Image

അമ്മയുടെ സ്നേഹം (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 10 May, 2025
അമ്മയുടെ സ്നേഹം (തൊടുപുഴ കെ ശങ്കർ മുംബൈ)

അനുനിമിഷം തുള്ളിത്തുള്ളിത്തുടിച്ചിടും
അലകളിയലുമൊരാഴി പോലെ, 
മലരിൻറെയല്ലികൾക്കുള്ളിൽ നിക്ഷിപ്തമാം
മധുരമാം മകരന്ദമെന്ന പോലെ,

ക്ഷീരത്തിനുള്ളിൽ നിന്നൂറിയുയർന്നിടും 
മാർദ്ദവമോലും തൂവെണ്ണ പോലെ, 
നീലാംബരത്തിന്റെ കീഴിൽനിന്നൂഴിയിൽ 
പാലോളിതൂകും നിലാവു പോലെ,

ആഴിതൻ കീഴിൽ കിടക്കും അമൂല്യമാം 
ചിപ്പി തന്നുള്ളിലെ മുത്തു പോലെ, 
പൂമൊട്ടിന്നുള്ളിലുറഞ്ഞു കിടന്നിടും
നൈർമ്മല്യമോലും സുഗന്ധം പോലെ ,

മുഗ്‌ധ സൗന്ദര്യം നിറഞ്ഞു നിൽക്കും മണി-
മുത്തിലിയലും തിളക്കം പോലെ, 
രാഗവും താളവുമൊത്തു മേളിച്ചൊരു 
സർഗ്ഗസംഗീതത്തിൻ ധാര പോലെ,

ചന്ദനച്ചാറു തൻ ഗന്ധത്തിനോടൊത്തു 
ചെമ്മേ പകരും കുളിർമ്മ പോലെ, 
ഊർജ്ജ സ്വലതയുൾക്കൊണ്ടു വിളങ്ങീടു-
മീമഹാമായാ പ്രപഞ്ചം പോലെ,

നൊന്തു പെറ്റോരു തൻ പൈതലിനായ് മാത്രം 
സന്തതമേകുവാൻ ലോഭമെന്യേ,
ഓർമ്മിയ്ക്ക നാമെന്നും അമ്മതൻ ഹൃത്തിലും 
നിർമ്മല സ്നേഹം നിറഞ്ഞു നിൽപ്പൂ!
                                 --------------------

Join WhatsApp News
Girish Nair 2025-05-11 08:11:41
അമ്മയുടെ ഹൃദയം അളക്കാനാവാത്ത സ്നേഹ സാഗരം തന്നെയാണ്! ആ സ്നേഹത്തിൻ്റെ തിരമാലകളിൽ ആടിയുലഞ്ഞ ബാല്യകാലം എത്ര മനോഹരമായിരുന്നു! അമ്മയുടെ മടിത്തട്ടിലെ ഉറക്കവും, താരാട്ടിൻ ഈണവും, വാത്സല്യത്തോടെ ഊട്ടിയ ചോറും... ഓർക്കുമ്പോൾ പോലും ഹൃദയം നിറയുന്നു. ശ്രീ ശങ്കർ ജി അമ്മയെ കൽപ്പവൃക്ഷത്തോട് ഉപമിച്ചത് എത്ര ഉചിതമായിരിക്കുന്നു! എന്നും സ്നേഹത്തോടെ എല്ലാം നൽകുന്ന ആ കൽപ്പവൃക്ഷത്തിന്റെ തണലിൽ നിൽക്കുന്ന കാലത്തോളം അമ്മയുടെ കണ്ണുകൾ ഈറനണിയാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. സൗമ്യതയുടെയും ത്യാഗത്തിൻ്റെയും മൂർത്തീഭാവമാണ് അമ്മ. സദ്ഗുണങ്ങളുടെ നിറകുടമായ അമ്മയെ ഓർത്ത് ഈ വരികൾ വായിക്കുമ്പോൾ ഹൃദയം നിറയെ സ്നേഹവും ബഹുമാനവും തോന്നുന്നു. എല്ലാ അമ്മമാർക്കും സ്നേഹനിർഭരമായ മത്രുദിനാശംസകൾ നേരുന്നു.
Nainaan Mathullah 2025-05-11 18:57:57
Happy Mothers' day for all mothers. Whenever one see one's 'pukkil' remember your mom as it reminds you of your connection to mom.
Nainaan Mathullah 2025-05-11 23:34:48
Sorry that I forgot to appreciate the poet for the poem. The poem looks very good in its 'thala-layam', beauty, rhythm and and philosophical content.
prathikarana mathen 2025-05-12 01:00:17
ഇവിടെ മാതുള്ള സോറി പറയേണ്ട കാര്യമില്ല ഈ പോയത്തെ (poem) അപ്രീഷിയേറ്റ് ചെയ്യാൻ മറന്നു പോയതിൽ. കാരണം ഇതുപോലെ മത്തുള്ള മാത്രമല്ല, സ്ഥിരമായി മാതുള്ളയും മറ്റു പല വമ്പൻ എഴുത്തുകാരും വായനക്കാരും എന്ന നടിക്കുന്ന വരും സീരിയസ് വായനക്കാരും എല്ലാം പലപ്പോഴും അവരുടെ പ്രിയപ്പെട്ടവരുടെ സാഹിത്യ വർക്ക് എത്ര മോശപ്പെട്ട ആണെങ്കിലും അതിനെ കയറി ചൊറിഞ്ഞ് അപ്രീഷിയേറ്റ് ചെയ്തുകൊടുക്കും. അതായത് പരസ്പരം ചൊറിഞ്ഞു കൊടുക്കൽ. എന്നാൽ ചൊറിഞ്ഞു കൊടുക്കാത്തവരുടെ എത്ര നല്ല കൃതി ആണെങ്കിലും അതിനെ ഒരു ചെറുവിരൽ അനക്കി പോലും അത് നല്ലതാണ് എന്ന് പറയുകയില്ല അപ്രിസിയേറ്റ് ചെയ്യുകയില്ല. ആ കൃതി ഇവിടെ കണ്ടത് ആയിട്ട് പോലും അവർ നടിക്കാറില്ല. ഇവിടെ ഞാൻ അന്തരിച്ചു നിന്നു പോകുകയാണ്. പല നല്ല കൃതികളും ഇവിടെ ശ്രദ്ധിക്കപെടുന്നില്ല. എന്നാൽ ചില വെടക്ക് കൃതികളെ പൊക്കിയെടുത്ത് തോളിൽ വയ്ക്കാനും അതിനെ പൊക്കിയെടുത്ത് തോളിലും വെച്ച് ലാളിച്ച് ഓമനിച്ച ചുംബിച്ച് അപ്രീഷിയേറ്റ് ചെയ്യാനും ആളുകളുണ്ട്. ഞാൻ ദിവസവും ഈ പ്രതികരണ കോളം വായിക്കാറുണ്ട്. അത് ഞാൻ നിരീക്ഷിച്ചു വരികയാണ്. ആരെയൊക്കെയാണ് ചുമ്മാ പൊക്കി തോളത്ത് വെക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞു. പിന്നെ ഒരു കാര്യം പ്രതികരണ കോളം ഈ പുതിയ ഈ മലയാളി ഫോർമാറ്റ് വന്നതോടെ അല്പം തളർന്നുപോയി എന്ന് പറയാം. ആൾക്കാർക്ക് പഴയ ഫോർമാറ്റിൽ പോയി ക്ലിക്ക് ചെയ്താലേ അത് കാണാൻ പറ്റുന്നുള്ളൂ. . അത്രയ്ക്കൊന്നും ആൾക്കാർ ശ്രദ്ധിക്കാറോ ശ്രമിക്കാരോ ഇല്ല. എളുപ്പം കണ്ടാൽ കേറി അപ്പാ എന്ന് വിളിക്കുന്നവരാണ് നമ്മുടെ ആൾക്കാർ അധികവും. പിന്നെ ഒത്തിരി അങ്ങോട്ട് പരതിനടക്കാനും ആൾക്കാർക്ക് സമയമില്ല. സത്യത്തിൽ ഈ പ്രതികരണ കോളം ആണ് ഏറ്റവും ജീവനുള്ള അർത്ഥവത്തായ വായന സുഖമുള്ള ഒരു തമാശ കോളം.
vayanakaaran 2025-05-12 11:46:08
അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ രചനകൾക്ക് അഭിപ്രായം എഴുതുന്നവരെയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുയും ചെയ്യുന്നത് ഒരു വിനോദമായിട്ടുണ്ട്. സ്വന്തം ഭാഷയും സംസ്കാരവും വളരുന്നതിൽ അഭിമാനിക്കുക കാടടച്ചു വെടി വയ്ക്കാതിരിക്കുക. നിങ്ങളെപ്പോലെ ഓരോരുത്തരും (പ്രതികരണ മാത്തൻ) എഴുതിവിടുന്നത് അമേരിക്കൻ മലയാളി എഴുത്തുകാരെ അപഹസിക്കുന്നു നിങ്ങൾക്ക് അതുകൊണ്ട് നേട്ടമുണ്ട് അതായത് ഒരു പ്രസ്ഥാനത്തെ തുരത്തി എന്ന നേട്ടം എന്നാൽ ആത്മാർത്ഥമായി എഴുതുന്നവരെ അത് വേദനിപ്പിക്കുന്നു.
Jayan varghese 2025-05-12 14:03:22
ഛന്ദസൗകുമാര്യം നില നിർത്തുന്ന മനോഹര രചന. അഭിനന്ദനങൾ ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക