Image

പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'റോന്ത്' -റിവ്യൂ

Published on 19 June, 2025
പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'റോന്ത്' -റിവ്യൂ

പോലീസ് സ്റ്റോറികളോട് മലയാള പ്രേക്ഷകന് എന്നും പ്രിയമാണ്. പ്രത്യേകിച്ച് സമീപ കാലത്തിറങ്ങിയ മിക്ക പോലീസ് സ്റ്റോറികളും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിജയവും നേടി കഴിഞ്ഞിട്ടുണ്ട്. അമാനുഷിക കഥാപാത്രങ്ങളല്ലാത്ത പോലീസുകാര്‍. നിത്യജീവിതവുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും സംഭവങ്ങളും അരങ്ങേറുന്ന പോലീസ് സ്റ്റേഷനുകളും അവിടെ നടക്കുന്ന സംഭവ വികാസങ്ങളമെല്ലാം തികച്ചും സ്വാഭാവികതയോടെ അവതരിപ്പിച്ച സിനിമകളായിരുന്നു അതെല്ലാം. അവിശ്വസനീയതയുടെ ഒരു കണിക പോലുമില്ലാത്ത അത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ ദഹിക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'റോന്ത്' എന്ന ചിത്രവും സ്ഥാനം നേടുന്നത്.

ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ രണ്ടു പോലീസുകാര്‍ അവരുടെ ദൈനംദിന ഡ്യൂട്ടികളിലൊന്നായ 'റോന്ത്' നടത്തുന്ന രണ്ടു മണിക്കൂറിനിടയില്‍ അവര്‍ ചെന്നു പെടുന്ന അപ്രതീക്ഷിത പ്രതിസന്ധികളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. നൈറ്റ് പട്രോളിങ്ങ് സമയത്ത് ഇരുവരും കണ്ടു മുട്ടുന്ന പല വിധ കേസുകളാണ് ചിത്രം കാട്ടിത്തരുന്നത്. പുറമേ നിന്നു നോക്കുന്നതു പോലെ എളുപ്പമല്ല പോലീസ് ജോലിയെന്നും അവര്‍ കടന്നു പോകുന്ന അനേകം വിഷമസന്ധികളുണ്ടെന്നും ചിത്രം വ്യക്തമാക്കുന്നു.

സസ്‌പെന്‍സ് ഇമോഷണല്‍ ഡ്രാമ എന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. യോഹന്നാന്‍ എന്ന എസ്.ഐ ആയി ദിലീഷ് പോത്തനും ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറായി റോഷന്‍ മാത്യൂസും എത്തുന്നു. ഈ രണ്ടു കഥാപാത്രങ്ങളും ഒരു രാത്രിയില്‍ നടത്തുന്ന നൈറ്റ് പെട്രോളിങ്ങിനിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ അനുഭവിക്കുന്ന പേടിയും സങ്കടവും നിരാശയും നിസഹായതയുമെല്ലാം ദിലീഷ് പോത്തനും റോഷന്‍ മാത്യൂസും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

പോലസുകാരുമായി ജീപ്പ് റോന്തു ചുറ്റാന്‍ ഇറങ്ങുമ്പോള്‍ പ്രേക്ഷകരും അവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷനെ സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ സംവിധായകന്‍ സമ്മതിക്കുന്നില്ല. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയില്‍ കാണുന്ന അത്ര പിരിമുറുക്കവും ട്വിസ്റ്റും ഒന്നും ഈ ചിത്രത്തിലില്ലെങ്കിലും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് കണക്കു കൂട്ടാന്‍ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ ഒരവസരവും നല്‍കുന്നില്ല എന്നതു ശ്രദ്ധേയമാണ്. ഒരു സാധാരണ വാണിജ്യ സിനിമ പോലെ കലങ്ങിത്തെളിഞ്ഞ് ശുഭപര്യവസാനം നല്‍കാനല്ല സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. പകരം വേദനയും നീറ്റലോടും കൂടി മാത്രമേ പ്രേക്ഷകന് തിയേറ്റര്‍ വിടാന്‍ കഴിയുന്നുള്ളൂ.

രചനയും സംവിധാനവും നിര്വഹിച്ച സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന കൃത്രിമത്വം ഏതുമില്ലാതെ ഒരുക്കിയിട്ടുള്ള ഒരു റിയലിസ്റ്റിക് ചിത്രമാണ്. അദ്ദേഹം തിരക്കഥയെഴുതിയ ജോസഫ്. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിവയും പോലീസ് കഥകളായിരുന്നുവെങ്കിലും തികച്ചും വ്യത്യസ്തമായ മേക്കിങ്ങും ട്രീറ്റ്‌മെന്റുമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും റോഷന്‍ മാത്യൂസിനുമൊപ്പം നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

അനില്‍ ജോണ്‍സന്റെ പശ്ചാതല സംഗീതവും മനേഷ് മാധവന്റെ ഛായാഗ്രഹണവും സിനിമയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. ഒരു നല്ല ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'റോന്ത്' കാണാന്‍ ധൈര്യപൂര്‍വം ടിക്കറ്റെടുക്കാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക