പതിനൊന്നാം അന്താരാഷ്ട്ര യോഗാ ദിനത്തിനു മുന്നോടിയായി വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി ലിങ്കൺ മെമ്മോറിയലിനു സമീപം നിറപ്പകിട്ടാർന്ന യോഗ പരിപാടി നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിനു പുറമെ അമേരിക്കക്കാരും പങ്കെടുത്തുവെന്നു എംബസി പറയുന്നു.
"മഹത്തായ അനുഭവം," ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു. "യോഗയിൽ നിന്നുള്ള ഇന്ത്യയുടെ നാഗരിക പൈതൃകത്തിന്റെ ഉല്ലാസം നിറഞ്ഞ ആഘോഷം.
"ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങൾ നമ്മോടൊപ്പമുണ്ട്, മറ്റു യുഎസ് പൗരന്മാരും. ഇന്ത്യയുടെ ഈ പൈതൃക ആഘോഷത്തിൽ പങ്കു ചേരാൻ എത്തിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു."
യോഗ-ധ്യാന പരിശീലകൻ ആചാര്യ ഗോവിന്ദ് ബ്രഹ്മചാരിയാണ് പരിപാടി നയിച്ചത്. വൈകാരികമായ ബാലൻസ് നേടാനും ആന്തരികമായ സ്വാതന്ത്ര്യം കൈവരിക്കാനും ഉള്ളതാണ് യോഗ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ആനന്ദ മാർഗ യോഗ ആൻഡ് മെഡിറ്റേഷൻ സെന്ററിൽ നിന്നുള്ള ആചാര്യ മധുവർത്താനന്ദ് യോഗയുടെ ആധ്യാത്മിക ചരിത്രം വിശദീകരിച്ചു. ഏഴായിരം വർഷം മുൻപ് ഭഗവാൻ ശിവൻ ആയിരുന്നു ആദ്യത്തെ യോഗി. വ്യക്തികളുടെ ഗുണത്തിന് ഉപകരിക്കുന്ന മൂന്ന് തലങ്ങളിലാണ് യോഗ ഒരുക്കിയിട്ടുള്ളത്: ആസന, ദർശൻ, സാധന.
'ഒരൊറ്റ ഭൂമിക്കു വേണ്ടി യോഗ, ഒരൊറ്റ ആരോഗ്യത്തിനു വേണ്ടി യോഗ (Yoga for One Earth, One Health) എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം. മനുഷ്യനും ഭൂഗോളവും തമ്മിലുള്ള ബന്ധം അത് സ്ഥാപിക്കുന്നു. "എല്ലാവരും രോഗങ്ങളിൽ നിന്നു മുക്തരായിരിക്കട്ടെ."
Indian Embassy Hosts Yoga Session