മതവും രാഷ്ട്രീയവും സംയോജിതമായ ഒരു കക്ഷി രാജ്യം ഭരിക്കുമ്പോൾ ആ രാജ്യത്തെ ജനങ്ങൾ വളരെയധികം കരുതൽ സ്വീകരിക്കേണ്ടതുണ്ട്. കാരണം മതവും രാഷ്ട്രീയവും എന്നും ഒരു കച്ചവടത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്, ഈ രണ്ടു വാസ്തുതകളുടെയും കച്ചവടത്തിന്റെ ആകെ ലക്ഷ്യമെന്നത് അധികാരം തന്നെയാണ്. ഇനി അധികാരം കിട്ടിക്കഴിഞ്ഞാലും അവ അരക്കിട്ടുറപ്പിക്കുവാൻ ചില കച്ചവടങ്ങളിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കും. ഈ കച്ചവടങ്ങളിൽ എന്നും നേതാക്കൾക്ക് നേട്ടമാണെങ്കിലും ജനങ്ങൾക്കും രാജ്യത്തിനും നഷ്ടമേ വരുത്തിവെയ്ക്കൂ. അതിനാലാണ് മതവും രാഷ്ട്രീയവും കൂടിച്ചേരുന്നത് വലിയ അപകടമായി തത്വജ്ഞാനികൾ സാഷ്യപ്പെടുത്തുന്നത്.
പറഞ്ഞുവരുന്നത് നമ്മുടെ രാജ്യത്തെ നടുക്കിയ പഹൽപ്പൂർ ഭീകരാക്രമണത്തെക്കുറിച്ചാണെങ്കിലും ആ സംഭവത്തിൽ ഇപ്പോഴും ഉത്തരം കിട്ടാതെ ചില ചോദ്യങ്ങൾ മുഴച്ചു നിൽക്കുന്നു എന്നതിലാണ്.
ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതിമനോഹരമായ കാശ്മീരിലെ പഹൽഗ്രാമത്തിന്റെ സൗന്ദര്യം ആവോളം ആസ്വാദിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച്ച രാജ്യം ഭരിക്കുന്ന ഗവർമെന്റ് വക്താക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ എങ്ങിനെയാണ് അവിടെ സുരക്ഷാ വീഴ്ച്ചയുണ്ടായത് എന്നും ഭരിക്കുന്ന ഗവർമെന്റ് തന്നെ മറുപടി പറയേണ്ടതുണ്ട്. മുൻപും തുടരെ തുടരയുള്ള ഭീകരാക്രമണങ്ങൾക്ക് വിധേയമായിട്ടുള്ള ഈ പ്രദേശം വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്ക് വേണ്ടി തുറന്നിടുമ്പോൾ സുരക്ഷാ ഏജൻസികളെയോ സൈന്യത്തെയോ എന്തുകൊണ്ട് അറിയിച്ചില്ല ?
കിരാതമായ ഈ സംഭവം നടക്കുമ്പോൾ അവിടെ സൈന്യമോ, റിസർവ് പൊലീസോ, അവശ്യമരുന്നുകൾപോലും ഉണ്ടായിരുന്നില്ല എന്ന് അവിടെത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ശൈലോ കാദലിയുടെ ഭാര്യ ശീതൾ സാഷ്യപ്പെടുത്തുന്നു.
പഹൽപ്പൂരിൽ മതം തിരക്കിയാണ് ആളെ കൊന്നിട്ടുള്ളതെങ്കിൽ അതിന്റെ ഉദ്ദേശം വേറെയാണ്.അതൊരു രാഷ്ട്രീയ അടവ് നയം തന്നെയാണെന്ന് അല്പം ചിന്തിച്ചാൽ ആർക്കും മനസിലാക്കാവുന്നതാണ്. കാരണം പഹൽപ്പൂരിൽ പാക്ക്ബന്ധമുള്ള ഭീകരർ ആക്രമണം നടത്തിയപ്പോൾ അവർ രാജ്യത്തിനകത്തേക്ക് ഒരു തീക്കൊള്ളി കൂടിയാണ് എറിഞ്ഞിട്ടു പോയത്.അതിന്റെ അപകടം തിരിച്ചറിയാതെ (അതോ തിരിച്ചറിഞ്ഞു ബോധപൂർവമോ!) ആ തീക്കൊള്ളി എടുത്ത് പരസ്പരം തലയ്ക്കടിച്ചു തുടങ്ങിയെന്നാണ് ഈ സംഭവത്തിന് ശേഷം രാജ്യത്തിനകത്തുനിന്നുള്ള റിപ്പോർട്ട്കൾ സൂചിപ്പിക്കുന്നത്.ആഗ്രയിൽ ഒരു മുസ്ലീം യുവാവിനെ ക്ഷത്രിയ ഗോരക്ഷാ സേന വെടിവെച്ചു കൊന്നതുൾപ്പെടെ കാശ്മീരിലെ ഒരു സർവകലാശാല ശാലയിലെ വിദ്യാർത്ഥികളെ ആക്രമിച്ചതുപോലുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ഭീകരർ എന്താഗ്രഹിച്ചുവോ അത് തന്നെ രാജ്യത്തിനകത്തെ മറ്റ് വർഗീയ ഭീകരവാദികളും ഇവിടെ ചെയ്തു തുടങ്ങിയിരിക്കുന്നു.
മറ്റൊരുകാര്യം, ഭീകരർ ഇവിടെ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ അവരുടെ ചിത്രങ്ങൾ സൈന്യം പുറത്തു വിടുകയും പഹൽപ്പൂർ പ്രദേശം ഇൻഡ്യൻ സൈന്യം വളയുകയും ചെയ്തിട്ടും ഭീകരരെ പിടിക്കുവാനോ വധിക്കുവാണോ കഴിഞ്ഞിട്ടില്ല എന്നതാണ്. ഈ സാഹചര്യത്തിലാണ് ഒരു മുൻ സൈനികനും മലയാളി യുമായ മേജർരവിയുടെ വാക്കുകളുടെ പ്രസക്തി, ഈ ഇരുപത്തിയേഴ് ഇൻഡ്യൻ സഹോദരങ്ങൾക്ക് ജീവഹാനി വരുത്തിയ ആക്രമണത്തിന്റെ സ്വഭാവം വിലയിരുത്തി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്, "ഇത് പാക്കിസ്ഥാൻ ബന്ധമല്ല മറിച്ച് രാജ്യത്തിനകത്തു തന്നെയുള്ള ചിലരുടെ സൃഷ്ടി തന്നെ ആകാം'' എന്നാണ്.
അങ്ങിനെയാണെങ്കിൽ ഈ ഭീകരരെ ഈ ദൗത്യം ഏല്പിച്ചവർ തന്നെ ഇവിടെ നിന്ന് രക്ഷപ്പെടാനും വഴിയൊരുക്കിയിരിക്കാം. അങ്ങോട്ട് ഒരു ഇൻഡ്യൻ സൈനികൻ അബദ്ധത്തിൽ അതിർത്തിമുറിച്ചു ചെന്നപ്പോൾ അവിടെ കസ്റ്റഡിയിലായി, ഇങ്ങോട്ട് ഒരു വാഹനം നിറയെ ഭീകരർ വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല!!
ഏതായാലും ഈ ആക്രമണത്തെ പാകിസ്ഥാനിലെ ചില ഭീകരപ്രസ്ഥാനങ്ങളുമായി നമ്മുടെ ഇന്റലിജൻസ് ബന്ധപ്പെടുത്തുന്നുണ്ട്.
തീവ്രവാദികൾക്ക് മതമില്ല, വർഗീയ ഭ്രാന്ത് മൂത്തും മതങ്ങളുടെ ഉള്ളടക്കത്തെ തെറ്റിദ്ധരിച്ചും അവയിൽ നിന്നും വേറിട്ടുപോയ ഒരുകൂട്ടം തെമ്മാടികൾ മാത്രമാണ്, എത്രയും കൂടുതൽ ആളുകളെ കൊല്ലുകയെന്നതാണ് അവരുടെ മതം. ചില മതങ്ങളുടെ ലേബലിൽ അവർ പ്രവർത്തിക്കുന്നു എങ്കിലും അവരെ യഥാർത്ഥ മതങ്ങളൊന്നും തന്നെ അംഗീകരിക്കുന്നുമില്ല.
ജെയ്‌ശ്രീരാം വിളിച്ച് ആളുകളെ കൊല്ലുന്നതും അല്ലാഹു വിളിച്ച് ആളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കുവാൻ കഴിയില്ലല്ലോ,കാരണം രണ്ടും ഭീകരവാദങ്ങൾ തന്നെയാണ്.
അതുകൊണ്ട് തന്നെ ഇവരെ യഥാർത്ഥ മതങ്ങൾ അംഗീകരിക്കുന്നുമില്ല. എന്നാൽ രഹസ്യമായും പരസ്യമായും ഇത്തരം സംഘടനകളെ പിന്തുണയ്ക്കുന്നവർ നമ്മുടെ ഇടയിലും വർദ്ധിച്ചു വരുന്നതാണ് ഏറ്റവും വലിയ അപകടം, ഇന്ന് സോഷ്യൽമീഡിയയിൽ നമ്മൾ കാണുന്നതും ഇതുതന്നെ.
ലോകത്തു നടക്കുന്ന തീവ്രവാദ ആക്രമണങ്ങളിൽ എവിടെ നിന്നാണ് ഇവർക്ക് അത്യാധുനിക ആയുധങ്ങൾ ലഭിക്കുന്നത്? പഹൽപ്പൂരിലെ ആക്രമണത്തിലും ഭീകരന്മാർ ഉപയോഗിച്ചത് അമേരിക്കൻ മോഡൽ തോക്കുകൾ ആണെന്ന് പറയപ്പെടുന്നു. യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും രാജ്യവികാരങ്ങളും മതവികാരങ്ങളും ഉണരുന്നു.അവ പിന്നെ വോട്ടുകളായി പെട്ടിയിൽ വീഴുന്നു.നേട്ടം അധികാരങ്ങളെ ലക്ഷ്യം വെയ്ക്കുന്നവർക്കും അതുറപ്പിക്കുവാൻ ശ്രമിക്കുന്നവർക്കും തന്നെ, ഇതാണ്ഞാൻ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ മതരാഷ്ടീയ കച്ചവടത്തിന്റെ സാംഗത്യം. ഈ കച്ചവടത്തിൽ കുരുതി കഴിക്കപ്പെടുന്ന നേർച്ചക്കോഴികളാണ് അവർക്ക് ജനങ്ങൾ .തിരിച്ചറിയേണ്ടതും ജനങ്ങൾ തന്നെ.