മനോശരീരം സമഗ്രമായ്
പുണ്യത്തിലഭിരമിക്കവെ
ഉളവാകുമീഭൂമിയിൽ
സ്വർഗ്ഗം തൽക്ഷണം!
പാപത്തിലഭിരമിച്ചാലൊ കാലാന്തരേ
നരകവുമിവിടെ സംജാതമായിടും.
സ്വർഗ്ഗവും നരകവും കേവലം
മനോദശകൾതാനവ ഗമിപ്പാനുള്ള
പ്രപഞ്ചസ്ഥലികളെന്നു നണ്ണുവതേ-
യജ്ഞാനമബദ്ധജടിലം.
2
മനുഷ്യരക്തത്തിൽ കുളിച്ച്
പട വെട്ടുക, പൂകാം പറുദീസയെന്നിങ്ങനെയൊക്കെ- യുദ്ഘോഷിപ്പൂ ചില മതാന്ധർ.
അന്ധരെ അന്ധൻ നയിച്ചാലൊ
ചെന്നു പതിക്കുമവരൊക്കെയൊരുനാൾ
അന്ധകാരകൂപത്തിൽ നിർണ്ണയം!
3
സമ്പുഷ്ടമാം പടക്കളത്തിലൊരു
ഭാഗത്ത് മനോശരീരങ്ങൾ
മറുഭാഗത്തതാ ആത്മാവും
ചോരയൊരു തുള്ളി വീഴ്ത്താതെ
സത്യത്തെ സാക്ഷാത്ക്കരിപ്പാൻ ഇരുവരും പോരടിക്കട്ടെ നിരന്തരം;
നിയതി കൈ പിടിച്ചുയർത്തട്ടെ
സ്വർഗ്ഗത്തിലേക്ക് ജേതാവിനെ!
4
പെരുമ വേണ്ട
പറുദീസയിൽ
മതിയാകുവേനെളിമ
കോയ്മ വേണ്ട
ഭൂമിയിൽ
മതിയാകുവേൻ കോലം
ഗണിതം വേണ്ട
പറുദീസയിൽ
മതിയാകുവേൻ കവിത
ഫണം വേണ്ട
ഭൂമിയിൽ
മതിയാകുവേൻ പണം
ലഹരി വേണ്ട
പറുദീസയിൽ
മതിയാകുവേൻ ഹരിനാമം
കുബുദ്ധി വേണ്ട
ഭൂമിയിൽ
മതിയാകുവേനകൃത്രിമസുബുദ്ധി !
3
വേണ്ട
വേണ്ടയെന്നൊക്കെ
ചൊല്ലുവാൻ
മതി കെട്ട് നടക്കും കവിയാര്
നാടൻവെണ്ടക്കയൊ!
മതിയാകുവേനെന്നു
പേർത്തും മൊഴിയുവാൻ
നിരീശ്വരവാദിയാം കവിയാര്
കൂലോത്തെ തെയ്യമൊ!!