നടൻ മനോജ് കെ. ജയൻ്റെയും നടി ഉർവശിയുടെയും മകളായ തേജാലക്ഷ്മി (കുഞ്ഞാറ്റ) സിനിമയിലേക്ക് കടന്നുവരുന്നു. നായികയായി കുഞ്ഞാറ്റ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ചലച്ചിത്ര ലോകത്ത് നിന്നുള്ള പുതിയ വിവരം. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വീഡിയോകളും നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യുകെയിലെ പഠനത്തിനു ശേഷം സിനിമയിലെത്തുമെന്ന സൂചന കുഞ്ഞാറ്റ പലപ്പോഴും അഭിമുഖങ്ങളിൽ നൽകിയിട്ടുണ്ട്. മനോജ് കെ. ജയനും ഈ വിവരം മുൻപ് തുറന്നുപറഞ്ഞിരുന്നു.
വനിത ഫിലിം അവാർഡ് വേദിയിൽ വെച്ച് മനോജ് കെ. ജയൻ മകളെക്കുറിച്ച് പറഞ്ഞ വാക്കുകൾ അന്ന് വൈറലായിരുന്നു. "അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാൽ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവൾ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എൻ്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്... അവളുടെ അമ്മ ഉർവശി വലിയൊരു നടിയാണ്. അപ്പോൾ ഞങ്ങളുടെ മകൾ എന്ന് പറഞ്ഞാൽ... ദൈവം ചിലപ്പോൾ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കിൽ വളരെ സന്തോഷം... കാരണം ഞങ്ങൾ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ... നല്ലതിനാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ," എന്നായിരുന്നു മനോജ് കെ. ജയൻ്റെ വാക്കുകൾ. സിനിമയിലെത്തുന്ന ഈ താരപുത്രിയെ ആകാംഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
English summary:
Kunjatta steps into the film industry; set to make her debut as a heroine.