ഞാനറിയുന്നു കവിതേ
നീയെന്നിലൊരു
ചെറുചിന്തയായെങ്കിലും
നാമ്പിടാൻ
വാക്കുകളോരോന്നായ്
വിടരാൻ
വളർന്നു ചിരിക്കാൻ
ഉല്ലസിക്കാൻ
നൊമ്പരപ്പെടാനെന്തിനും
പ്രണയമെന്നിൽ പെയ്യണം
ഞാനതിൽ കുതിരണം
കാഠിന്യമൊഴിയണം
ഞാനെന്ന
ഞാനില്ലാതാവണം
ഞാനറിയുന്നു കവിതേ
അതിനാൽ ഞാൻ
പണിയുന്നു ചുറ്റിലും
ഒരായിരം
തണ്ണീർതടങ്ങൾ.
പെയ്യും പ്രണയം
ഒരുതുള്ളിയൊഴിയാതെ
ആ തണ്ണീർതടങ്ങളിൽ
കൂട്ടിവെയ്ക്കുന്നു
ചിലതെങ്കിലും
വറ്റിയേക്കാം വേനലിൽ
ചിലതിൽ
വിഷം കലക്കിയേക്കാം ചിലർ
എങ്കിലുമെപ്പോഴും
നിന്നെയാർദ്രമാക്കാൻ
ബാക്കിയുണ്ടാവണം
ചിലതെങ്കിലുമതിനായ്
പണിയുന്നു ഞാനായിരം
പ്രണയ തണ്ണീർത്തടങ്ങളെൻ
ചുറ്റിലും..