Image

ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾ അടച്ചു പൂട്ടാൻ ബിൽ ഗെയ്‌റ്റ്‌സ് തീരുമാനിച്ചു (പിപിഎം)

Published on 09 May, 2025
ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾ അടച്ചു പൂട്ടാൻ ബിൽ ഗെയ്‌റ്റ്‌സ് തീരുമാനിച്ചു (പിപിഎം)

ലോകമെങ്ങും നിർണായക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗെയ്‌റ്റ്‌സ് ഫൗണ്ടേഷൻ അടച്ചുപൂട്ടുന്നുവെന്നു അതിനു 25 വയസ് തികഞ്ഞ വ്യാഴാഴ്ച സ്ഥാപകൻ ബിൽ ഗെയ്‌റ്റ്‌സ് പ്രഖ്യാപിച്ചു. യുഎസ് എയ്‌ഡ്‌ പൊളിച്ചു നിരത്തി ആഗോള ചാരിറ്റിക്കു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വിരാമമിട്ടതോടെ ഫൗണ്ടേഷനു പ്രവർത്തിക്കാൻ കഴിയാതായി എന്നദ്ദേഹം 'ന്യൂ യോർക്ക് ടൈംസ്' പത്രത്തോട് വെളിപ്പെടുത്തി.  

എന്നാൽ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ 20 വർഷത്തേക്കു കൂടി തുടരുമെന്നു ഗെയ്‌റ്റ്‌സ് ഉറപ്പു നൽകി. മൊത്തം $200 ബില്യണിലധികം അതിനു ചെലവഴിക്കും.

ലോകത്തെ ഏറ്റവും സമ്പന്നനായ ഗെയ്‌റ്റ്‌സ് 2000ലാണ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. അന്ന് അദ്ദേഹത്തിനു 44 വയസ്. ഭാര്യ ആയിരുന്ന മെലിൻഡയ്ക്കു 35. ആരോഗ്യ രക്ഷ ഇല്ലാത്ത ഭൂഖണ്ഡങ്ങളിൽ പോലും കടന്നു ചെന്ന് പൊതുജനാരോഗ്യ പദ്ധതികൾക്കു ധനസഹായം നൽകിയ ഗെയ്‌റ്റ്‌സ് $100 ബില്യണിലേറെ ഇറക്കി വിപ്ലവകരമായ മാറ്റങ്ങളാണ് തുടങ്ങിവച്ചത്. മില്യൺ കണക്കിനു മനുഷ്യരുടെ ജീവൻ രക്ഷിച്ച ചരിത്രം ആ പദ്ധതികൾക്കുണ്ട്.

ഡിസംബർ 31നു പക്ഷെ ഫൗണ്ടേഷന്റെ വാതിലുകൾ അടയ്ക്കുമെന്നു ഗെയ്‌റ്റ്‌സ് പറഞ്ഞു. ഇനിയും പതിറ്റാണ്ടുകൾക്കു ഒരുക്കിയിരുന്ന സ്ഥാപനം തുടരാൻ കഴിയാത്ത സ്ഥിതിയാണ്.

"കഴിഞ്ഞ 25 വർഷം കൊണ്ട് ആരും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഞങ്ങൾ കൈവരിച്ചത്. 10 മില്യൺ കുട്ടികൾ രോഗങ്ങൾക്കു കീഴടങ്ങിയിരുന്ന സ്ഥാനത്തു അത് അഞ്ചു മില്യൺ ആയി കുറഞ്ഞു," ഗെയ്‌റ്റ്‌സ് പറയുന്നു. "ഇനിയുള്ള 20 വർഷവും അത് തീർച്ചയായും സാധ്യമാവും. രോഗകാരണങ്ങൾ പ്രതീക്ഷിച്ചതിലും അധികം കുറയ്ക്കാൻ കഴിഞ്ഞു.

യുഎസ് എയ്‌ഡിൽ ട്രംപ് നടത്തിയ വെട്ടിക്കുറയ്ക്കൽ തന്നെ അമ്പരപ്പിച്ചെന്നു ഗെയ്‌റ്റ്‌സ് പറയുന്നു. 20% വരെ കുറയ്ക്കും എന്നു കരുതിയ സ്ഥാനത്തു 80% ആണ് കുറച്ചത്. കോൺഗ്രസിന്റെ ഇടപെടൽ ഇല്ലാതെ എച് ഐ വി നിയന്ത്രിക്കുന്ന പെപ്‌ഫർ പോലൊരു പദ്ധതി നിർത്തുമെന്നു പ്രതീക്ഷിച്ചതല്ല. എന്നാൽ അതുണ്ടായി. കോൺഗ്രസ് എന്നും സഹായകമായിരുന്നു.

യുഎസ് എയ്‌ഡ്‌ സഹായം നിന്നതോടെ അടുത്ത 15 വർഷത്തിൽ 25 മില്യൺ മരണങ്ങൾ കൂടുതലായി ഉണ്ടാവുമെന്നാണ് 'നേച്ചർ മാസിക വിലയിരുത്തുന്നത്.

Gates Foundation winding up 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക