ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരത്ത് നടന്ന പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി സംഘടിപ്പിച്ച മിസ് കൂവഗം പരിപാടിയില്‍ മുഖ്യാതിഥിയായാണ് വിശാല്‍ പങ്കെടുത്ത തെന്നാണ് റിപ്പോർട്ട്. ആരാധകരും സംഘാടകരും ചേര്‍ന്നാണ് പ്രഥമശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
മുന്‍ മന്ത്രി കെ. പൊന്‍മുടി അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് മുമ്പ് വിശാല്‍ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ കാരണമായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതിനിടെ, തന്റെ ‘മദ ഗജ രാജ’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ തീര്‍ത്തും അവശനായാണ് കാണാനായത്.
നില്‍ക്കാന്‍ തന്നെ അദ്ദേഹത്തിന് പരസഹായം വേണ്ടിവന്നിരുന്നു. മൈക്ക് പിടിക്കുമ്പോള്‍ കൈ വിറയ്ക്കുന്ന ഒരു വീഡിയോ ദൃശ്യം പുറത്തുവന്നത് ആരാധകരെയും ഏറെ ആശങ്കപ്പെടുത്തിയിരുന്നു