Image

എന്റെ മുൻപിലൂടെ, മരണം ( കവിത : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

Published on 21 June, 2025
എന്റെ മുൻപിലൂടെ, മരണം ( കവിത : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

മരണത്തെ ഞാൻ നേരിൽ കണ്ടു 

മുഖാമുഖം 
ഞങ്ങൾ നിന്നു ..
ഭീതിയല്ല, 
ഒരു പുഞ്ചിരിയുടെ 
നിശ്ശബ്ദതയിൽ മൃദുല  സ്പർശം കൊരുത്തു നിൽക്കും പോലെ.
ആ നിമിഷം ,
വേദനയെല്ലാം നിലച്ചേപോയ്, ശബ്ദങ്ങൾ ദൂരമായ്,
ഒറ്റയ്ക്കു ഞാൻ , അതെ തനിയെ ...
പ്രകാശമെന്നെ ചുറ്റിപ്പറ്റി —
കരുണ നിറഞ്ഞ - കനിവുള്ളൊരു വെളിച്ചം.
അവിടെ, വെളിച്ചത്തിനിടയിൽ, 
എന്റെ അമ്മയപ്പൻമാർ  —
ഉള്ളം നിറഞ്ഞ ചിരിയോടെ, 
അവർ കൈ നീട്ടി …
അവർ പറഞ്ഞു 
മകളേ.. ഞങ്ങൾ കാത്തിരിക്കുന്നു,
എന്നാൽ
ഇപ്പോഴല്ല… 
നിന്റെ  സമയമായില്ല ..
ആ നിമിഷം  
ഹൃദയം തകർന്നുപോയി - 
പോകണോ, മടങ്ങണോ എന്ന സന്ദേഹം ..
അവിടെ ഞാൻ കാണുന്നു എൻ പ്രിയനെ ,
ഹൃദയത്തിലേക്ക്
ഒരിക്കല്‍ കൂടി തിളക്കത്തോടെ തിരികെ വന്നു  
ആ മുഖം.
ദൂരെ നിന്നു നോക്കി നിന്നു ഞാനെന്റെ ആത്മാവിനെ —
ഒരു പക്ഷെ അവസാനമായി.
ആയിരം  പ്രാർത്ഥനകൾ , വിതുമ്പലുകൾ 
ഒരൊറ്റ നിമിഷത്തിൽ തീർന്നുപോയ പോലെ.
ദൂരെ നിന്നായൊരു സ്വരം —
മൃദുവായൊരു വാക്ക് :
"ഇപ്പോഴല്ല… നീ തിരികെ പോകണം.
ജീവിക്കുക… ഒരിക്കൽ കൂടി "
അവരൊക്കെ 
മെല്ലെ മെല്ലെ മായുകയായി.
എന്നെ പൊതിഞ്ഞ
സ്വർഗീയ  പ്രകാശവും സാവധാനം നേർത്തു നേർത്ത് ..  
ഞാൻ  താഴേക്ക് വന്നു വീണു ..
മടങ്ങിയെത്തി
അതേ ജീവിതത്തിലേക്ക് തിരികെ..
രാത്രികളിൽ ആ നിമിഷമൊക്കെ വീണ്ടുമെന്നെത്തേടി വരുന്ന പോലെ .
ഓരോ നൊമ്പരവും ഓരോ ശ്വാസവും
പുതിയൊരു പ്രാർത്ഥനയായി മാറുന്നു.
മരണത്തെ മുഖാമുഖം കണ്ടു ഞാൻ —
എങ്കിലും എന്നെ കൂട്ടാതെയത്
ഇവിടെ  
ഉപേക്ഷിച്ചു ..
ഒടുവിലെ വരവിനായ് ... കാത്തിരിക്കാം
എനിക്കിനി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക