ന്യൂയോർക്ക്; നഴ്സസ് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി റോക് ലൻഡ് കൗണ്ടി ലെജിസ്ലേച്ചർ മൂന്ന് പ്രാദേശിക നേഴ്സുമാരെ പരമോന്നത ബഹുമതി എന്ന നിലയിൽ വിശിഷ്ട സേവന അവാർഡ് (ഡിഎസ്എ) സമ്മാനിച്ച് ആദരിച്ചു. തൊഴിൽപരമായ സംഭാവനകളെയും നിസ്വാർത്ഥമായ സാമൂഹിക സേവനത്തെയും കണക്കിലെടുത്തുള്ള ആദരം ഏറ്റുവാങ്ങിയവരിൽ മലയാളിയായ മേരി ഷൈൻ കേളന്തറയും ഉൾപ്പെടുന്നു. ഗ്ലെൻ ആൽബിൻ, ഗെയ്ലെ ദുവിവിയർ എന്നിവരാണ് മേരി ലൈജു ഷൈൻ കേളന്തറയെ കൂടാതെ അവാർഡ് ഏറ്റുവാങ്ങിയവർ.
അവാർഡ് ജേതാക്കളുടെ ആരോഗ്യസംരക്ഷണരംഗത്തെയും പൊതുസേവനരംഗത്തെയും പതിറ്റാണ്ടുകളുടെ സമർപ്പണത്തെ എടുത്തുപറഞ്ഞ്, നേഴ്‌സിംഗ് മേഖലയിൽ ദീർഘകാല പരിചയസമ്പത്തുള്ള കൗണ്ടി ലെജിസ്ലേചർ വൈസ് ചെയർ ഡോ. ആനി പോൾ പ്രത്യേക ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു .
"ഇവിടെ ആദരിക്കപ്പെടുന്നവർ ഓരോ ദിവസവും റോക് ലൻഡ് കൗണ്ടിയിൽ പോസിറ്റിവായ മാറ്റം വരുത്തുന്നതിൽ ശ്രദ്ധ വെക്കുന്നവരാണ് ' . പല കാര്യങ്ങളിലും വോളന്റീർ സേവനം ചെയ്യുന്നതിനൊപ്പം രോഗികളായ കുടുംബങ്ങളോടും തങ്ങൾ ആയിരിക്കുന്ന സമൂഹങ്ങളോടുമുള്ള അവാർഡ് സ്വീകർത്താക്കളുടെ നിസ്വാർത്ഥമായ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടി ഡോ. പോൾ പറഞ്ഞു,
നേഴ്സിങ് രംഗത്ത് ഏകദേശം മൂന്ന് പതിറ്റാണ്ടത്തെ പരിചയമുള്ള മേരി ലൈജു ഷൈൻ കേളന്തറ നിലവിൽ എച്ച് വി ഡി ഡി എസ് ഒ (HVDDSO)യിൽ നഴ്സ് അഡ്മിനിസ്ട്രേറ്ററായും ഇൻഫെക്ഷൻ കൺട്രോൾ നഴ്സായും സേവനമനുഷ്ഠിക്കുന്നു. ഷൈൻ നയാക്ക് ഹോസ്പിറ്റലിലും അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ, (അക്കരക്കാഴ്ചകൾ ഫെയിം) നൃത്ത രംഗങ്ങളിലെ മികവിലൂടെ സാംസ്കാരിക തലത്തിലും മുന്നേറുന്ന മേരി ഷൈൻ വിശ്വാസപരമായി മതബോധന അദ്ധ്യാപിക എന്ന നിലയിൽ സഭാതലപ്രവർത്തനങ്ങളിലും സജീവമാണ്. പ്രായമായവരുടെ പരിചരണത്തിനായി പണം സ്വരൂപിച്ചും ശ്രദ്ധേയയായി. തന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിനും വിശ്വാസത്തിനുമുള്ള പങ്ക് ഷൈൻ എടുത്തുപറയുന്നു .
ആരോഗ്യസംരക്ഷണത്തിൽ നഴ്സുമാർ വഹിക്കുന്ന സുപ്രധാന പങ്കിനെ ആദരിക്കുന്നതിനായി എല്ലാ വർഷവും മെയ് മാസത്തിലാണ് ദേശീയ നഴ്സസ് വാരം സംഘടിപ്പിക്കുന്നത്. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നേഴ്‌സസ് വീക്കിൽ ആണ് ആചരിക്കപ്പെടുന്നത്.