Image

അവാർഡ് വരുന്നു , സൂക്ഷിക്കുക!...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 20 April, 2025
അവാർഡ് വരുന്നു , സൂക്ഷിക്കുക!...(നർമ്മകഥ:  നൈന മണ്ണഞ്ചേരി)

 ‘’അല്ല,നിങ്ങളുടെ അവാർഡ് ഇതു വരെ കിട്ടിയില്ലേ?’’
പ്രിയതമയുടെ ചോദ്യം കേട്ടപ്പോൾ മറക്കാൻ ശ്രമിച്ചിരുന്ന ആ ദുരന്തകഥ ഓർമ്മയിൽ തെളീഞ്ഞു വന്നു.ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു  സംഘടനയുടെ അഖിലേന്ത്യാ സാഹിത്യ മൽസരത്തിലേയ്ക്ക് ഈ ഹതഭാഗ്യനും ഒരു കഥ അയച്ചിരുന്നു.അധികം താമസിയാതെ അറിയിപ്പ് വനു.’’ഞങ്ങൾ സംഘടിപ്പിച്ച സാഹിത്യ മൽസരത്തിൽ നർമ്മ വിഭാഗത്തിൽ താങ്കളുടെ സൃഷ്ടി ഒന്നാം സ്ഥാനം നേടിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.’’

ബാംഗ്ളൂരിൽ ജോലി ചെയ്യുന്ന ഒരു പ്രമുഖ നിരൂപകൻ അദ്ധ്യക്ഷനായ സമിതിയാണ്  അവാർഡ് നിർണയിച്ചതെന്നും പല നർമ്മ സൃഷ്ടികളിൽ നിന്നും നിങ്ങളുടെ സൃഷ്ടി മാത്രമാണ് ആകെക്കൂടി സമ്മാനത്തിന് തിരഞ്ഞെടുത്തതെന്നും ബാംഗ്ളൂരിൽ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്നൊക്കെ അറിയിച്ചത് വായിച്ച് ഈ സൃഷ്ടികർത്താവ് രോമാഞ്ചപുളകിതനായി.ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണമെന്ന മട്ടിൽ വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിച്ചു.

ചെറുകഥയ്ക്ക് ഒന്നാം സമ്മാനം കിട്ടിയ  സുഹൃത്തുമായി ബന്ധപ്പെട്ട് സമ്മാനം വാങ്ങാൻ ഒന്നിച്ചു തന്നെ ബാംഗ്ളൂരിൽ പോകാൻ പ്ളാനിട്ടു.ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ എന്നാൽ ഞങ്ങളും വരുന്നെന്നായി അവൾ.ഏതായാലും കുടുംബ സമേതം പോകുന്നതല്ലേ ടിക്കറ്റോ വണ്ടിക്കൂലിയോ അയച്ചു തരുന്നെങ്കിൽ തരട്ടെ എന്ന് വിചാരിച്ച് സംഘടന സെക്രട്ടറിയ്ക്ക് കത്തെഴുതി.ബാംഗ്ളൂരിലുള്ള സുഹൃത്തിനും എഴുതി,ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ടെന്നും,വേണ്ട സൗകര്യം ചെയ്തു തരണമെന്നും..

എന്നാൽ സെക്രട്ടറിയുടെ കത്ത് കാത്തിരുന്നത് മാത്രം മിച്ചം.മറുപടിയൊന്നും കിട്ടാതെ സ്വന്തം ചിലവിൽ പോകാമെന്ന് വെച്ചാൽ അവിടെ ചെല്ലുമ്പോൾ വണ്ടിക്കൂലി കിട്ടിയില്ലെങ്കിലും അവാർഡ് കിട്ടുമോയെന്ന് ഒരു ഉറപ്പുമില്ല.

കാലം അങ്ങനെയാണല്ലോ? അവാർഡുകളുടെ പേരിലും വ്യാജൻമാർ വിലസുന്ന കാലം.അവാർഡ് വിദ്വാൻമാർ ആളുകളുടെ പുറകെ ഓടി നടന്ന് അവാർഡ് പ്രഖ്യാപിച്ചു കളയുന്ന കാലം.ഏതായാലും ഒന്നു കൂടി ശ്രമിച്ചു നോക്കാമെന്ന് വെച്ച് തന്നിരുന്ന ഫോൺ നമ്പർ പല വട്ടം വിളിച്ചപ്പോൾ ഒരു വട്ടം ആരെയോ കിട്ടി.ഇങ്ങോട്ട് വരണമെന്നില്ലെന്നും സമ്മാനം അങ്ങോട്ട് അയച്ചു തരാമെന്നും ഉറപ്പു കിട്ടി.ബാംഗ്ളൂരിൽ പോയില്ലെങ്കിലെന്താ അവാർഡ് വീട്ടിൽ വരുമല്ലോ? സംശയമെല്ലാം വെറുതെയായി,ഇവർ തട്ടിപ്പുകാരൊന്നുമല്ല.

ഇന്നു വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പ് ഒരു വർഷത്തോളം നീണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.സുഹൃത്തിനെ വിളിച്ചു നോക്കി,എനിക്ക് മാത്രമായിട്ട് കിട്ടാത്തതാണോയെന്ന് അറിയണമല്ലോ..ഞങ്ങൾക്ക് മാത്രമല്ല,പല വിഭാഗങ്ങളിലായി സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആർക്കും ഇതു വരെ ഒരു പ്രശസ്തി പത്രം പോലും കിട്ടിയിട്ടില്ല.പല വട്ടം ബാംഗ്ളൂരിലേക്ക് കത്തെഴുതി,മറുപടിയില്ല.വിളിച്ചു നോക്കി,കിട്ടുന്നില്ല..

ഇതിനിടയിൽ ബാംഗ്ളൂരിൽ നിന്നും സുഹൃത്തിന്റെ അന്വേഷണം ’’എല്ലാ സൗകര്യങ്ങളുമൊരുക്കി കാത്തിരുന്നു.എന്തേ വരാതിരുന്നത്.?’’  വീട്ടിലാകട്ടെ ഇതു വരെ അവാർഡ് കിട്ടിയില്ലേ എന്ന ഭാര്യയുടെ ഇടയ്ക്കിടെയുള്ള അന്വേഷണവും..

‘’ഞങ്ങളെ ബാംഗ്ളൂർ കൊണ്ടു പോകാം,അവാർഡ് വാങ്ങുന്നത് കാണിച്ചു തരാം എന്നൊക്കെ പറഞ്ഞിട്ടെന്തായി.അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ആരാ അവാർഡ് താരാൻ,അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാമോ..’’ 
          
എന്നൊക്കെയാണ് ഭാര്യയുടെ ചോദ്യങ്ങൾ.പണ്ട് പൂച്ചയുടെ കയ്യിൽ പെട്ട ഒരു എലി പറഞ്ഞതു പോലെ ’’പൂച്ച തിന്നുന്നത് പിന്നെയും സഹിക്കാം,അതിനു മുമ്പുള്ള തടകലാണ് തീരെ സഹിക്കാൻ പറ്റാത്തത്..’’ എന്ന മട്ടിലാണ് കാര്യങ്ങൾ..അവാർഡ് കിട്ടാത്തത് പിന്നെയും സഹിക്കാം,അത് ചോദിച്ചു കൊണ്ടുള്ള ആൾക്കാരുടെ പരിഹാസമാണ് തീരെ സഹിക്കാൻ പറ്റാത്തത്.സമ്മാനം കിട്ടിയോ കിട്ടിയോ എന്ന് എല്ലാവരും അന്വേഷിച്ച് കൊണ്ടിരിക്കുമ്പോൾ സമ്മാനം പ്രഖ്യാപിച്ചവരെ കണ്ടവരുണ്ടോ എന്നാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
                     
ഏതായാലും പിന്നെ അവാർഡുകാരെപ്പറ്റി ഒന്നും കേൾക്കാനില്ല.കണ്ടവരാരെങ്കിലുമുള്ളതായി ഒരറിവുമില്ല.കടലാസിൽ തുടങ്ങി കടലാസിൽ തന്നെ അവസാനിച്ചിരിക്കാം.അതോ ഞങ്ങൾക്ക് അവാർഡ് പ്രഖ്യാപിക്കാൻ വേണ്ടി മാത്രം അവതരിച്ച് പിന്നെ അപ്രത്യക്ഷമായ വല്ല  നവയുഗ അവതാരവുമാണോ ഈ സംഘടനയെന്നും അറിയില്ല.

ഞങ്ങൾ കുറെ നിയുക്ത അവാർഡ് ജേതാക്കൾ ഇപ്പോഴും ബാംഗ്ളൂരിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ്.ഒപ്പം പ്രിയപ്പെട്ട സാഹിത്യ സുഹൃത്തുക്കൾക്ക് നിയമ പ്രകാമുള്ള ഒരു മുന്നറിയിപ്പും.

അവാർഡുകളുടെ ഉരുൾ പൊട്ടലിനിടയിൽ ഇങ്ങനെ അവാർഡുകൾ പല വഴിക്കും വന്നെന്നിരിക്കും..കരുതിയിരിക്കുക,ചിലപ്പോൾ നിങ്ങൾക്കും ഒരവാർഡ് കിട്ടിയേക്കാം!

..............................................................................................................................................
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക