കഥപറച്ചിലിന്റെ നൂതന ഫോർമുലയുമായി മലയാള സിനിമയിൽ ഇടംനേടാനൊരുങ്ങുന്ന ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പിൻവാതിൽ'ൻ്റെ ഡിജിറ്റൽ ഓഡിയോ ലോഞ്ച് ഇന്ന് (2025 ജൂൺ 6) നടന്നു. പുതുമുഖ സംഗീത സംവിധായകൻ എത്നിക്കിൻ്റെ മാന്ത്രിക സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
'പിൻവാതിൽ' ഒരു മ്യൂസിക്കൽ സിനിമയല്ലെങ്കിലും, ചിത്രത്തിലെ മൂന്ന് ഗാനങ്ങളും കഥപറച്ചിൽ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. കഥയുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന പശ്ചാത്തല സംഗീതം എത്നിക്കിൻ്റെ പ്രതിഭ വിളിച്ചറിയിക്കുന്നു.
ദേശീയ അവാർഡ് ജേതാക്കളായ സിനിമാട്ടോഗ്രാഫർ മധു അമ്പാട്ട്, അഞ്ചു തവണ ദേശീയ അവാർഡ് നേടിയ എഡിറ്റർ ബി. ലെനിൻ എന്നിവരുൾപ്പെടെയുള്ള പ്രതിഭാധനരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. അജിത്ത്, മിഹിര, അനു ജോർജ് എന്നിവരാണ് 'പിൻവാതിലി'ലെ പ്രധാന അഭിനേതാക്കൾ.
നേരത്തെ, ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) യിൽ മികച്ച ജനപ്രീതി നേടിയ ചിത്രം കൂടിയാണ് 'പിൻവാതിൽ'. ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
English summary:
“Pinvaathil” brings soulful music; audio launch of J.C. George's new film held; movie to hit theatres soon.