നീ പെറാത്ത പെണ്ണല്ലേ
നീ തൊട്ടാൽ
ന്റെ കുട്ടിയ്ക്ക് കണ്ണ് പെടുംന്ന്
കുട്ടിയെ തട്ടിപ്പറിച്ചു
പെറ്റു പൂത്തുലഞ്ഞു
മുല ചുരന്നോൾ
നീ പെറാത്ത
മച്ചിയെന്നു
ചട്ടിയിൽ ചത്തുകിടന്ന
മീൻ കണ്ണിലെ പാതി മരിച്ച
പ്രണയം
കരയല്ലേ പെണ്ണേന്ന്
കൂർത്ത
കത്തിമുനയിൽ
പിഞ്ഞിയ
വെള്ളിക്കസവു പോലൊരു
ചെതുമ്പൽ
മുട്ടയിടും മുൻപ്
കുടുങ്ങി പോയല്ലോ പെണ്ണേ
എന്ന്
മീൻവയർമിനുമിനുപ്പിന്റെ
നിലവിളി
അടിവയറിലൊരു പെൺ നോവ്
ഇടനെഞ്ചിലൊരു തീക്കനൽ
ഓക്കാനിപ്പിച്ചൊരു
മീന്മണം.
ഇനി
മെയ്യനങ്ങല്ലേ പെണ്ണെ
വിശേഷമായോന്നൊരു
പ്രതീക്ഷപ്പൂവിനെ
ഒഴുക്കി കൊണ്ടു പോകാൻ
തുടയിടുക്കിൽ
പതിവ് തെറ്റാതെയൂറിയ
ചോരച്ചാൽ
അന്ന്
കഥയറിയാതെ
അവൻ കൊണ്ടു വന്ന
കണ്ണിമാങ്ങ
കടിച്ചു കാറിത്തുപ്പി
പെറാതെ പോയ
പെണ്ണവൾ
ഒരു നിലാപ്പാതിയിൽ
ആകാശം നോക്കി
ആർത്തലച്ച
രാക്കടൽ
കണ്ണിൽ നിറച്ച്
കൈ വീശിനടന്നു.