കുടൽനാളം എരിയുമ്പോൾ
മഞ്ഞളിക്കുന്ന കണ്ണിൽ
സൂര്യനും ഇരുട്ട് നിറക്കുന്നു.
ഞങ്ങടെ നിലവും, ഞങ്ങടെ നിലാവും കോരിയെടുത്ത്,
ഞങ്ങടെ കാടും കാറ്റും കവർന്നെടുത്ത്,
കബളിപ്പിച്ചും, വശീകരിച്ചും
ഞങ്ങടെ കുടിയും ഞങ്ങടെ കടിയും
കൈയ്യടക്കി സ്വന്തമാക്കി
കരുണാപൂർവ്വം ജീവവായുവിൻ റേഷനും സൗജന്യകിറ്റും തന്ന്
ഞങ്ങളെ നിങ്ങൾ പരിപോഷിപ്പിക്കുമ്പോൾ
ഞങ്ങക്കെന്തിന് കൊടിക്കൂറ?
ഞങ്ങക്കെന്തിന് സ്വാതന്ത്ര്യം?
ഞങ്ങക്കെന്തിന് സ്വപ്‌നങ്ങൾ?
ഓരോ പുലരിയുടെ പുതുജീവനെയും,
ഞെക്കിക്കൊന്ന് ഓരോ സന്ധ്യയും കടന്നുപോവുന്നതുപോലെ!
നിങ്ങൾക്കാരുടെയും ജീവൻ കശക്കി വലിക്കാം.
അതിനനുമതിയുടെ ആവശ്യമില്ലല്ലൊ.
ശരിയാണ്, വിശക്കുന്നവന്റെ
നീളുന്ന കൈ കാണാനാവാത്തവന്റെ
പക്കലുള്ള അന്നമെടുത്തത്
എന്റെ തെറ്റ്.
നിങ്ങളെപ്പോലെ ഇരുട്ടാവാൻ ഞാൻ കാത്തുനിന്നില്ല.
എന്റെ സന്ധ്യക്ക് ഇരുട്ടാവാൻ നിങ്ങൾ സമയവും തന്നില്ല.