ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന് ആവർത്തിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഫ്രിക്കയിലും താൻ സമാധാനം സാധ്യമാക്കിയെന്നും എന്നാൽ തനിക്കു നൊബേൽ സമാധാന സമ്മാനം തന്നില്ലെന്നും ട്രംപ് പരാതിപ്പെട്ടു.
'ട്രൂത് സോഷ്യലി'ൽ ആണ് അവകാശവാദം ആവർത്തിച്ചത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ താൻ സാധ്യമാക്കിയ കരാറിനെ 'ആഗോള നാഴികക്കല്ലെന്നു' ട്രംപ് വിശേഷിപ്പിച്ചു. "പക്ഷെ ഇതിനു എനിക്കൊരു നൊബേൽ പീസ് പ്രൈസ് തരില്ലല്ലോ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള യുദ്ധം നിർത്തിയതിനും തരില്ല. സെർബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിനും തരില്ല.
“മിഡിൽ ഈസ്റ്റിൽ ഏബ്രഹാം കരാറുകൾ സാധ്യമാക്കിയതിനും എനിക്കു നൊബേൽ പീസ് പ്രൈസ് തരില്ല. റഷ്യ-യുക്രൈൻ, ഇസ്രയേൽ-ഇറാൻ എന്നിങ്ങനെ എന്തു ചെയ്താലും എനിക്കു നൊബേൽ സമ്മാനം കിട്ടില്ല. പക്ഷെ ജനങ്ങൾക്കു അറിയാം ഞാൻ എന്താണ് ചെയ്യുന്നത്. എനിക്കതു മതി.”
ഇന്ത്യ ആവർത്തിച്ച് തള്ളി
ട്രംപിന്റെ അവകാശവാദം ഇന്ത്യ ആവർത്തിച്ച് തള്ളിയതാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സൈനിക നേതൃത്വങ്ങൾ നേരിട്ട് സംസാരിച്ചാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്രംപിനോടു 35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ നേരിട്ട് പറയുകയും ചെയ്തു. എങ്കിലും ട്രംപ് തന്റെ അവകാശവാദം ആവർത്തിക്കുന്നു.
2026 നൊബേൽ സമാധാന സമ്മാനം ട്രംപിനു ലഭ്യമാക്കാൻ പക്ഷെ പാക്കിസ്ഥാൻ മുൻകൈയ്യെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ട്രംപ് പാക്ക് സൈനിക മേധാവി അസീം മുനീറിനു വൈറ്റ് ഹൗസിൽ എത്തി ചർച്ച നടത്താൻ അത്യപൂർവ ക്ഷണം നൽകിയത് മുനീർ പ്രസിഡന്റിനെ നൊബേലിനു നോമിനേറ്റ് ചെയ്തതു കൊണ്ടാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. പാക്കിസ്ഥാൻ അദ്ദേഹത്തെ ഔദ്യോഗികമായി നോമിനേറ്റ് ചെയ്യുമെന്നു വെള്ളിയാഴ്ച പാക്ക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Trump repeats Indo-Pak claim, suggests he should get Nobel