കെല്ലോഗിന്റെ കോണ്‍ഫ്‌ലേക്സും പെപ്‌സിയുടെ സെവന്‍ അപ്പും പാര്‍ലെയുടെ ബട്ടര്‍ കുക്കിയും നിരത്തിയ റാക്കുകളുടെ നടുവിലിരുന്നു സ്വന്തംബോര്‍മ്മയില്‍ ഉണ്ടാക്കിയ ബിസ്‌കറ്റ് കൈകൊണ്ടു പായ്ക്ക് ചെയ്യുകയാണ്പ്രദീപ്. നാട്ടില്‍ ബഹുരാഷ്ട്ര ബ്രാന്‍ഡുകളേക്കാള്‍ പ്രദീപിന്റെ പിഎംപി ബിസ്‌കറ്റുകള്‍ക്കു ആവശ്യക്കാര്‍ ഏറെ.
മധ്യ തിരുവിതാംകൂറിലെ മീനച്ചില്‍ താലൂക്കില്‍ കീഴമ്പാറഎന്ന കൊച്ചുഗ്രാമത്തിലെ കോര്‍ണര്‍ ഷോപ് ആണ് പിഎംപി ബേക്കറി. പാലാ- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികള്‍ക്കിടയിലെ തിടനാട്, തലപ്പലം, ഭരണങ്ങാനംപഞ്ചായത്തുകളില്‍ തലപ്പലം പഞ്ചായത്തില്‍ വാര്‍ഡ് 11 ആണ് കീഴമ്പാറ.
പിഎംപി ബിസ്‌കറ്റ് പാക്കറ്റിലാക്കുന്ന പ്രദീപ്
മീനച്ചില്‍ വാലിയില്‍ ആയിരംകോടി രൂപയുടെ ഫുഡ് ബിസിനസ് നടത്തുന്ന നൂറുകണക്കിനുവന്‍കിട, ഇടത്തരം ചെറുകിട സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് പ്രദീപ്-ദീപ ദമ്പതികളുടെ ബേക്കറി. പതിനേഴാം വയസില്‍ വായ്പയും മറ്റുമായിസമാഹരിച്ച 35,000 രൂപയായിരുന്നു മുതല്‍ മുടക്ക്.
എസ്എസ്എല്‍സിയും പാലാ മുനിസിപ്പല്‍ ഐടിഐയിലെ പ്ലംബര്‍സര്‍ട്ടിഫിക്കറ്റുമായി ഇനിയെന്ത് എന്ന് പകച്ചു നില്‍ക്കുമ്പോള്‍ ഈരാറ്റുപേട്ടയിലെ തലശ്ശേരിബേക്കറിയില്‍ ജോലി ചെയ്തിരുന്ന മനുവാണ് ആശയം അവതരിപ്പച്ചത്. എന്തു കൊണ്ട്ഒരു ബേക്കറി തുറന്നു കൂടാ?
മുപ്പത്താറു വര്‍ഷം മുമ്പ് 1989ല്‍ തുടങ്ങിയ സംരംഭം. മനു തലശ്ശേരി ബേക്കറി പൂട്ടിയപ്പോള്‍ ഖത്തറിലേക്ക് രക്ഷപെട്ടു. എന്നാല്‍ പ്രദീപിന്റെ ബേക്കറി വേരുറച്ചു വളര്‍ന്നു. ഹൈവേയില്‍ സ്വന്തംമൂന്നുനിലകെട്ടിടം, മികച്ചൊരു ബോര്‍മ്മ ഉള്‍പ്പെടെ കുറഞ്ഞത് ഒരുകോടിയുടെ ടേണോവര്‍ ഉള്ള ബിസിനസായി വളര്‍ന്നു. പ്രായം അമ്പത് കഴിഞ്ഞുവെങ്കിലും വീണ്ടുമൊരു അങ്കത്തിനു ബാല്യം.
ഫ്രൂട്ടോമാന്‍സ് സ്ഥാപകര്‍ പിഎസ് ലൂക്കോസ്, എന്‍.ജെ തോമസ്, ഡയറക്ടര്‍മാര്‍
മീനച്ചിലാറിനക്കരെ കൊടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം പോറ്റി മഠത്തില്‍മുരളീധരന്‍ നായരുടെ മകനാണു പ്രദീപ്. ബേക്കറിയിലെ വിഭവങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കേക്ക്, അലുവ, ബിസ്‌കറ്റ്, ബ്രഡ്, ബ്രഡ് റോള്‍, ഉപ്പേരി, അച്ചാര്‍എന്നിങ്ങനെ. ബോളി, ഏത്തക്കാ ബോളി, ബോണ്ട, നെയ്യപ്പം, പലതരം വട ഇവയൊക്കെ ചായയും കാപ്പിയും കൂള്‍ ഡ്രിങ്ക്സും സഹിതം വിളമ്പാന്‍ പിഎംപി പ്ലസ് എന്ന റെസ്റ്റോറന്റും ഉണ്ട്. ജോലിക്കാര്‍ 13. ഒരാള്‍ തലശ്ശേരിക്കാരനാണ്-സതീശ്. പകുതിയോളം സ്ത്രീകള്‍.
എന്തുകൊണ്ട് ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റായിമാറുന്നില്ല എന്ന ചോദ്യത്തിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലരും തുടങ്ങിപൂട്ടിപ്പോയി എന്നായിരുന്നു മറുപടി. രണ്ടു പെണ്മക്കളാണ്. എംഎ കഴിഞ്ഞുബിഎഡ് ചെയ്യുന്ന ഗൗതമി, പ്ലസ് 2 കഴിഞ്ഞു എഐ വിത്ത് ഡേറ്റാസയന്‍സ് പഠിക്കുന്ന നവമി. അവര്‍ക്കു ബിസിനസില്‍ താല്പര്യമുണ്ട്. അവരുടെ കാലംവരട്ടെ.
ലൂക്കോസ്, ഭാര്യ അക്കാമ്മ; മകന്‍ ജോസഫ് പൂണ്ടിക്കുളവും അന്നമ്മ പാറയിലും ഒപ്പം ലേഖകന്‍
പക്ഷെ മാറ്റം വേണമെങ്കില്‍ ഉടനടി വേണമെന്ന പക്ഷക്കാരിയാണ് ദീപ. അച്ഛന്റെ ബിസിനസ് കണ്ടു പഠിച്ചു വളര്‍ന്നയാള്‍. പൂവരണിക്കടുത്ത് വിളക്കുമരുതില്‍ പിതാവ് നെല്ലാല ശശിധരന്‍നായരും സഹോദരന്‍ ദീപുവും ചേര്‍ന്ന് സരോവരം എന്ന ഹോട്ടല്‍ നടത്തുന്നു.മൂന്നു നില മന്ദിരം. ശബരിമല തീത്ഥാടകരുടെ റൂട്ടാണ്. നല്ല ബിസിനസ്.
അദ്ഭുതകരമായ അഗ്രോ-ബിസിനസ് പാരമ്പര്യമുണ്ട് മീനച്ചില്‍ വാലിക്ക്. 1957ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ ഭക്ഷ്യ സംസ്‌കരണ ഫാക്ടറി-മലബാര്‍ ഫ്രൂട് പ്രൊഡക്‌റ്‌സ്, ഫ്രൂട്ടോമാന്‍സ് ബ്രാന്‍ഡില്‍ തുടക്കം കുറിച്ചത് ഭണങ്ങാനത്തടുത്തുള്ള ഇടമറ്റത്താണ്. തൊട്ടടുത്ത് നരിയങ്ങാനത്തു തുടങ്ങിയപാറയില്‍ എക്‌സ്‌പോര്‍ട്‌സിനു ഗള്‍ഫിലും വടക്കേ അമേരിക്കയിലുംയൂറോപ്പിലും ഷോപ്പുകളുണ്ട്.
ഈരാറ്റുപേട്ടയില്‍ മൂന്നു പതിറ്റാണ്ടു മുമ്പ് പുട്ടു പൊടിക്കച്ചവടമായി തുടങ്ങിയ കണ്ടത്തില്‍ അബ്ദുള്‍ഖാദറിന്റെ അജ് മി ഫ്ളവര്‍ മില്‍സ് ഇന്ന് അഞ്ചേക്കറില്‍വ്യാപിച്ച ഫുള്ളി ഓട്ടോമേറ്റഡ് പ്ലാന്റില്‍ നിന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടകം,ആന്ധ്ര കടന്നു ഗള്‍ഫിലേക്ക് റെഡിമേഡ്ഭക്ഷ്യവസ്തുക്കള്‍ ഒഴുക്കുന്നു. അഞ്ഞൂറ് ജോലിക്കാര്‍.
പാറയില്‍ എക്‌സ്‌പോര്ട്‌സ് സ്ഥാപകന്‍ പി എം മാത്യു, ഡയറക്ടര്‍മാര്‍ ജോസഫ്, ഫിലിപ്പ്, മാത്യു
നൂറുകോടി കഴിഞ്ഞ ബിസിനസ് ഇക്കൊല്ലം 250 കോടിയിലെത്തിക്കാനാണ് പ്ലാന്‍. ഫൈസല്‍, അഫ്‌സല്‍, റഷീദ് എന്നീ മക്കളാണ് പുതിയ തലമുറ സാരഥികള്‍. പേട്ടയില്‍ പണിത അവരുടെ പാര്‍പ്പിട സമുച്ചയം ഹയ്യ അജ്മിയുടെ അറേബ്യന്‍ ശൈലിയിലുള്ള പാലുകാച്ചല്‍ ഒരു സംഭവം ആയിരുന്നു. 15,000 പേരാണ് ഒത്തുകൂടിയത്. പാണ ക്കാട്ടു നിന്നു പോലും അതിഥികള്‍ എത്തി.
ഖാദറുടെ സഹോദരന്‍ കെകെ ഫുഡ്‌സ് എന്ന പേരില്‍ മറ്റൊരു ഭക്ഷ്യ നിര്‍മ്മാണ വിതരണ സ്ഥാപനം നടത്തിവരുന്നു. രണ്ടും തമ്മില്‍ നല്ല മത്സരം.
ഇടപ്പാടി പൂണ്ടിക്കുളം പിഎസ് ലൂക്കോസ് കുടുംബം വക കരിമ്പിന്‍തോട്ടത്തില്‍ ശര്‍ക്കരയുണ്ടാക്കി കഴിയുമ്പോഴാണ് കൃഷിഅടിസ്ഥാനമാക്കിയുള്ള ബിസിനസ് സ്വപനം കണ്ടത്. വച്ചു പിടിച്ചു ആന്ധ്രയില്‍ ഗുഡൂര്‍ ജില്ലയില്‍ അനന്തരാജപെട്ടിലെ സര്‍ക്കാര്‍ ഫാമിലേക്ക്. കേരളത്തില്‍ സുലഭമായ പൈനാപ്പിള്‍ അടിസ്ഥാനമാക്കി സിറപ്പോ ജാമോ ഉണ്ടാക്കാന്‍ സൂര്യപ്രകാശ് റാവുവെന്ന വിദഗ്ദ്ധനെ കൂടെക്കൂട്ടി. അങ്ങിനെ ആരംഭിച്ചതാണ് മലബാര്‍ ഫ്രൂട് പ്രോഡക്ട്‌സ്.
അ ജ് മി അബ്ദുള്‍ ഖാദറും ഭാര്യയും മക്കളും
ഫ്രൂട്ടോമാന്‍സ് ഉല്പന്നങ്ങള്‍ വിപണിയില്‍ പച്ചപിടിച്ചു. ടിവിയോ റേഡിയോയോ ഫോണോ മൊബൈലോ ഇല്ലാത്തകാലം. കൊക്കോകോളയോ മക്‌ഡൊണാള്‍ഡോ കോള്‍ഗേറ്റ് പാമലീവോ പടര്‍ത്തിയ വിപണന തന്ത്രങ്ങള്‍എത്താത്ത തിരുവിതാംകൂര്‍.
ഭാര്യ അക്കാമ്മയുടെ സഹോദരന്‍ കുട്ടനാട് കണ്ണാടി നെടുവേലില്‍ എന്‍.ജെ. തോമസിന്റെ പങ്കാളിത്തം കൂടെ വന്നതോടെ ഫ്രൂട്ടോമാന്‍സിനു പുതുജീവന്‍ കൈവന്നു. ഭരണങ്ങാനത്തെ ഫാക്ടറിയില്‍ ഒരുകാലത്ത് നൂറുജോലിക്കാര്‍ പണിയെടുത്തിരുന്നു. ഫാക്ടറി കണ്ണു പൂട്ടാതെ പ്രവര്‍ത്തിച്ചപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് കണ്ണുകടി. അവര്‍ ഓരോരോ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരംതുടങ്ങി. ഫാക്ടറി പൂട്ടിക്കിടന്നു. രണ്ടുവര്‍ഷത്തോളം.
പക്ഷെ ലൂക്കോസ് എന്നും ശുഭാപ്തിവിശ്വാസക്കാരനായിരുന്നു. കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ മകന്‍ ജോസഫിനെ അദ്ദേഹം ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫോറിന്‍ ട്രേഡില്‍ പഠിക്കാന്‍ വിട്ടു. രണ്ടാം ബാച്ചില്‍ പഠിച്ചിറങ്ങിയ മകനെ കൂടെക്കൂട്ടി അദ്ദേഹം പൈനാപ്പിള്‍ കൃഷിക്ക് പ്രസിദ്ധമായ വഴക്കുളത്തിനടുത്ത് കല്ലൂര്‍കാട്ടിലെ നീറമ്പുഴയില്‍ രണ്ടാമത്തെ ഫാക്ടറി തുറന്നു.
അജ് മി ഭവനസമുച്ചയത്തിനു അറബി സ്‌റ്റൈല്‍ പാലുകാച്ചല്‍
കമ്പനി ആസ്ഥാനം എറണാകുളത്തേക്കു മാറ്റുകയും എന്‍.ജെ തോമസിന്റെ അനന്തര തലമുറ രംഗത്തു വരികയും ചെയ്തതോടെ ലൂക്കോസ് പങ്കുപിരിഞ്ഞു. ആധുനിക നിര്‍മാണ, വിപണനതന്ത്രങ്ങള്‍ നടപ്പാക്കിയ ഫ്രൂട്ടോമാന്‍സ് കോണ്‍ ഫ്‌ലേക്‌സ് ഉള്‍പ്പെടെ 250ലേറെ ഉല്പന്നങ്ങള്‍. ഇറക്കുന്ന സ്ഥാപനമായി വളര്‍ന്നു. ഇന്ത്യയിലും ഗള്‍ഫിലും വിദേശത്തുമായി മുന്നൂറുവിതരണക്കാര്‍, അയ്യായിരം കടകള്‍. 100 കോടി ടേണോവര്‍ എന്നു കമ്പനി വെബ്‌സൈറ്റ് പറയുന്നു. എബ്രഹാം, കുഞ്ചെറിയ, ടോം, ജോര്‍ജ് ഡയറക്ടര്‍മാര്‍.
ഇടപ്പാടി പൂണ്ടിക്കുളത്തെ ഒറിജിനല്‍ ഫാക്ടറി ഞാന്‍ കാണാനെത്തി. യന്ത്രസാമഗ്രികള്‍ ഇന്നുമുണ്ട്. ബ്രിട്ടീഷ് മെറ്റല്‍ ബോക്‌സ് കമ്പനിയുടെ കാനിങ് മെഷീന്‍ ഉള്‍പ്പെടെ. മാസം 30,000 രൂപയുടെ കറന്റ് ചാജ് അടക്കുന്നുണ്ടെന്നു അപ്പച്ചന്‍ എന്ന ജോസഫ് ലൂക്കോസ് എന്നോടു പറഞ്ഞു. ഇന്ത്യയില്‍ 200 കോടി രൂപയുടെ ബിസിനസില്‍ എത്തി നില്‍ക്കുന്ന ചക്കയിലാണ് അപ്പച്ചന് താല്പര്യം. ചക്കച്ചുള, ചക്കപ്പഴം ചക്കക്കുരു, പൈനാപ്പിള്‍ സ്ലൈസ് തുടങ്ങിയവ യന്ത്രത്തില്‍ ഉണക്കി പാക്കറ്റിലാക്കുന്നു. ബ്രാന്‍ഡ് നെയിം നവഭോജന്‍.
ഫ്രൂട് ജയന്റ്‌സ് പി.ജെ.ജെ ഇന്റര്‍നാഷണല്‍
ലോകമൊട്ടാകെ ചക്കയില്‍ താല്പര്യം ജനിച്ചിട്ടുണ്ട്. മിനസോട്ടയില്‍ ജാക് ആന്‍ഡ് ആനി വെബ്‌സൈറ്റുള്ള ആനി റിയോ പലതവണ തന്റെ സ്ഥാപനം സന്ദര്‍ശിച്ചിട്ടുണ്ട്. അവശ്യ ഭക്ഷ്യ വസ്തുവെന്നു പരിഗണിച്ച് ഇപ്പോഴത്തെ 12ശതമാനം ജിഎസ് ടി ഒഴിവാക്കിത്തരണമെന്നു ഗവര്‍മെന്റിനോട് പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടും അനക്കമില്ല.
ആദ്യകാല ഫുഡ് ബിസിനസ് പ്രൊമോട്ടര്‍ എന്ന നിലയില്‍ അപ്പച്ചനെ കഴിഞ്ഞവര്‍ഷം ഭരണങ്ങാനം പഞ്ചായത്തു മെമന്റോ നല്‍കി ആദരിക്കുകയുണ്ടായി. അന്നമ്മ പാറയില്‍ ഭാര്യ. പെണ്‍മക്കളില്‍ ഡോ.എലി ബത്തും ഭര്‍ത്താവ് ഡോ.ജേക്കബും ഓസ്‌ട്രേലിയയില്‍. അനിതയും വിപിനും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍.
ജോസഫിന്റെ സഹോദരന്‍ മാനുവല്‍ ലൂക്കോസും ഊര്‍ജസ്വലമായ സംരംഭകനാണ്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദവും പിജി ബിരുദവുമുള്ള അദ്ദേഹംഎറണാകുളം കാക്കനാട്ട് ആസ്ഥാനമാക്കി മലബാര്‍ അഗ്രോ ഫ്രൂട് പ്രോസസേഴ്സ് എന്ന സ്ഥാപനം നടത്തിവരുന്നു.
നരിയങ്ങാനം പാറയില്‍ പിഎം മാത്യു മൂന്നു പതിറ്റാണ്ടു മുമ്പ് തുടക്കം കുറിച്ച പാറയില്‍ ഗ്രൂപ്പ് മരച്ചീനി, ഏത്തക്ക ഉപ്പേരികള്‍, അപ്പം, പാലപ്പം തുടങ്ങിയവ ഫ്രഷ് ആയി തണുപ്പിച്ചു പാക്ക് ചെയ്താണ് രംഗത്ത് വന്നത്. ഇന്ത്യയിലുംഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും വേരുറച്ച വിതരണ ശ്രുംഖലയുണ്ട്.
പ്ലാന്റേഴ്സ് പാഷന്‍ പ്രമോട്ടര്‍ ബാബു; ഗ്രേസിയും യൂറോപ്യന്‍ അതിഥികളും
ഡെയ്ലി ഡിലൈറ്, സീഫുഡ് ഡിലൈറ് ഡെലീഷ്യസ് ഡിലൈറ്റ് തുടങ്ങിയബ്രാണ്ടുകളില്‍ റെഡിമേഡ് വിഭവങ്ങള്‍ എയര്‍ ടൈറ്റായി പായ്ക്ക് ചെയ്തുവിപണിയില്‍ എത്തിക്കുന്നു. നിരവധി വിഭവങ്ങള്‍ നിരത്തിയ ഓണം സദ്യ കിറ്റ് പോപ്പുലറായി. പേട്ടയില്‍ മറീന എന്ന ഹോട്ടലുമുണ്ട്. മാത്യു, ജോസഫ്, ഫിലിപ്പ് എന്നിവര്‍ ഡയറക്ടര്‍മാര്‍.
പാലാ ചെത്തിമറ്റം ആസ്ഥാനമാക്കി പി ജെ ജോണ്‍സണ്‍ ആരംഭിച്ച ഫ്രൂട്ട് വിപണന സ്ഥാപനം കോടികള്‍ കൈകാര്യം ചെയ്യന്ന പിജെജെ ഇന്റര്‍നാഷനലായി വളര്‍ന്നിട്ടുണ്ട്. ആസ്‌ട്രേലിയന്‍ പഴങ്ങളും ന്യൂസിലന്‍ഡിലെ കിവിയും കശ്മീരിലെ ആപ്പിളും മൊറോക്കോയിലെ ഈന്തപ്പഴവും തോട്ടങ്ങളില്‍ നിന്ന് നേരിട്ടു സംഭരിച്ച് അത്യാധുനിക മെഷീനറിയുടെ സഹായത്തോടെ പാക്ക് ചയ്തു വിപണികളില്‍ എത്തിക്കുന്നു. വിപണനത്തിനും തന്ത്രങ്ങളുണ്ട്. പിജെജെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണസമ്മാനം ഒരു കശ്മീര്‍ യാത്ര തന്നെ.
മീനച്ചിലിലെ എന്റെ സുഹൃത്തുക്കളായ രണ്ടു ഫുഡ് ബിസിനസുകാരെപ്പറ്റികൂടി പറയാതെവയ്യ. ഒരാള്‍ പാലാ പേട്ട റൂട്ടില്‍ അമ്പാറനിരപ്പേല്‍ പരവരാകത്തു ബാബു എന്ന ഡേവിസ്. സ്വന്തം പുരയിടത്തിലെ പാഷന്‍ ഫ്രൂട്ട്‌ശേഖരിച്ച് പള്‍പ്പാക്കി ടെട്രാപാക്കില്‍ മാര്‍ക്കറ്റ് ചെയ്തയാള്‍. പ്ലാന്റേഴ്സ് പാഷന്‍ എന്നായിരുന്നു ഡ്രിങ്കിന്റെ പേര്.
പൈനാപ്പിള്‍ പ്രോസസ്സ് ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ വാഴക്കുളത്തുസ്ഥാപിച്ച അത്യാധുനിക പ്ലാന്റിലായിരുന്നു പ്ലാന്റേഴ്സ് പാഷന്റെ പാക്കിങ്. കുപ്പിയുടെയും പാക്കിന്റെയും പുറത്തെവിവരണം എഴുതിക്കൊടുക്കാന്‍ ബാബു എന്നെ സമീപിച്ചിരുന്നു. ഏതാനുംകുപ്പി സിറപ്പും എത്തിച്ചു. ഒന്നാന്തരം! കായ്കള്‍ നിറഞ്ഞ അത്തിമരം ആവിശാലമായ നടുമുറ്റത്തിനു അഴകു നല്‍കി. ആ വീട്ടില്‍ പോവുകയുംഏറ്റുമാനൂര്‍ സ്വദേശിനിയായ വീട്ടമ്മ ഗ്രേസിയുടെ ആതിഥ്യം സ്വീകരിക്കുകയൂം ചെയ്തു.
ബാബുവും ഗ്രേസിയും യേര്‍ക്കാട് മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചു പ്രേമിച്ചു വിവാഹിതരായവരാണ്. നിഭാഗ്യവശാല്‍ ബാബു 2015ല്‍പൊടുന്നനവെ അന്തരിച്ചതോടെ ബിസിനസിന് തിരശീലവീണു. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയ മകന്‍ സുജിത് ദുബൈയില്‍ ക്ളൗഡ്സ് വുഡ് എന്ന ബിസിനസ് സ്ഥാപനം തുറന്നു. സീഫുഡും പഴങ്ങളും മറ്റും ലോകമാകെ മാര്‍ക്കറ്റ് ചെയ്യുന്നു.
ഗ്രേസിയും മുന്നിട്ടിറങ്ങി. ബ്രിട്ടീഷ് കോളോണിയല്‍ എസ്റ്റേറ്റ് ബംഗ്‌ളാവിനെ അനുസ്മരിപ്പിക്കുന്ന വീട് അവര്‍ അതിഥി കള്‍ക്കായി തുറന്നിട്ടു-പ്ലാന്റേഴ്സ് ഹോംസ്റ്റേ. വിദേശടൂറിസ്റ്റുകളാണ് ഏറെയും. മരുമകള്‍ റീമ സഹായിക്കുന്നു. മനോഹരമായി വിരിചൊരുക്കിയ വീട്ടില്‍ സിനിമാഷൂട്ടിങും നടക്കുന്നു, ദിലീപ്, ഫഹദ് തുടങ്ങിയവര്‍ നായകരായ രണ്ടു ഡസനോളം ചിത്രങ്ങള്‍ എടുത്തുകഴിഞ്ഞു.
കിങ്സ് ഖാദറും ഷഹീദയും ലെസ്റ്ററിലെ ടിപ്പു ഹോട്ടലില്‍; വാഗമണ്‍ കിങ്സ് ബ്രുക്‌സൈഡ്
മീനച്ചിലിലെ എന്റെ രണ്ടാമത്തെ സുഹൃത്ത് സൗദിയില്‍ പോയി ബേക്കിങ് പഠിച്ചു മടങ്ങിവന്നു ഈരാറ്റുപേട്ട നഗര മധ്യത്തില്‍ സ്വന്തം കെട്ടിടത്തില്‍ കിങ്സ് ബേക്കറി തുടങ്ങിയ അബ്ദുല്‍ ഖാദറാണ്. ബസ്സ്റ്റാന്റിനോട് ചേര്‍ന്നകടയില്‍ തകര്‍പ്പന്‍ കച്ചവടംഉണ്ടായിരുന്നു. അവിടെ ഒരു റെസ്റ്റോറന്റും മിനി സൂപ്പര്‍മാര്‍ക്കറ്റും തുറന്നു.
യുകെ ഡി മോണ്ട്‌ഫോര്‍ട്ടില്‍ ഉന്നത പഠനം നടത്തിയ മകന്‍ ഷമീര്‍ ലെസ്റ്റര്‍ സിറ്റിയില്‍ജോലിയായതിനു ശേഷം ഖാദര്‍ ഭാര്യ ഷഹീദയോടൊപ്പം അവിടെ പോയിവന്നു. അതിനു ശേഷം കിങ്സ് സ്ഥാപനങ്ങള്‍, ഷോപ്പും ബോര്‍മ്മയും എല്ലാം, വിറ്റു. വാഗമണ്‍ ടൗണില്‍ കണ്ണായ സ്ഥലത്തു വാങ്ങിയിട്ടിരുന്ന സ്ഥലത്തു ഒരു റിസോര്‍ട് പണിയുകയായിരുന്നു അടുത്തപടി.
ചെറിയൊരു തടാകത്തിന്റെ തീരത്തുള്ള റിസോര്‍ട്ടിന് കിങ്സ് ബ്രുക് സൈഡ് എന്നു പേരുമിട്ടു. കിങ്സ് ഒരിക്കലും കൈവിടില്ല. എല്ലാ ഐശ്വര്യത്തിന്റെയും മൂലകാരണം ആ പേരാണ്. കിങ്സിനൊപ്പം ബ്രുക്‌സൈഡ് നിര്‍ദ്ദേശിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. പക്ഷെ റിസോര്‍ട്ട് ഒരുമാസം ഓടിച്ച ശേഷം അതും വിറ്റു. കാരണം റിസോര്‍ട്ടില്‍ നിരന്തരം മദ്യപാനം. സഹിക്കാനാവുന്നില്ല.
ഒരു കോടിക്കടുത്ത ലാഭമുണ്ടായെന്നു ഖാദര്‍. ബിസിനസ് സംരംഭങ്ങളില്‍ നിന്നെല്ലാം വിടചൊല്ലി ഈരാറ്റുപേട്ട നടക്കല്‍ പുതിയ വീടു പണിയുന്ന തിരക്കിലാണ്. അതിനും കിങ്സ് എന്ന് പേരിടും -മണക്കാട്ട് കിങ്സ്.
ചിത്രങ്ങള്‍
1. പ്രദീപിന്റെ ദീപക്കു പൈതൃകം മുതല്‍ക്കൂട്ട് - ശബരി റൂട്ടില്‍ അച്ഛനും സഹോദരനും ഹോട്ടല്‍