ഗാര്‍ഹിക പീഡന നിയമങ്ങള്‍ നടപ്പാക്കുന്ന അവസരങ്ങളില്‍ ചിലപ്പോഴെങ്കിലും നിരപരാധികളായ പുരുഷന്‍മാരുടെ ജീവിതവും അതിന്റെ നൂലാമാലകളില്‍ പെട്ടുപോകാറുണ്ട്. സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയവുമാണത്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ മറ്റൊരാള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമ്പോള്‍ തെറ്റു ചെയ്തിട്ടില്ലെങ്കിലും കുറ്റക്കാരന്റെ സ്ഥാനത്ത് നില്‍ക്കേണ്ടി വരികയും ചെയ്യുന്ന പരാജിതര്‍ക്ക് സമാനമായ നിസഹായതയോടെ നില്‍ക്കേണ്ടി വരുന്ന ചില മനുഷ്യരുണ്ട്. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്ത 'ആഭ്യന്തര കുറ്റവാളി' എന്ന ചിത്രം ലളിത സുന്ദരമായ അവതരണത്തിലൂടെ ഗൗരവമേറിയ ഒരു വിഷയത്തിലേക്ക് സമൂഹത്തിന്റെ ഒന്നാകെ ശ്രദ്ധ ക്ഷണിക്കുകയാണ്.
സഹകരണ സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് സഹദേവന്‍(ആസിഫ് അലി). അച്ഛനും അമ്മയും വിവാഹിതയായ പെങ്ങളുമാണ് സഹദേവനുള്ളത്. തൃശൂരിലെ അന്തിക്കാട്ടുകാരന്‍. ഇടുക്കിയില്‍ നിന്നുള്ള നയന (തുളസി) എന്ന പെണ്‍കുട്ടിയെ സഹദേവന്‍# വിവാഹം കഴിക്കുന്നു. ചോദിക്കാതെ തന്നെ നൂറു പവന്‍ സ്വര്‍ണം നല്‍കിയാ#ാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹം നടത്തിയത്. ഒരു പാട് സ്വപ്നങ്ങളോടെ പ്രതീക്ഷകളോടെയാണ് സഹദേവന്‍ തന്റെ പുതിയ ജീവിതം തുടങ്ങുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അയാള്‍ക്ക് വിവാഹ ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. നയനയുടെയും അച്ഛന്റെയും താല്‍പ്പര്യങ്ങള്‍ക്ക് നടുവില്‍ പെട്ടു പോകേണ്ട അവസ്ഥയാണ് അയാള്‍ക്ക്. അയാളുടെ ജീവിതം അതോടെ മാറുകയാണ്. നയന സഹദേവനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ കേസ് കൊടുക്കുകയും തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
ഓരോ സിനിമ കഴിയുന്തോറും തന്നിലെ അഭിനയ പ്രതിഭയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന നടനാണ് ആസിഫ് അലി. കിഷ്‌ക്കിന്ധാകാണ്ഡം, രേഖാചിത്രം, ഇരട്ട, സര്‍ക്കീട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ നടന്റെ റേഞ്ച് വ്യക്തമാക്കുന്നതാണ്. നാട്ടിന്‍പുറത്തെ സധാരണചെറുപ്പക്കാരനായി, നമുക്കെല്ലാം പരിചിതനായ ഒരാളായി മാറുകയാണ് ആസിഫ് സഹദേവനിലൂടെ. നാട്ടിന്‍പുരത്തെ ജീവിതശൈലികളും ഒരു ശരാശരി ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ശരീരഭാഷയുമെല്ലാം വളരെ ഭംഗിയോടെ, കൈയ്യടക്കത്തോടെ അവരിപ്പിക്കാന്‍ ആസിഫിന് സാധിച്ചു. ചെയ്യാത്ത തെറ്റിന് നിയമത്തെ നേരിടേണ്ടി വരുമ്പോഴുള്ള ഭീതിയും നിസഹായതയും അതിനെ അതിജീവിക്കാനുളള ശ്രമങ്ങളും, അതിനിടയില്‍ അയാള്‍ക്ക് കാലിടറുമ്പോള്‍ പ്രേക്ഷകര്‍ക്കും വേദനിക്കുന്നുണ്ട്. സഹദേവന്റെ മാതാപിതാക്കളായി ബാലചന്ദ്രന്‍ ചുള്ളിക്കാടും നീരജാ രാജേന്ദ്രനും മികച്ച അഭിനയം കാഴ്ച വച്ചു.
ചിത്രത്തിലെ നായികമാരായി എത്തിയ രണ്ടു താരങ്ങളും മികച്ച വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. നയനയായി എത്തിയ പുതുമുഖ താരം തുളസി നവാഗതയുടെ പതര്‍ച്ചകളൊന്നമില്ലാതെയാണ് സ്‌ക്രീനില്‍ തിളങ്ങിയത്. അഭിഭാഷകയായി ശ്രേയ രുക്മിണിയും തിളങ്ങി. സീനിയര്‍ അഭിഭാഷകനായി എത്തിയ ജഗദീഷ്, വിജയകുമാര്‍ എന്നിവരും വളരെ റേഞ്ചുള്ള പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. ഹരിശ്രീ അസോകന്‍, സിദധാര്‍ത്ഥ് ഭരതന്‍, ആനന്ദ് മന്‍മഥന്‍ തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
കോമഡിക്ക് മുന്‍തൂക്കം നല്‍കി ഒരുക്കിയിട്ടുള്ള സിനിമ കൈകാര്യം ചെയ്യുന്നത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ഗാര്‍ഹിക പീഡന കേസുകളില്‍ എപ്പോഴും സ്ത്രീകള്‍ ഇരകളും പുരുഷന്‍ വേട്ടക്കാരനുമാകുന്നില്ലെന്ന് ചിത്രം കാട്ടിത്തരുന്നു. അതിന്റെ മറുവശം, അല്ലെങ്കില്‍ ആ നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ വിവാഹ ബന്ധം ബന്ധനമായി തീരുന്ന പുരുഷന്‍മാരുടെ ജീവിതമാണ് ചിത്രത്തില്‍ അനവരണം ചെയ്യുന്നത്. വളരെയധികം ശ്രദ്ധ നേടുന്ന ഒരു വിഷയം, അതും വളരെ ഗൗരവത്തോടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചത് എന്ന് സാമൂഹിക പ്രസക്തി അര്‍ഹിക്കുന്നു. സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. വലിയ സസ്‌പെന്‍സോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത ചിത്രം കേന്ദ്രകഥാപാത്രമായ സഹദേവനെ ചുറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്. പോലീസ്, കേസ്, കോടതി അങ്ങനെ പലതുമായി സാധാരണ രീതിയില്‍ തന്നെ ചിത്രം കഥ പറഞ്ഞു പോകുന്നു. വളരെ റിയലിസ്റ്റിക്കായി കോമഡിയുടെ അകമ്പടിയോടെ കഥ പറഞ്ഞു പോകുന്നു.
ബിജിബാലും ക്രിസ്റ്റി ജോബിയും ചേര്‍ന്നൊരുക്കിയ സംഗീതവും രാഹുല്‍രാജിന്റെ പശ്ചാത്തല സംഗീതവും അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ഛായാഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. സോബിന്‍ കെ.സോമന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മികവ് കൂട്ടി. പുരുഷപക്ഷത്തു നിന്നു ചിന്തിക്കുന്ന സിനിമയാണ്. എന്നാല്‍ കുടുംബസഹിതം കാണേണ്ട ചിത്രവുമാണ്. ധൈര്യമായി ടിക്കറ്റെടുക്കാം.