Image

അമ്മയും കുഞ്ഞുമെന്ന ആൽക്കെമിസ്റ്റ് (ഷുക്കൂർ ഉഗ്രപുരം)

Published on 31 May, 2025
അമ്മയും കുഞ്ഞുമെന്ന ആൽക്കെമിസ്റ്റ് (ഷുക്കൂർ ഉഗ്രപുരം)

എൻ്റെ സുഹൃത്ത് ഒരു ദിവസം എറണാകുളത്ത് നിന്നും ട്രെയിനിൽ നാട്ടിലേക്ക്  വരുമ്പോൾ, പാസ്സന്ജർ ട്രെയിൻ ആയത് കൊണ്ട് തിരക്കോട് തിരക്കായിരുന്നു. അവൾ എങ്ങനെയൊക്കെയോ നിൽക്കുമ്പോൾ  തീവണ്ടിയിൽ വിൻഡോ സീറ്റിൽ ഇരിക്കുന്ന അമ്മയുടെ മടിയിലെ കുഞ്ഞ് അലമുറ ഇട്ട് കരയുന്നു. കരച്ചിൽ എന്ന് പറഞ്ഞാൽ സാധാരണ കരച്ചിൽ ഒന്നുമല്ല ആരോ സൂചി കൊണ്ട് കുത്തുന്ന പോലെയാണ് ബഹളം. അതിനിടക്ക് അറിയുന്ന വാക്കുകൾ ഉപയോഗിച്ച് ആ കുഞ്ഞ് നമുക്ക് പോകാം എന്നും അമ്മിഞ്ഞ കൊടുക്കാൻ ശ്രമിക്കുന്ന അമ്മയോട് എനിക്ക് അമ്മിഞ്ഞ വേണ്ടാ എന്നും വ്യക്തമായി പറയുന്നുണ്ട്. ഈ കരച്ചിൽ ഇങ്ങനെ വർധിക്കുന്നതല്ലാതെ കുറയുന്നില്ല. കൂടെ ഉള്ളവരിൽ ചിലർ കുഞ്ഞിന്റെ ഉടുപ്പ് ഊരി കളയാനും വീണ്ടും വീണ്ടും അമ്മിഞ്ഞ കൊടുത്ത് നോക്കാനും ഉപദേശിക്കുന്നുണ്ട്.കുഞ്ഞാണെങ്കിൽ അതിലും മീതെ അലറൽ. ഒരു പയ്യൻ ഫോൺ കൊടുത്തതും അത് വാങ്ങി ഒരു ഏറുകൊടുത്തു ആ കുഞ്ഞ്.ഒരു അപ്പാപ്പൻ അമ്മാമ്മയോട് ഇതൊരു സാധാരണ മൊതല് അല്ലെന്ന് അടക്കം പറയുന്നു. അല്ലെങ്കിലും അരുതാത്ത വാക്കുകൾ ആരാനെ കുറിച്ച് പറയുന്നതാണല്ലോ നമ്മുടെ ശീലം.

 കുഞ്ഞിന്റെ അമ്മയ്ക്ക് ഏതാണ്ട് 25 വയസ്സേ കാണൂ. അത് ജനിച്ചപ്പഴേ അമ്മയായിരുന്നു എന്ന മട്ടിലാണ് അവിടെ ഉള്ളവരുടെ സംസാരവും നോട്ടവുമെല്ലാം. മറ്റുള്ളവരുടെ മുഖത്ത് സ്വന്തം കുഞ്ഞിനെ നിയന്ത്രിക്കാൻ സാധിക്കാത്ത സ്ത്രീയെ നിനക്ക് പോയി ചത്തൂടെ എന്നുള്ള ഭാവം. കുഞ്ഞിന്റെ അച്ഛനാണെങ്കിൽ ഒന്ന് രണ്ട് ബാഗും കെട്ടിപിടിച്ച് ഇരിക്കുന്നുണ്ട്. ആയാൾ ഇടയ്ക്കിടെ ഓരോ പ്രസ്താവനകൾ നടത്തുന്ന, ഉടുപ്പ് ഊരണ്ട! ഉഷ്ണം കൊണ്ടല്ല കരയുന്നത്, അവൾ ജന്മനാ വാശിക്കാരിയാണ്. അവളുടെ വാശി സാധിച്ചു കൊടുത്ത് വഷളാക്കിയത് അവളുടെ അമ്മയാണ്.  കുഞ്ഞിന്റെ കരച്ചിൽ ശ്വാസം കിട്ടാത്ത നിലയിലേക്ക് തുടർന്നപ്പോ അമ്മ കരയാൻ തുടങ്ങി. നമുക്ക് ഇറങ്ങാം ബസിൽ പോകാം എന്ന് അയാളോട് കെഞ്ചാൻ തുടങ്ങി അയാള് മിഥുനം സിനിമയിൽ ഇന്നസെന്റ് നിൽക്കുന്നത് പോലെ ഇരിക്കുന്നു. 

എൻ്റെ സുഹൃത്ത് ആ കുഞ്ഞിനെ നിരീക്ഷിക്കുമ്പോൾ കുഞ്ഞു കൈ ചൂണ്ടുന്ന ദിശയിൽ അമ്മ അൽപ്പം നടക്കുമ്പോ അവൾ കരച്ചിൽ കുറയ്ക്കുന്നുണ്ട്,   സത്യത്തിൽ അവൾ ഇരിക്കുന്നതിന്റ തൊട്ട് അപ്പുറത്തും ഡോർ ഉണ്ട് പക്ഷെ അവൾ ഓപ്പോസിറ്റ് കുറച്ചു നടക്കേണ്ട ഭാഗത്തേക്ക്‌ ആണ് പോകാം എന്ന് പറയുന്നത്, എൻ്റെ സുഹൃത്ത് അവളുടെ അടുത്ത് ചെന്ന് പുറത്ത് തലോടി ക്കൊണ്ട് ഇതിലെ ഇറങ്ങാം ഇതാണ് എളുപ്പം എന്ന് പറഞ്ഞു, ആ കുഞ്ഞ് നന്നായി ശ്രദ്ധിച്ച് വീണ്ടും കരച്ചിൽ തുടർന്നു. അപ്പൊ അവളുടെ അമ്മ പറഞ്ഞു  ഞങ്ങൾ കയറിയത് ആ വഴിക്കാണ് അത്കൊണ്ട് ആണ് അവൾ ആ ഡയറക്ഷൻ പിടിക്കുന്നത്. എനിക്ക് ആ അമ്മയോട് പാവം തോന്നി. അവൾ ബസിൽ പോകാം എന്ന് കരയാൻ തുടങ്ങിയപ്പോ  ഞാൻ പറഞ്ഞു ഇതിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിൽ പോയാലും ഇരിഞ്ഞാലക്കുടക്ക് നേരിട്ട് ബസ് കിട്ടാൻ ബുദ്ധിമുട്ട് ആണ് ചാലക്കുടി വരെ ഒരു ബസിൽ പോവണം പിന്നെയും മാറണം അതുകൊണ്ട് ആവും അവര് സമ്മതിക്കാത്തത്. "മോൾ എന്തൊരു മിടുക്കി കുഞ്ഞാണ്" എന്ന് ഞാൻ പറഞ്ഞപ്പോ ആ അമ്മ അന്തം വിട്ട് എന്നെ നോക്കി. അതിനിടയ്ക്ക് അലമുറയും കുഞ്ഞിനെ ഇട്ട് പൊക്കലും കുലുക്കലും ഒക്കെ നടക്കുന്നുണ്ട്. ഞാൻ തുടർന്നു "നമുക്കൊക്കെ ഈ തിരക്കിൽ ദേഷ്യം വരുന്നില്ലേ? ഇറങ്ങി ഓടാൻ തോന്നുന്നില്ലേ എന്നിട്ട് നമ്മൾ എന്താണ് ചെയ്യുന്നത് സഹിച്ച് ഇരിക്കുന്നു. ഇവൾ എന്താണ് ചെയ്യുന്നത് പൊരുതുന്നു കുഞ്ഞിന് നല്ല പ്രതികരണ ശേഷി ഉള്ളത് കൊണ്ടാണ് കരയുന്നത്. അവൾ വലുതാകുമ്പോൾ അവൾക്ക് ആഗ്രഹം ഉള്ളത് നേടാൻ ഇതിലും നന്നായി പൊരുതും. ആരോഗ്യം ഉള്ള കുട്ടികളെ ഇങ്ങനെ വാശി പിടിക്കൂ, തളരുമ്പോ നിർത്തും പേടിക്കണ്ട ഇവൾ വലുതാകുമ്പോൾ ഒരു മിടുക്കി കുഞ്ഞാകും. കുഞ്ഞിന്റെ അമ്മ പെട്ടെന്ന് ശാന്തമായി ചിരിച്ചു ശരിയാണ് ചേച്ചി അവൾ നല്ല കുട്ടിയാണ് ഇതിപ്പോ ഈ തിരക്ക് അവൾക്ക് ഇഷ്ടപ്പെടുന്നില്ല അതാണ്. അത്രയും സമയം എൻ്റെ സുഹൃത്ത് ആ കുഞ്ഞിനെ വെറുതെ തലോടി കൊണ്ടിരുന്നു. അമ്മ കൂൾ ആയപ്പോ കുഞ്ഞും മെല്ലെ ആ താളത്തിലേക്ക് വന്നു. ഏന്തി കൊണ്ട് ഒരു കല്പനയാണ്  അമ്മിഞ്ഞാ! അവളുട അമ്മ എന്റെ ഈശ്വരാ  രക്ഷപെട്ടു എന്നും പറഞ്ഞു തിരിഞ്ഞിരുന്നു പാൽ കൊടുക്കാൻ തുടങ്ങിയതും അവൾ  കരച്ചിൽ പൂർണ്ണമായും നിർത്തി ഉറങ്ങാൻ തുടങ്ങി.

 അവർ ട്രെയിൻ ഇറങ്ങുമ്പോഴും അവൾ ഉറക്കത്തിലായിരുന്നു.  അപ്പോഴും അച്ഛന്റ് ഭാവം അത് തന്നെയായിരുന്നു.  ആ അമ്മമോള് എൻ്റെ സുഹൃത്തിനെ നോക്കി ചിരിച്ചു. ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന അർത്ഥത്തിൽ ഞാനും അവളോട് ചിരിച്ചു. അവർ നടന്നകന്നു. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ സ്നേഹിക്കുന്നു എങ്കിൽ അതിന്റ അമ്മയെ മാക്സിമം comfort ആക്കാൻ ശ്രമിക്കൂ, കുഞ്ഞ് പിറന്ന് കഴിഞ്ഞാലും കുറെ കാലങ്ങൾ അമ്മയുടെ ഇമോഷനുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. നിങ്ങളുടെ മകന്റെ കുട്ടി ആരോഗ്യത്തോടെ ഇരിക്കാൻ അതിന്റെ അമ്മയോട് സ്നേഹത്തോടെ പെരുമാറൂ. ചിലർ പറയും എന്തൊക്ക നമ്മൾ നോക്കിയാലും വാങ്ങി കൊടുത്താലും കൊച്ചിന് അമ്മയുടെ അമ്മയെ or അച്ഛനെയാണ് ഇഷ്ടം എന്ന് അതിന്റ കാരണം ആരാണ് അവന്റെ അവളുടെ അമ്മയോട് സ്നേഹത്തോടെ പെരുമാറുന്നത് അവരെയാണ് കുഞ്ഞി നു ഇഷ്ടം.

 

- ഷുക്കൂർ ഉഗ്രപുരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക