രണ്ടാം ഭരണം 100 ദിവസത്തിലേക്ക് എത്തുമ്പോൾ തന്റെ ജനപ്രീതി ഇടിഞ്ഞതായി കാണിക്കുന്ന സർവേകളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുച്ഛിച്ചു തള്ളി.
'വ്യാജ വാർത്തകൾ' നൽകുന്ന മാധ്യമങ്ങൾക്കു മനോനില തെറ്റിയെന്നു ട്രംപ് ആക്ഷേപിച്ചു. അവയെ തിരഞ്ഞടുപ്പ് തട്ടിപ്പിന് അന്വേഷണ വിധേയമാക്കണം.
കഴിഞ്ഞയാഴ്ച്ച പുറത്തു വന്ന ന്യൂ യോർക്ക് ടൈംസ്, എബിസി/ വാഷിംഗ്‌ടൺ പോസ്റ്റ് സർവേകളിലാണ് ട്രംപിന്റെ പ്രവർത്തനത്തിൽ മതിപ്പില്ലെന്നു ഭൂരിപക്ഷം പേർ പറഞ്ഞത്. "അവർക്കു ട്രംപിനെയോർത്തു മതിഭ്രമം പിടിപെട്ടു.
"ന്യൂ യോർക്ക് ടൈംസിനു 2024ലെ 37% വോട്ടാണ് ഉള്ളത്. എബിസി/ വാഷിംഗ്‌ടൺ പോസ്റ്റിനു 34%. അവർ നെഗറ്റിവ് ഫലങ്ങൾ തേടിയതു കൊണ്ടാണ് ഈ സർവേ ഫലങ്ങൾ ഇങ്ങിനെയായത്," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
"ഇവരെയൊക്കെ തിരഞ്ഞെടുപ്പ് തട്ടിപ്പിനു അന്വേഷിക്കണം. ഫോക്‌സ് ന്യൂസ് പോളിങ്ങ് നടത്തിയവനെയും ഉൾപ്പെടുത്താം.
"അവരൊക്കെ ക്രിമിനലുകളാണ്. ഞാൻ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൊയ്‌ത ശേഷം അവർ വായനക്കാരോട് മാപ്പു ചോദിക്കയാണ്. അവരുടെ വിശ്വസനീയത നഷ്ടമായി. ഇനി അടുത്ത സൈക്കിൾ ലക്ഷ്യമാക്കി തട്ടിപ്പു നടത്തുകയാണ്."
ഞായറാഴ്ച്ച പുറത്തു വന്ന വാഷിംഗ്‌ടൺ പോസ്റ്റ്-എബിസി-ഇപ്‌സോസ് സർവേയിൽ 1945നു ശേഷം ആദ്യ 100 ദിനത്തിൽ ഒരു പ്രസിഡന്റ് നേടിയ ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണ് ട്രംപിനു ലഭിച്ചത്: 39%. ന്യൂ യോർക്ക് ടൈംസ്/ സിയെന്ന കോളജ് പോളിംഗിൽ 42% മാത്രവും.
Trump fumes at surveys