന്ന് സുധീരം ചിന്തിക്കുന്ന കഥാനായിക ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്.
കഥാകൃത്തു ഇങ്ങനെ വിവരിക്കുന്നു
" ഏറ്റവും വേണ്ടപെട്ടത് വിലകൊടുതതോ കൊടുക്കാതെയോ നേടാൻ സ്വാതന്ത്ര്യമില്ല. അന്നം മുട്ടുമ്പോഴും ചോദനകൾ അവസാനിക്കുന്നില്ല. അവ സാമൂഹ്യവിപത്തുകളായി മാറുന്നു" കാര്യകാരണങ്ങൾ വളരെ വ്യക്തമായി വിശദമായി എഴുതിയതുകൊണ്ടാണ് ഈ കഥയെ പ്രബന്ധ-കഥ എന്ന വിഭാഗത്തിൽ ഞാൻ പെടുത്തുന്നത് എന്റെ മാത്രം അഭിപ്രായം. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വീട്ടിൽ തന്നെ വരണമെന്നില്ല പുറമെ ആഹാരം ലഭിക്കുന്ന ഭക്ഷണശാലകൾ ഉണ്ടല്ലോ. എന്നാൽ ലൈംഗീക ആവശ്യത്തിന് അത്തരം ക്രമീകരണങ്ങൾ സ്വീകാര്യമല്ലെന്നു സമൂഹം നിഷ്കർഷിക്കുന്നു. ഭാവിയിൽ ഈ കഥയുടെ സാക്ഷാത്കാരം ചിന്തിക്കാവുന്നതാണ്. കപടമുഖങ്ങളുടെ എതിർപ്പുകൾ ജലരേഖ പോലെ ആയുസ്സില്ലാതെ പോകുന്നു. ഈ കഥയിലെ രാജേശ്വരിയും ആലീസ് പുനനും അതിന്റെ ഉദാഹരണങ്ങളാണ്. സമൂഹവ്യവസ്ഥിതിയെ മാറ്റി മറയ്ക്കാൻ എഴുത്തുകാർക്ക് കഴിയും. പുതിയ തലമുറയെങ്കിലും ഹോട്ട് ആൻഡ് സ്വീറ്റ് ഹബുകൾക്ക് സ്വാഗതം നൽകും. ഒരു കാര്യം ഓർക്കാവുന്നതാണ് മനുഷ്യന്റെ മറ്റു കാര്യങ്ങൾക്ക് പുറമെ നിന്നും കിട്ടുന്ന സേവനങ്ങൾ പോലെ എളുപ്പമായിരിക്കയില്ല ഇത്തരം ഹബ്ബുകളുടെ സേവനം. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യാൻ സാഹസം കാണിച്ച ശ്രീമതി ജയശ്രീ പള്ളിക്കൽ ടീച്ചറിനെ അഭിനന്ദിക്കാം. വായനക്കാരന്റെ മനസ്സിൽ സംശയം ഉണ്ടാകുമ്പോഴേക്കും വിവരണവുമായി കഥ മുന്നോട്ട് പോകുന്നു. വളരെ ശക്തമായ അവതരണശൈലി. ടീച്ചർക്ക് നന്മകൾ നേരുന്നു.
ശുഭം