Image

പ്രണയത്തിലാവുകയെന്നാൽ ( കവിത : ഷലീർ അലി )

Published on 02 May, 2025
പ്രണയത്തിലാവുകയെന്നാൽ ( കവിത : ഷലീർ അലി )

നിങ്ങൾക്കറിയുമോ

ഒരു പ്രണയത്തിലാവുകയെന്നാൽ

അവളെന്നോ അവനെന്നോ ഓർമ്മിക്കപ്പെടാതെ

ഒറ്റയ്ക്കൊരു സിനിമപോലും

കണ്ടുതീർക്കാൻ കഴിയില്ലെന്നതാണ്..

കൂടെയുണ്ടെന്നോ

ഉണ്ടായിരുന്നെങ്കിലെന്നോ

എന്ന തോന്നലില്ലാതെ

ഒരു യാത്രപോലും മുഴുമിക്കാൻ

കഴിയില്ലെന്നതാണ്..

മിണ്ടാതിരിപ്പിന്റെ ഇരുളകങ്ങളിൽ

സ്വസ്ഥമായി ഉറങ്ങാനാവാത്ത,

മറക്കണമെന്നാഗ്രഹിക്കുമ്പഴും

ഓർക്കാതെ ഉണരാനാവാത്ത...

ഇനി കാണില്ലെന്ന ശപഥത്തിന്റെ

തൊട്ടടുത്ത നിമിഷത്തിൽ പോലുമൊരു

പിൻവിളിക്ക് കാതോർത്തു പോയേക്കുന്ന

അനേകായിരം അസ്വസ്ഥതകളുടെ

ശ്വാസം മുട്ടിക്കുന്ന പിന്നാമ്പുറങ്ങൾ കൂടെയാണ് 

പ്രണയപരിസരങ്ങൾ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക