Image

സംഘമിത്രാ കാണ്ഡം ( നോവൽ അവസാനഭാഗം : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

Published on 21 April, 2025
സംഘമിത്രാ കാണ്ഡം ( നോവൽ അവസാനഭാഗം : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

ദിവസങ്ങൾ കടന്നു പോയി .
ജനനി ചില നാൾ  ഭക്ഷണം കഴിക്കും .. ചിലപ്പോൾ  വിശപ്പില്ല എന്നു പറയും . ഇടയ്ക്കിടെ അലമാര തുറന്നു ചിതാഭസ്മം അടങ്ങിയ കലശം കൈയിൽ എടുക്കും . ദീർഘനിശ്വാസത്തോടെ അത് തിരികെ വെക്കും .

സംപ്രീതി മിക്കവാറും  ദിവസങ്ങളിൽ വരും . സെപ്റ്റംബർ അഞ്ചാം തീയതിക്കിനി ആറ് ആഴ്ചകളേ ഉള്ളു .
സംഗീത പരിപാടിക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യണം .
അന്നു തന്നെ സിത്താരയുടെ അനുസ്മരണച്ചടങ്ങു കൂടി നടത്താമെന്ന് എല്ലാവരും ആവശ്യപ്പെട്ടതു പ്രകാരം ജനനിയും  സമ്മതിച്ചു . സെപ്റ്റംബർ അഞ്ചിന് ശേഷം അവളുടെ ചിതാഭസ്മവുമായി ജനനി പോകാനും തീരുമാനിച്ചു .
ഇതെല്ലാം കഴിയുന്നത് വരെ സംഘമിത്ര സ്കൂളിൽ തന്നെ താമസിക്കാമെന്നു മനസ്സിൽ ഉറപ്പിച്ചു .

അഭിനന്ദന് പഴയതു പോലെ മിത്രയുടെ അടുത്ത് ഇടപെടാൻ സാധിക്കാത്തതിൽ  കുറച്ചു വിഷമമുണ്ട്. അതയാൾ അവളോട് സൂചിപ്പിച്ചു . എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യം അയാൾക്ക് മനസ്സിലാകും .  ജോലി തിരക്കിലും അവളെ ഫോണിൽ വിളിക്കാനും വിവരങ്ങൾ ആരായാനും അയാൾ സമയം കണ്ടെത്തി .

ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും അഭിനന്ദൻ സ്കൂളിൽ വരും . ചിലദിവസങ്ങളിൽ അമ്മയും കൂടെ ഉണ്ടാകും . ജനനിക്കുള്ള ഭക്ഷണം അവർ കൊണ്ടുവരും .
അമ്മ നിർബന്ധിച്ചു ജനനിയെ അത് കഴിപ്പിക്കും .

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു .
സിത്താരയുടെ കേസിന്റെ കാര്യം എങ്ങും എത്തിയില്ല .
പോലീസ് അടുത്തുള്ള പല കടകളിലും ചെന്ന് എലിവിഷം സ്കൂളിൽനിന്നും ആരെങ്കിലും വാങ്ങിയോ എന്ന് അന്വേഷിച്ചു .
പക്ഷെ അതിനൊന്നും ഒരുത്തരവും കിട്ടിയില്ല .
ടീച്ചേർസ് ഡേയ്‌ക്കായി , സാധിക്കുന്ന കുട്ടികൾ പാട്ടും  ഡാൻസും ചെറിയതോതിൽ പരിശീലിച്ചു . 
പക്ഷെ സുമേദ് മാത്രം ഒന്നിലും പങ്കെടുത്തില്ല . എപ്പോഴും വിദൂരതയിലേക്ക് നോക്കിയിരിക്കും . ചേച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ട് രാത്രിയിൽ ഉറങ്ങും . ഉറക്കത്തിൽ അവ്യക്തമായി എന്തൊക്കെയോ ശബ്ദം ഉണ്ടാക്കും .

സിത്താരയുടെ മരണമറിഞ്ഞ് പ്രതീപ്‌ചന്ദ്രൻ വന്നിരുന്നു . ഇടയ്ക്കു രണ്ടു പ്രാവശ്യം ഫോണും വിളിച്ചിരുന്നു . സെപ്റ്റംബർ 5 ന്റെ പരിപാടിയെക്കുറിച്ചു സംസാരിക്കാനും സുമേദിനെ കാണാനും  അദ്ദേഹം വീണ്ടുമെത്തി .

വളരെ പ്രാവശ്യം ചോദിച്ചിട്ടും സുമേദ് സൈലോഫോൺ  തൊട്ടില്ല . അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് വ്യസനത്തോടെ നോക്കിയിരുന്നു .

" എല്ലാത്തിനും സമയമെടുക്കും .. നമുക്ക് കാത്തിരിക്കാം എന്നു പറഞ്ഞദ്ദേഹം യാത്രയായി .

പരിപാടിക്കു വേണ്ട ഏർപ്പാടുകൾ തുടങ്ങി . എല്ലാ വർഷവും സ്കൂളിലെ രണ്ടു ടീച്ചർമാർക്ക് അവാർഡ് കൊടുക്കാറുണ്ട് . പക്ഷെ ഈ വർഷം അത് വേണ്ടായെന്നു തീരുമാനിച്ചു .
സിത്താരയെക്കുറിച്ചു , വിനോദിനിചേച്ചിയും  സംഘമിത്രയും സംസാരിക്കും . യഥാർത്ഥത്തിൽ അവർ സംസാരിക്കുന്നതു ജനനിയെക്കുറിച്ചായിരിക്കും .
ഹാൾ ഫുൾ ആകുന്നപോലെ ടിക്കറ്റ് വിറ്റുപോയി. അഭിനന്ദനും  സംപ്രീതിയും അതിനു മുൻകൈയെടുത്തു.

അങ്ങനെ സെപ്റ്റംബർ അഞ്ചാം തിയതി വന്നെത്തി . 
ആദ്യം കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു . സാധാരണയായി കുഞ്ഞുങ്ങൾ ചെറുതായി പാട്ടിലോ , നൃത്തത്തിലോ ഒരു പിഴവ് വരുത്തിയാൽ മാതാപിതാക്കൾ ആകുലരാകും . എന്നാൽ ഇവിടെ  അവർ ഗാനത്തിന്റെ വരികൾ മറന്നാൽ , നൃത്തച്ചുവട് പിഴച്ചാൽ ആരും അത് ശ്രദ്ധിക്കുകയില്ല . കാരണം അവർ എന്താണ് ചെയ്യുന്നതെങ്കിലും  ഇത്രയും തന്റെ കുഞ്ഞിനെക്കൊണ്ട് സാധിക്കുന്നല്ലോ എന്നോർത്ത് ആഹ്ലാദിക്കും .. കൂടെയുള്ള അമ്മമാരും മറ്റു കുട്ടികളും  കൈകൊട്ടി , ആർത്തുല്ലസിച്ച് അവരെ പ്രോത്സാഹിപ്പിക്കും .

സുമേദ് വേദിയുടെ സമീപത്തായി നിലയുറപ്പിച്ചു .
എത്ര നിർബന്ധിച്ചിട്ടും അവൻ സൈലഫോണിൽ തൊട്ടില്ല .
വിനോദിനിച്ചേച്ചി , സ്കൂളിന്റെ ചരിത്രം , വന്ന നാൾവഴികളിലെ നാഴികക്കല്ലുകൾ എന്നിവയെക്കുറിച്ചൊക്കെ സംസാരിച്ചു . സിത്താര കടന്നു പോയെങ്കിലും ഇത് അവളുടെ സ്കൂളാണ് . ജനനിയെ ഇവിടെയുള്ള മറ്റു മക്കൾക്ക് ആവശ്യമുണ്ട് .
ജനനി തുടർന്നും സ്കൂളിൽ തന്നെ ഉണ്ടാകണമെന്ന് ഏവരും അഭ്യർത്ഥിച്ചു .

സംഘമിത്ര താൻ ഇവിടെ വന്നുപെട്ടതും എത്ര വികാരപരമായാണ് ഈ സ്‌കൂളുമായി താൻ ചേർന്നിരിക്കുന്നതെന്നും പറഞ്ഞു.  ജനനിയാണ് എല്ലാവരുടെയും പ്രചോദനം , വഴിവിളക്ക് ... അത് എന്നും  ഉണ്ടാകണമെന് ആഗ്രഹിക്കുന്നു എന്നും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു .

സിത്താരയുടെ മരണത്തിന് ആസ്പദമായ കാര്യങ്ങൾ ആരും സംസാരിച്ചില്ല . കാരണം , ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ അത് സ്കൂളിനെ  അപകീർത്തിപ്പെടുത്തും . അതിന്റെ യശ്ശസ് ഊതിക്കെടുത്തും .

ജനനി വേദിയിൽ കണ്ണും നട്ട് ആർദ്രമായ നിശ്വാസങ്ങളോടെ , എപ്പോഴോ അണഞ്ഞു പോയേക്കാവുന്ന ഒരു ദീപം പോലെയിരുന്നു .

പ്രതീപ്ചന്ദ്രൻ സിത്താരക്കു വേണ്ടി ഒരു ഭക്തിഗാനം ആലപിച്ചു . അതിനുശേഷം 
എല്ലാ അമ്മമാർക്കും വേണ്ടി ,
ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ...എന്ന ഗാനം .

ഒരു മണിക്കൂറിലധികം  അദ്ദേഹം പാടി . ഗാനമേള തീരുന്നതിനു മുൻപേ , സുമേദിനെ നിർബന്ധിച്ചു വേദിയിലേക്ക് ക്ഷണിച്ചു .
അവന്റെ സൈലോഫോൺ വായനയെക്കുറിച്ചു സംസാരിച്ചു .
ഒരു ഗാനത്തിന് ഈണം ഇടുമോ എന്ന് ചോദിച്ചപ്പോൾ തലകുനിച്ചു നിന്നു .
അദ്ദേഹം വേദി വിട്ടിറങ്ങി , ആളുകൾ സെൽഫിക്കായി അദ്ദേഹത്തിന്റെ ചുറ്റും കൂടി. ആ നിമിഷം സുമേദ് തന്റെ  സൈലോഫോൺ കൈയ്യിലെടുത്തു .
അവൻ അതിൽ എന്തോ വായിച്ചു .. അത് കേട്ട പ്രതീപ്‌ചന്ദ്രൻ തിരിച്ചു സ്റ്റേജിലേക്ക് കയറി അവനോട് വാൽസല്യപൂർവം പറഞ്ഞു.. 
ഒരിക്കൽ കൂടി അതൊന്നു വായിക്കൂ , അങ്കിൾ കേട്ടില്ല .

അവൻ വീണ്ടും ആ കട്ടകളിൽ മല്ലെറ്റ് കൊണ്ട് കൊട്ടി .
ആശാ , 
ആശാ എന്ന വാക്കിൽ തുടങ്ങുന്ന ഗാനം എനിക്ക് ഓർമ്മ വരുന്നില്ല , രണ്ടു വരി വായിക്കൂ ..

അവൻ വീണ്ടും വായിച്ചു ..ആശ കൊന്നു ..അത് വീണ്ടും വീണ്ടും വായിച്ചു .

" ആശ കൊന്നു ..

ആരാണ് ആശ ?"
ആ നിമിഷം സ്കൂളിലെ അമ്മമാരുടയും , സംഘമിത്രയുടെയും കണ്ണുകൾ ആശയിൽ തറച്ചു.
സുമേദ് ആവേശത്തോടുകൂടി , വീണ്ടും വീണ്ടും അതിൽ കൊട്ടി 
" ആശ കൊന്നു , സിത്താര "
ജനനി , ആശ നിന്നിടത്തേക്ക് ഓടി . അവളുടെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു ...
" ആശേ  നീയാണോ ആ മഹാപാപം ചെയ്തത്.. ? എന്തിനു വേണ്ടി.. ? "
" ഇവിടെ വന്നതു മുതൽ ഒരു കൂടപ്പിറപ്പിനെപ്പോലെയല്ലേ ഞാൻ നിന്നെ കരുതിയത്.. ? "
ആ നിമിഷം ആശയുടെ മുഖഭാവം മാറി , ഭീഭത്സമായി .
അതു വരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം അവളിൽ ഉണർന്നു .

" അതെ ഞാനാണ് , അവളെ വേദനയിൽ നിന്നും രക്ഷിച്ചത്...! , നിങ്ങളെ വേദനയിൽ നിന്നും രക്ഷിച്ചത്.. "

" എന്താ നീ പറഞ്ഞത്.. ? "

" ഞാൻ ഈ സ്കൂളിൽ ചേർന്നതു തന്നെ ഈ കുഞ്ഞുങ്ങളെയെല്ലാം രക്ഷിക്കാനാണ് .. നിങ്ങൾ എന്തിനാണ് ഇതുങ്ങളെ ഇങ്ങനെ വളർത്തുന്നത് ?എന്ത് ഭാവിയാണ് ഇവർക്ക് ....? , നിങ്ങൾ മരിച്ചാൽ പിന്നെ, ഇവരെ ആര് നോക്കും "
അതിനോടകം എല്ലാവരും ആശയുടെ അടുത്തെത്തി .
അതു വരെ കണ്ട മുഖമല്ല, അവൾക്കിപ്പോൾ...

മെഹറുനിഷ മുൻപോട്ടു വന്ന് ആശയുടെ കവിളിൽ ആഞ്ഞടിച്ചു .
" നീയാണല്ലേ ഞങ്ങളുടെ സിത്താരയെ കൊന്നത്.. , എന്റെ കുഞ്ഞിനെ കൊലപ്പെടുത്താൻ നോക്കിയത്.. "

ആശ നിശ്ചലയായി അവിടെത്തന്നെ നിന്നു . അപ്പോഴാണ് കുറച്ചു നാൾ മുൻപേ , അവൾക്കു മെന്റൽ ഇമ്പാലൻസ് ഉണ്ടെന്നു ഭർത്താവ് പറഞ്ഞു എന്നവൾ വിനോദിനിചേച്ചിയോടും തന്നോടും പറഞ്ഞത് ഓർത്തത് . പക്ഷെ അത് ഇങ്ങനെയുള്ള ഒരു മനോ നിലയാണെന്നു കരുതിയില്ല .
വിനോദിനിച്ചേച്ചിയുടെ കൈയിൽ , അവിടെ തെളിവെടുപ്പിന് വന്ന ഓഫീസറുടെ നമ്പർ ഉണ്ടായിരുന്നു , അവർ അയാളെ ഫോൺ വിളിച്ചു.

ജനനിക്കു എല്ലായിടവും ഇരുട്ട് പരക്കുന്നതുപോലെ തോന്നി .ചുറ്റുമുള്ളതെല്ലാം ശബ്ദ രഹിതമായി എല്ലാവരും രൂപരഹിതരായി കാണപ്പെട്ടു. ജനനി തലചുറ്റി നിലത്തു വീണു.

ജനനിയെ ഡോക്ടർ പരിശോധിച്ചു പെട്ടെന്നുള്ള ആഘാതത്തിൽ നിന്നും ഉണ്ടായ പ്രശ്നമാണ് .
കുറച്ചു സമയം വിശ്രമിച്ചാൽ മതിയെന്ന് പറഞ്ഞു .

ഇതിനോടകം പോലീസ് വന്നു ആശയെ കൊണ്ടുപോയി .
അവൾ താനാണ് ഈ കുറ്റം ചെയ്തതെന്ന് സമ്മതിച്ചു . വർഷങ്ങൾക്കു മുൻപേ സ്വന്തം സഹോദരനെ കിണറ്റിൽ തള്ളിയിട്ടു കൊന്നതും ഏറ്റു പറഞ്ഞു .
ഈ കുട്ടികളെയെല്ലാവരെയും കൊല്ലാൻ ആഗ്രഹമുണ്ടായിരുന്നു എന്നു , ചെയ്തതിൽ ഒരു പശ്ചാത്താപവുമില്ല .

ഇത്രയും അടുത്ത് ഇടപഴകിയിട്ടും അവളെ സംശയം തോന്നിയില്ല; അതായിരുന്നു സംഘമിത്രയുടെ വിഷമവും . അവളുടെ പൂർവ്വകാലത്തെ കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെ ജോലിെക്കെടുത്തത് വൻ വീഴ്ചയാണ് .

ഭൂമിയിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രമാണ് മനുഷ്യ മനസ്സ്. എല്ലാ ചിന്തകളുടെയും പെരുമാറ്റത്തിന്റെയും ഉറവിടം അതാണ്, അതിൽ കൂടി കടന്നുപോകുന്നത് എന്താണെന്ന് പ്രസിദ്ധരായ , മനഃശാസ്ത്രജ്ഞർക്കു പോലും കണ്ടുപിടിക്കാൻ സാധിക്കില്ല എന്നു ചന്ദ്രലേഖ ഡോക്ടർ പറഞ്ഞത്  പിന്നെയും ഓർമ്മ വന്നു .
ജീവിതം ഒരു മായാജാലം തന്നെയാണ്. നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ സാധിക്കാത്ത ഒരു ലോകം . ഇത്ര വിനാശകരമായി മനുഷ്യ മനസ്സ് വിഹരിക്കുന്നത് എന്തിനാണ് ?
സഹാനുഭൂതി നഷപ്പെടുന്നു ....മനുഷ്യനിലെ മനുഷ്യത്വം പോയി മറഞ്ഞു . അതെ അവൾ ഒരു മനോരോഗിയാണ്  അത്  മനസ്സിലാകാതെ പോയല്ലോ ?
ഈ സംഭവം എല്ലാവരുടെയും മനസ്സിന് പകർന്നു കൊടുത്തത് വല്ലാത്ത ഒരു മുറിവാണ് .
രക്ത രഹിതമായൊരു മുറിവ്.

ഒരാഴ്ച മൂകമായി കടന്നുപോയി , സുമേദ് പതുക്കെ അവന്റെ സൈലോഫോൺ കൈയിൽ എടുത്തു , കൂടുതൽ സമയം അവൻ ജനനിയോടൊപ്പം അവരുടെ മുറിയിൽ ചിലവഴിച്ചു .

ജനനി തന്റെ ഭാവി കാര്യം സംഘമിത്രയോടു പറഞ്ഞു .
" ഈ വരുന്ന തിങ്കളാഴ്ച ഞാൻ മോളുടെ ചിതാ ഭസ്മവുമായി പുറപ്പെടും...
അതിനു മുൻപേ , ചെന്നൈയിൽ അതിൽ കുറച്ചു നമുക്ക് നിമജ്ജനം ചെയ്യണം .

ഞായറാഴ്ച ചെയ്യാം "" തിങ്കളാഴ്ച ഞാനും കൂടെ വരും "

" വേണ്ട , ഞാൻ പറഞ്ഞല്ലോ , ഇതു എന്റെ കർമ്മം . ചെന്നൈയിൽ നീ കൂടെ വരണം , കൂടെ വിനോദിനി ചേച്ചിയും , അവർ ഞാൻ ഇവിടെ വന്നതിൽ പിന്നെ എപ്പോഴും കൂടെയുള്ള ആളാണ് "
" ഇത്രയും കടുംപിടുത്തും എന്തിനാണ് ? "" അങ്ങനെ പറയരുത് , ഈ യാത്രയിൽ ഞാൻ തനിച്ചു മതി , അതെനിക്ക്  ആവശ്യമാണ് .
എന്നു മടങ്ങും എന്ന് ഉറപ്പില്ലാത്ത യാത്ര.. "

" ചേച്ചി നിങ്ങൾ ഈ സ്കൂൾ ഉപേക്ഷിച്ചു പോകുകയാണോ ..? "

" അതെങ്ങനെ എനിക്ക് കഴിയും . ഉറപ്പായും തിരികെ വരും .
പക്ഷെ I need some time , നിങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ .
പിന്നെ ഒരു കാര്യം . എനിക്ക് ആശയെ ജയിലിൽ പോയി ഒന്നു കാണണം . ഒന്നിനുമല്ല വെറുതെ .. അല്ലെങ്കിൽ വേണ്ട ഞാൻ തിരികെ വരട്ടെ .
ഈ തീർത്ഥ യാത്രക്കൊടുവിൽ ഒരുപക്ഷെ എനിക്ക് അവളോട് ക്ഷമിക്കാൻ സാധിച്ചാലോ ... ?

പെട്ടെന്ന് ജനനി കരയാൻ തുടങ്ങി. അത്രയും ദിവസം പിടിച്ചുവെച്ച കണ്ണുനീർ  നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു.
അവർ വെറും നിലത്തിരുന്നു .
ആ മുഖം പടയോട്ടങ്ങളിൽ പരാജയപ്പെട്ട  യോദ്ധാവിനെ ഓർമ്മിപ്പിച്ചു .
ഇപ്പോൾ  ഇടവപ്പാതിയല്ല  തുലാവർഷമോ വേനൽ മഴയോ അല്ല. ദിക്കറിയാതെ പെയ്യുന്ന വിഷാദമഴ .

സംഘമിത്ര അവരെ കെട്ടിപ്പിടിച്ചു , രണ്ടുപേരും ഉറക്കെയുറക്കെ കരഞ്ഞു . 
ഇത്രയും ദിവസം ഒതുക്കിവെച്ച കണ്ണുനീർ ..അതിൽ രക്തച്ചുവയുണ്ടായിരുന്നു .
"ഒരമ്മ ചെയ്യേണ്ട ചുമതല ഞാൻ ചെയ്തില്ല .
അവളെ സുരക്ഷിതമായി വെക്കാൻ എനിക്കായില്ല.
ആശ കലക്കിത്തന്ന വിഷം ഞാനല്ലേ അവൾക്കു ദിവസവും ഊട്ടിയത്... , അറിഞ്ഞോ അറിയാതെയോ ഞാനും തെറ്റുകാരിയാണ് ... "
ആരും അവരെ ആശ്വസിപ്പിച്ചില്ല മതിയാവോളം കരയെട്ടെ . മണിക്കൂറു നീണ്ട കരച്ചിലിനും വിതുമ്പലിനും ഒടുവിൽ , അവിടെ നിലത്തു തന്നെ അവർ കിടന്നു .

വാക്കുകളുടെ നിശ്ശബ്ദതയിൽ
സിത്താര പോയ  ശൂന്യതയിൽ അവർ രണ്ടുപേരും അങ്ങനെ മണിക്കൂറകളോളം കിടന്നു .

ഞായറാഴ്ച, സിത്താരയുടെ ചിതാഭസ്മത്തിൽ കുറച്ച് , ബസന്ത് നഗർ കടലിൽ നിക്ഷേപിച്ചു. അഭിനന്ദനും തിരുനെല്ലിക്കു പോകാൻ കോഴിക്കോട് വഴിയാണ് എളുപ്പമെന്നു പറഞ്ഞു , ആ യാത്രക്ക് വേണ്ട ഏർപ്പാടുകൾ എല്ലാം തന്നെ അഭിനന്ദൻ ചെയ്തു . ജനനിയുടെ കൈയ്യിൽ മിത്ര തന്റെ ക്രെഡിറ്റ് കാർഡും കുറച്ചു പണവും ഏല്പിച്ചു .
തിരുനെല്ലിയിൽ എത്ര ദിവസം ഉണ്ടാകുമെന്നതിനെ കണക്കാക്കി ബാക്കി യാത്ര ഏർപ്പാടാക്കാമെന്നു പറഞ്ഞു .

ഞായറാഴ്ച രാത്രി സംഘമിത്രയും ജനനിയും ഉറങ്ങിയില്ല .
അവർ പലതും സംസാരിച്ചിരുന്നു.
ജനനി തന്റെ ചുമതലകൾ , സ്കൂൾ എല്ലാം മിത്രയെ ഏൽപ്പിക്കുന്നത് പോലെ ,
വിലാപങ്ങൾക്കു  വിട കൊടുക്കുന്നപോലെ.

ഇരുട്ടിലേക്ക്  നോക്കിയിരുന്നു സംസാരിക്കുന്ന  രണ്ടുപേർ ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽ പരസ്പരം കൈകോർത്തു കിടന്നവർ .

" മിത്ര , അഭിനന്ദൻ നല്ല ഒരു ഹൃദയത്തിനുടമയാണ് .
അയാളുടെ അമ്മയും .
അയാൾ നിന്റെയൊപ്പം മുന്നോട്ടുള്ള യാത്രയിൽ കൂടെ ഉണ്ടാകുമെന്നു മനസ്സ് പറയുന്നു . സംപ്രീതിയും കൂടെ ഉണ്ടായിരുന്നു .അതുപോലെ ഗോഡ്'സ് ഹോമും നല്ലരീതിയിൽ കൊണ്ടു നടക്കാൻ അയാളുടെ സഹായം ഉണ്ടാകും .
ഈ സ്കൂളിന്റെ ചുമതല  നിങ്ങൾ രണ്ടാളും ഏറ്റെടുക്കണം. ഇതിനെ ഇനിയും മെച്ചപ്പെട്ട അവസ്ഥയിലേക്കു കൊണ്ടു വരണം . വിനോദിനിച്ചേച്ചി , പ്രേമക്കാ , സംപ്രീതി ഇവരെല്ലാം നിന്നെ സഹായിക്കും .
അഭിനന്ദൻ ആഗ്രഹിച്ചാൽ നീ അയാളെ വിവാഹം കഴിക്കണം .. "
" ചേച്ചിയെന്താ ഇങ്ങനെ പറയുന്നത് , വേഗം തിരികെ വരില്ലേ ?"
" വേഗം തിരികെ വരുമോ എന്നറിയില്ല , പക്ഷെ വരും . ഇതെന്റെ കർമഫലം , ഇനിയും എനിക്കൊരു ജന്മംകൂടി തരാൻ  ഭഗവാനോട് പ്രാർത്ഥിക്കുന്നു . ആ ജന്മത്തിലും എനിക്ക് തന്നെ സിത്താരയുടെ അമ്മയാകണം . അവൾ എല്ലാ കുട്ടികളെയും പോലെ ഓടി നടക്കണം .
പാട്ടു പഠിക്കണം . നൃത്തം ചെയ്യണം . അവളുടെ കൈയ്യും പിടിച്ചു കൊണ്ട് എനിക്ക് ഈ ലോകം മുഴുവനും ചുറ്റണം .. "

അത് പറഞ്ഞു തീർന്നപ്പോൾ പൊട്ടിക്കരഞ്ഞത് സംഘമിത്രയാണ് .
" ചേച്ചി .... ആ ജന്മത്തിൽ എന്നെയും കൂട്ടണം .. "
" നമ്മൾ കണ്ടുമുട്ടും , അതെനിക്ക് അറിയാം.. "

പിറ്റേ ദിവസം ജനനി യാത്രയായി .

എല്ലാവരുടെയും കൈപിടിച്ച് . കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് , ചിലരുടെ മൂർദ്ധാവിൽ ചുംബിച്ച് .

സുമേദിനെ ആലിംഗനം ചെയ്തപ്പോൾ 
അവർ ചോദിച്ചു .
" അടുത്ത ജന്മവും നീ സിത്താരക്കൊപ്പം , എന്റെയൊപ്പം ഉണ്ടാകണം.. "

അഭിനന്ദനും സംപ്രീതിയും  മിത്രയും ചേർന്നു ജനനിയെ വിമാനത്താവളത്തിൽ കൊണ്ടാക്കി .
ആ  യാത്ര ഒരു  വിടവാങ്ങല്‍ പോലെ തോന്നി ..
പ്രയാണം .... അപരിചിതമായ വഴിയിലേക്ക് ജനനി നടന്നു നീങ്ങിയപോലെ . .

സംഘമിത്രക്ക്  ജനനി തിരികെ വരും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം .
വരും വരാതിരിക്കില്ല , സിത്താരയുടെ ഓർമ്മകൾ ഇവിടെയാണ് ... അതില്ലാതെ അവർക്കു ജീവിക്കാനുകുമോ.. ?
തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ സംഘമിത്ര അഭിനന്ദന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു ...

" നിങ്ങൾ ഉണ്ടാകില്ലേ എന്റെയൊപ്പം ; ഇനിയെന്നും... ? "

" മിത്രക്ക് ഇനിയും സംശയമോ.. ?

" സംശയമൊന്നുമില്ല. മനസ്സിന്റെ ഒരു ഉറപ്പിന് ചോദിച്ചതാണ്.. "

" നിന്റെ കൂടെ , നിന്റെ സ്കൂളിന്റെ കൂടെ , നിന്റെ സ്വപ്നങ്ങൾക്കെല്ലാം കൂടെ ഇനിയെപ്പോഴും ഞാനുമുണ്ടാകും.. "

മിത്ര മെല്ലെ കണ്ണുകളടച്ചു പിടിച്ചു..
ഇനിയും എത്ര ദൂരം... ഒന്നും അറിഞ്ഞു കൂടാ .. 
പക്ഷെ നാളെയെക്കുറിച്ച് ഒട്ടും ഭയമില്ല .....

ജനനിയുടെ അഭാവം വേദനിപ്പിക്കുന്നു . എന്നാലും ഒരു വിളക്കുമാടം ദൂരെ ദൂരെ തെളിഞ്ഞു കാണുന്നു .
ഇങ്ങോട്ടു പോരൂ
നിറയെ വെളിച്ചം ഇവിടുണ്ടല്ലോ..
വേഗം വേഗം വരിക...!


( നോവൽ പൂർണ്ണമാകുന്നു. )

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക