നോവലുകൾ പലതും സിനിമയായത് നമ്മൾ കേട്ടിട്ടുണ്ട് . എന്നാലിതാ ലോകചരിത്രത്തിലാദ്യമായി ഒരു സിനിമ നോവലാവുകയാണ് . രണ്ടു പതിറ്റാണ്ടിനിടയിൽ തമിഴ്സിനിമ കണ്ട വലിയൊരു സൂപ്പർഹിറ്റായ കുമരൻ സൺ ഓഫ് മഹാലക്ഷ്മി നവാഗതനായ ആമോദ് വൈ ? സുമോദൻ നോവലാക്കുന്നു .
പരസ്യം തന്നെ കോവിഡിനേക്കാൾ വൈറലായി . പരസ്യം കണ്ട കുറേ ആളുകൾക്ക് വൈറൽഫീവറുമായി . സംസ്ഥാനമുഖ്യമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡൻ്റും മാത്രമല്ല ആ സിനിമയുടെ സംവിധായകൻ എം രാജ , താരങ്ങൾ നാദിയാ മൊയ്തു , ജയം രവി , പ്രകാശ് രാജ് , പിന്നെ ബോക്സിങ്ങ് താരം മേരീ കോം എന്നിവരൊക്കെ ചേർന്നാണ് നോവലിൻ്റെ കവർ പ്രകാശനം ചെയ്തത്.
ആയിരം രൂപ വിലയുള്ള പുസ്തകം 500 രൂപയ്ക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാം .
ഓൺലൈൻ ബുക്കിങ്ങ് എന്ന് കേട്ടാൽ സിംഹത്തെ പോലെ സട കുടഞ്ഞെഴുന്നേൽക്കുന്ന ന്യൂജൻമാർക്കറ്റ് രോഗികളെയാണ് ഈ കഥ തീവ്രവാദികളെന്ന് തിരിച്ചറിയുന്നത്. എത്ര അത്യാവശ്യമുള്ള സാധനം എമർജൻസിയായി വേണമെങ്കിലും അവർ ഓൺലൈനായേ ബുക്ക് ചെയ്യൂ .
അമ്മയുടെ ഓപ്പറേഷന് വേണ്ട സവിശേഷമായ സിസേർസ്
മെഡിക്കൽഷോപ്പിൽ പോയി വാങ്ങുന്നതിന് പകരം മകൻ അത് ഓൺലൈനിൽ ബുക്ക് ചെയ്ത് അമ്മ മരിച്ചു പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട് . ഇത്തരം ജ്വരത്തിന് തീവ്രവാദം എന്നല്ലാതെ മറ്റെന്താണ് പേര് ?
ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്ത ഒരു വസ്തുവും ജീവിതത്തിൽ പ്രസക്തമല്ല എന്നാണ് അവരുടെ തീരുമാനം . ബുക്ക് എന്ന് കേട്ടാൽ ബോധം കെടുന്ന ടീമാണ് . പഠിക്കാനുള്ള പുസ്തകം പോലും കൈ കൊണ്ട് തൊട്ട ശീലമില്ല . എന്നാൽ ഓൺലൈൻ ബുക്കിങ്ങ് എന്ന് കേട്ടാലോ ? അതിനി ബുക്കായാൽ പോലും അവർക്ക് ജയൻ്റെ ആവേശമല്ല , ഫഹദ് ഫാസിലിൻ്റെ ആവേശം തന്നെ .
ജനിച്ചതിൽ പിന്നെ ഒരു നോവലും വായിച്ചിട്ടില്ലാത്ത പതിനായിരക്കണക്കിന് കുമാരീകുമാരന്മാരും യുവതീയുവാക്കളുമാണ് ആമോദ് വൈ? സുമോദൻ്റെ കുമരൻ സൺ ഓഫ് മഹാലക്ഷ്മി ബുക്ക് ചെയ്തത്. കുമരൻ സുബ്രഹ്മണ്യനാണെന്നും മഹാലക്ഷ്മി ഒരു ഹിന്ദുദേവിയാണെന്നും ആരോ പറഞ്ഞ് കേട്ടതിനാൽ കുറച്ച് മുസ്ളിം യുവാക്കൾക്ക് മാത്രമാണ് സംഗതി ദീനിന് നിഷിദ്ധമായത് . സംഗതി അറിയാതെ ബുക്ക് ചെയ്തു പോയ ചില പാവങ്ങൾ ബുക്കിങ്ങ് കാൻസൽ ചെയ്യാനും ശ്രമിക്കുന്നുണ്ട് . ബുക്കിങ്ങിൻ്റെ അത്ര എളുപ്പമല്ല കാൻസലിങ്ങ് എന്നതു കൊണ്ട് അവരാ പുസ്തകം കിട്ടിയാൽ ഏതെങ്കിലും അമുസ്ലീം ലൈബ്രറിക്ക് സംഭാവന ചെയ്യാം എന്ന് തീരുമാനിച്ചു .
പുസ്തകത്തിൻ്റെ പ്രകാശനവും ഓൺലൈനിലാണ് നടന്നത്. രണ്ട് ദിവസം കൊണ്ട്, ബുക്ക് ചെയ്ത ലക്ഷക്കണക്കിനാളുകളുടെ കൈയിൽ കോപ്പിയെത്തി .
സ്കൂൾ പഠനകാലത്ത് പോലും പുസ്തകം കണ്ട ഓർമ്മയില്ലാത്ത ചിലർ പാർസൽ തുറന്നു - സിനിമയുടെ പോസ്റ്റർ തന്നെയാണ് കവർ .
പിറകിലെ പേജിൽ ആമോദ് വൈ ? സുമോദൻ്റെ ഫോട്ടോയുമുണ്ട് .
ഒരു മാസം കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കാൻ പോകുന്ന ഒരു അപൂർവസംരംഭം എന്ന് ബ്ലർബും !
കവർ തുറന്നപ്പോൾ കണ്ടത് ഫ്രൻ്റ് പേജല്ല . ബേക്ക് കവറാണ് . അവിടെ ഒരു ക്യുആർ കോഡ് ഉണ്ട് .ചുവടെ ഒരു നിർദ്ദേശവും .
സ്കാൻ ചെയ്ത് ആസ്വദിക്കൂ - നിങ്ങൾക്ക് ആസ്വദിക്കാനുള്ള നോവലിൻ്റെ കഥ ദൃശ്യരൂപത്തിൽ .
പുത്തൻ വായനാകുതുകികൾ ആവേശഭരിതരായി . രാവിലത്തെ
കട്ടൻചായ കിട്ടാൻ പോലും ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആലോചിക്കുന്നവരാണവർ .
സ്കാൻ ചെയ്തപ്പോൾ കിട്ടിയത് യൂ ട്യൂബിലൊരു തമിഴ് സിനിമ - കുമരൻ സൺ ഓഫ് മഹാലക്ഷ്മി .
കോവിഡാനന്തര കൗമാര -- യൗവ്വനങ്ങളിൽ പലരും 2004 ൽ ഇറങ്ങിയ ആ സിനിമ കണ്ടിരുന്നില്ല . ബോക്സിങ്ങിൽ മുഴുകി കുടുംബം ഉപേക്ഷിച്ചു പോയ അച്ഛൻ . ത്യാഗോജ്ജ്വലയായി മകനെ നല്ലൊരു ബോക്സറാക്കി വളർത്തുന്ന അമ്മ . പ്രണയത്തിൽ മുഴുകി അമ്മയുടെ സ്വപ്നത്തെ തളർത്തുന്ന മകൻ .
ബുക്കാണ് ബുക്ക് ചെയ്തതെങ്കിലും ക്ഷമിച്ച് വായിക്കുന്നതെങ്ങനെ എന്ന് ആലോചിച്ചിരിക്കുകയായിരുന്ന സകലർക്കും സമാധാനമായി . ഹാവൂ, വായിക്കണ്ടല്ലോ . വായിക്കാതെ തന്നെ പുസ്തകം ആസ്വദിച്ചു . സിനിമയിലൂടെ .
പിന്നെ , ഫെയ്സ് ബുക്കിലും വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ആമോദ് വൈ ? സുമോദനും നോവലിനുമുള്ള അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു . വായനയിൽ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് , വായന ദൃശ്യാനുഭവമാകുന്ന മാജിക്ക് , ആസ്വാദനത്തിൻ്റെ എവറസ്റ്റ് , അനുഭൂതിയുടെ പസഫിക്ക് സമുദ്രം എന്നിങ്ങനെ വാഴ്ത്തലുകളുടെ അലയിരമ്പം തന്നെ .
സകലരും വാഴ്ത്തുന്നതു കേട്ട് ഓൺലൈൻ രോഗമില്ലാത്ത പരമ്പരാഗത വായനക്കാർ ബുക്സ്റ്റാളുകളിൽ അന്വേഷിച്ചു ചെന്നു . പല ബുക്സ്റ്റാളും ആക്രിക്കടയായി മാറിയിരുന്നു . ബാക്കിയുള്ള ബുക്സ്റ്റാളുകളിൽ എത്തുന്ന സ്റ്റോക്ക് ഉടനുടൻ തീരുകയാണ് . തേടിപ്പോയവർ നിരാശരായി മടങ്ങി .
കുമരൻ സൺ ഓഫ് മഹാലക്ഷ്മി നാലു മാസം കൊണ്ട് നാലു പതിപ്പിറങ്ങി . അര നൂറ്റാണ്ട് കൊണ്ട് അഞ്ച് ലക്ഷം തികയാത്ത മലയാളത്തിൻ്റെ ഇതിഹാസം ഓ വി വിജയൻ്റെ ഖസാക്കിനെ തോൽപ്പിച്ച് ആമോദ് വൈ ? സുമോദൻ്റെ കുമരൻ സൺ ഓഫ് മഹാലക്ഷ്മി !
അതിനിടയിൽ സിനോവൽ കമ്പനി എന്ന പ്രസാധകർ ആമോദിൻ്റെ പുതിയ നോവൽ അനൗൺസ് ചെയ്തു -
മലയാളത്തിലും തമിഴിലും ഉടൻ പ്രസിദ്ധീകരിക്കുന്നു
മഞ്ഞുമ്മൽ ബോയ്സ് എന്ന ഇൻഡസ്ട്രിയൽ ഹിറ്റിന് ഒരു നോവൽ സ്വരൂപം ....
ഗുണാ കേവിലെ മലയാളിക്കുട്ടികൾ