Image

തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി

Published on 06 June, 2025
തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി

തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് ആണ് വധു. തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയുടേയും മുൻകാല തെന്നിന്ത്യൻ നടി അമലയുടേയും മകനാണ് അഖിൽ അക്കിനേനി. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ വസതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടേതും പ്രണയ വിവാഹമാണ്. തെലുങ്ക് ആചാരമനുസരിച്ച് പുലർച്ചെ മൂന്ന് മണിക്കായിരുന്നു വിവാഹം.

വെള്ള നിറത്തിലുള്ള വസ്ത്രമാണ് നവദമ്പതികൾ ചടങ്ങിൽ ധരിച്ചത്. വെള്ള കുർത്തയും പഞ്ചയും   അതിന് ചേർന്ന അം​ഗ വസ്ത്രവുമായിരുന്നു അഖിലിന്റെ വേഷം. വെളുപ്പും സ്വർണനിറവും നിറഞ്ഞ പട്ടുസാരിയും വജ്രാഭരണങ്ങളുമായിരുന്നു സൈനബിന്റെ വേഷം. നാ​ഗാർജുനയുടെ മകനും നടനുമായ നാ​ഗചൈതന്യയും ഭാര്യ ശോഭിത ധുലിപാലയും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.

അതേസമയം, 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി. ശ്രിയ അപ്പോളോ ചെയര്‍മാന്‍ ആയ പ്രതാപ് റെഡ്ഡിയുടെ ചെറുമകന്‍ അനിന്തിത് റെഡ്ഡിയെയാണ് വിവാഹം ചെയ്തത്.

സംവിധായകൻ പ്രശാന്ത് നീൽ, ക്രിക്കറ്റ് താരം തിലക് വർമ്മ, നടൻ ശർവാനന്ദ് എന്നിവരും ചടങ്ങിനെത്തി. വിവാഹത്തലേന്നായ ഇന്നലെനടന്ന ബറാത്ത് ചടങ്ങിൽ തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, ഭാര്യ സുരേഖ, രാംചരൺ തേജ, ഉപാസന കാമിനേനി എന്നിവർ പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വരും ദിവസങ്ങളിൽ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക