Image

വിശ്വാസം ; അതല്ലേ എല്ലാം ( വിചാര സീമ : പി.സീമ )

Published on 05 June, 2025
വിശ്വാസം ; അതല്ലേ  എല്ലാം ( വിചാര സീമ : പി.സീമ )

ശരിയാണോ ഈ ചൊല്ല്.?  ഒട്ടും ശരിയെന്നു തോന്നാത്ത ഒന്ന്.. ഒരു കുഞ്ഞിന് സ്വന്തം അമ്മയെ പോലും വിശ്വസിക്കാനാകാത്ത ഇക്കാലത്തു ആർക്കു ആരെ വിശ്വസിക്കാനാകും.? ഒരു കുഞ്ഞിനെ വിശ്വസിച്ചു എങ്ങനെ ആരുടെ കൈയിൽ എൽപിക്കാൻ കഴിയും...

തെല്ലും അസൂയയോ കാപട്യമോ ഇല്ലാതെ നമ്മെ അവരുടെ പ്രാർത്ഥനകളിൽ ചേർത്ത് വെയ്ക്കുന്നത് അച്ഛനമ്മമാരാണ് എന്ന വിശ്വാസമാണ് നഷ്ടമായിരിക്കുന്നത്.. അങ്ങനെ വന്നാൽ പിന്നെ നാം അനാഥരല്ലേ. ചുറ്റിനും ഏറെ പേരുണ്ടെങ്കിലും നാം തനിച്ചായിരിക്കും. ആരെയും അമിതമായി വിശ്വസിക്കുകയോ സ്നേഹിക്കുകയോ ചെയ്‌താൽ അവിടെ തുടങ്ങുന്നു നമ്മുടെ പതനം. എല്ലാവരും ഇതിൽ പെടില്ല എങ്കിലും ഏറെയും ഇങ്ങനെയുള്ളവർ ആയിരിക്കും.

ഒന്നോ രണ്ടോ തവണ പെണ്ണിനെ അറിഞ്ഞുപേക്ഷിക്കുന്ന പുരുഷന്മാർ,..സ്ത്രീകൾ.,.ലിവിങ് ടുഗെതർ മോഹം തീർന്നാൽ   അടുത്ത ഇരയെ കിട്ടിയാൽ പെണ്ണിനോട് ഇനി നീ എന്നാണ് ചാകുക എന്ന് ചോദിക്കുന്ന പുരുഷൻ (ഉദാഹരണം ഐ ബി ഉദ്യോഗസ്ഥ ആയിരുന്ന ആത്മഹത്യ ചെയ്ത പെൺകുട്ടി)...അങ്ങനെ എത്രയോ സമകാലിക സംഭവങ്ങൾ... വാസ്തവത്തിൽ ഇവിടെ ഒക്കെ നഷ്ടപ്പെട്ടത് വിശ്വാസം ഒന്ന് മാത്രം അല്ലേ....അത് കൊണ്ടു ഏതു പ്രായത്തിലും അടുപ്പങ്ങൾക്ക് ഒരു പരിധി ഉണ്ടായാൽ വിശ്വാസം പ്രശ്നമാകില്ല.. വഞ്ചന....ഇപ്പോഴത്തെ ഭാഷയിലെ തേപ്പ്....ഉണ്ടാകില്ല..

അപ്പോഴും ഹൃദയത്തോട് ചേർത്ത് പിടിക്കാൻ നിങ്ങളോട് നിന്റെ സങ്കടങ്ങൾ മതി   എന്ന് പറഞ്ഞു  ഇടയ്ക്കിടെ   തേടി വരുന്ന ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അയാളെ വിശ്വസിക്കാം.. കാരണം ബാഹ്യസൗന്ദര്യമോ ക്ഷണികമായ  ശരീരസുഖമോ മാത്രമല്ല അയാൾ ആഗ്രഹിക്കുന്നത്.  അവിടെ വിശ്വാസത്തിന്റെ പ്രശ്നമേയില്ല. അങ്ങനെ ഒരാൾ ഉണ്ടൊ?ഉണ്ടെങ്കിൽ അയാളെ, അവളെ കൈ വിടാതിരിക്കുക... ഏതു ഋതുവിലും നിങ്ങളെ ഹൃദയത്താൽ ചേർത്ത് പിടിക്കുന്ന, കണ്ണെത്താ ദൂരെയെങ്കിലും  മനസ്സാൽ കൈയെത്തും ദൂരത്തുള്ള  അഭയമാണത്. എത്ര മുറുകിയാലും പൊട്ടാത്ത തന്ത്രികൾ ഉതിർക്കുന്ന പ്രണയ സംഗീതമാണത്... ഒന്നിനും വേണ്ടിയല്ലാതെയും നീ എന്റേതാണെന്ന് ആശ്വസിപ്പിക്കുന്ന ഹൃദയസ്പർശമാണത്. ആരുമില്ലെന്ന ശൂന്യതയിലും നിങ്ങളുടെ ലോകം അവരിലേക്ക്‌ മാത്രമായി ഒതുക്കുന്ന മായാജാലമാണത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക