വാഷിംഗ്ടൺ, ഡിസി: പ്രസിഡന്റ് ട്രംപിന് ലഭിച്ച ഏറ്റവും വലിയ പ്രഹരമായി ഉറ്റ അനുചരൻ എലോൺ മസ്കിന്റെ നിശിത വിമര്ശനം. 'ഇത്രയും നന്ദികേട്' (such ingratitude) എന്ന് മസ്‌ക് സ്വന്തം കമ്പനി 'എക്‌സിൽ എഴുതി. കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായി ജയിലിൽ ആത്മഹത്യ ചെയ്ത ഫൈനാൻസിയർ ജെഫ്രി എപ്‌സ്റ്റെയിനുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് കേസിന്റെ രേഖകൾ ഒന്നും പുറത്തു വിടാത്തതെന്നു മസ്ക് ആരോപിച്ചു. ഇതോടെ രേഖകൾ പുറത്തു വിടണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയും ആവശ്യപ്പെട്ടു
മസ്‌കിന്റെ കമ്പനികൾക്കുള്ള ബില്യൺ കണക്കിന് ഡോളറിന്റെ ഫെഡറൽ കരാറുകളും നികുതി സബ്‌സിഡികളും വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി. ഇതോടെ ടെസ്‌ല സ്റ്റോക്കിൽ വലിയ ഇടിവുണ്ടാകുകയും ചെയ്തു.
ചരിത്രം കുറിച്ച ഇലെക്ഷൻ കൂട്ടുകെട്ടിൽ ഏർപ്പെട്ടവർ ഇത്ര പെട്ടെന്ന് പിണങ്ങിപ്പിരിയുമെന്ന് ആരും കരുതിയില്ല. എന്തായാലും ഇരുവരുടെയും പ്രതിച്ഛായക്കും ഇത് മങ്ങലേല്പിച്ചു.
ട്രംപിന്റെ ബജറ്റ് ബില്ലിനെയാണ് ആദ്യം മസ്ക് ചോദ്യം ചെയ്തത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ആർക്കാണ് കൂടുതൽ ക്രെഡിറ്റ് എന്നതും വൈകാതെ ചർച്ചാവിഷയമായി. കണ്ണിനേറ്റ പരുക്ക് മസ്‌ക് മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാത്തത് എന്തുകൊണ്ടാണെന്നു ചോദ്യവും വന്നു. ഇതിനു ശേഷം മസ്‌കിന്റെ കമ്പനികളുമായുള്ള കരാറുകൾ സർക്കാർ വെട്ടിക്കുറച്ച് സബ്‌സിഡികൾ നിർത്തണോ എന്നതും വിഷയമായി.
'നമ്മുടെ ബജറ്റിൽ, ബില്യൺ കണക്കിന് ഡോളർ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, എലോണിന്റെ സർക്കാർ സബ്‌സിഡികൾ, കരാറുകൾ എന്നിവ അവസാനിപ്പിക്കുകയാണ്,' ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. 'ബൈഡൻ അത് ചെയ്യാത്തതിൽ എനിക്ക് അതിശയമുണ്ട്.'
ജർമ്മനിയുടെ പുതിയ ചാൻസലറായ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെ, ട്രംപ് ദിവസങ്ങളോളം നീണ്ടുനിന്ന നിശബ്ദത വെടിഞ്ഞ് മസ്‌കിനെതിരെ ആഞ്ഞടിച്ചു.
'എലോണിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ എലോണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്,' ട്രംപ് പറഞ്ഞു.
കയ്യോടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മസ്‌ക് പ്രതികരിച്ചു. 'ഞാനില്ലായിരുന്നെങ്കിൽ, ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടുമായിരുന്നു. റിപ്പബ്ലിക്കൻമാർ സെനറ്റിൽ 51-49 ആയി മാറുമായിരുന്നു. 'ഇത്രയും നന്ദികേട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഉച്ചയോടെ, മസ്‌ക് റിപ്പബ്ലിക്കൻ പാർട്ടി വിട്ട് ഒരു പുതിയ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന ധാരണ പടർന്നു . ട്രംപ്, ആകട്ടെ ഇത് 'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' ആണെന്ന് ആരോപിച്ചു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് 250 മില്യൺ ഡോളറിലധികം ചെലവഴിച്ചുവന്നു കരുതുന്നു . ട്രംപ് വിജയിച്ച ശേഷം, ഫെഡറൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ അദ്ദേഹം മസ്‌കിന് സ്വതന്ത്ര നിയന്ത്രണം നൽകി. കഴിഞ്ഞ ആഴ്ച, മസ്‌കിന് പ്രസിഡന്റ് ഓവൽ ഓഫീസിൽ വ്യക്തിപരമായി ഒരു യാത്രയയപ്പ് നൽകി. 'ലോകം ഇതുവരെ സൃഷ്ടിച്ച ഏറ്റവും മികച്ച ബിസിനസ്സ് നേതാക്കളിലും പരിഷ്കർത്താക്കളിലും ഒരാൾ' എന്ന് മസ്കിനെ പ്രശംസിക്കുകയും ചെയ്തു. അതേസമയം മസ്‌ക് പ്രസിഡന്റിന്റെ സുഹൃത്തും ഉപദേഷ്ടാവുമായി തുടരുമെന്ന് വാഗ്ദാനവും ചെയ്തു.
മധ്യവർത്തികളായ 80 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി വേണോ എന്ന് എലോൺ മസ്‌ക് X-ൽ ഒരു വോട്ടെടുപ്പ് നടത്തി. ലോകമെമ്പാടുമുള്ള വലതുപക്ഷ നേതാക്കളുമായി ഇടപഴകിയിട്ടും, അദ്ദേഹം പലപ്പോഴും സ്വയം ഒരു മധ്യവാഴ്ത്തി നിലപാടുള്ള ആളായി ചിത്രീകരിച്ചിട്ടുണ്ട്.