ഇന്ത്യയുടെ മനസാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നല്ലോ ഫാൽഗാം ഭീകരാക്രമണം. കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ ഇരുപത്തിയാറു നിരപരാധികളാണ് 2025 ഏപ്രിൽ 22-നു നടന്ന ആ കൂട്ടക്കൊലയിൽ നഷ്ടമായത്. പാകിസ്ഥാൻ പാലൂട്ടിവളർത്തുന്ന ഭീകര പ്രസ്ഥാനങ്ങളായിരുന്നു അതിനു പിന്നിൽ. പാക് അധിനിവേശ കാശ്മീരിലും ആ രാഷ്ട്രത്തിനകത്തും ഭീകരവാദികളെ പരിശീലിപ്പിക്കുന്ന നിരവധി ക്യാമ്പുകൾ അനേക വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്നു എന്നത് ഒരു രഹസ്യമല്ല.
ഏതായാലും ഭീകരവാദികൾക്ക് ഉചിതമായ മറുപടി ഉണ്ടായത് മെയ് 7-നു പ്രഭാതത്തിനു മണിക്കൂറുകൾ മുൻപ്. പാക് അധിനിവേശ കാശ്മീരിൽ മാത്രമല്ല പാകിസ്താന്റെ ഉള്ളിൽ തന്നെ കടന്നു നിരവധി ഭീകരക്യാംപുകളെ ഇന്ത്യൻ സേന തകർത്തു. ഇന്ത്യൻ അതിർത്തിയിൽനിന്നു നൂറു മൈൽ ഉള്ളിൽ കടന്നു പഞ്ചാബ് പ്രവിശ്യയിൽ വരെ എത്തിയാണ് ധൈര്യശാലികളായ ഇന്ത്യൻ വ്യോമസേനയുടെ ചുണക്കുട്ടികൾ ലക്‌ഷ്യം സാധിച്ചത്. കേവലം ഇരുപത്തിമൂന്നു മിനിറ്റുകൾ. ഒരു സാധാരണ പാകിസ്ഥാൻ പൗരനോ പട്ടാളക്കാരനെയോ സൈനിക താവളങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ഇന്ത്യൻ പട്ടാളത്തിന്റെ ഏക ലക്‌ഷ്യം പാക് ഭീകരക്യാംപുകൾ മാത്രം. പാകിസ്താനിലെ ജനങ്ങൾ തങ്ങളുടെ ശത്രുക്കളല്ല എന്ന പ്രഖ്യാപനമാണ് ഇന്ത്യ അതിലൂടെ നടത്തിയത്. അത് മനസ്സിലാക്കാനുള്ള വിവേകം പാകിസ്താനുണ്ടായില്ല. ഭീകരവാദികളാൽ ഹൈജാക്കു ചെയ്യപ്പെട്ടിരിക്കുന്ന പാക് ഭരണകൂടം പ്രതീക്ഷിച്ചിരുന്നതുപോലെ പ്രതികരിച്ചു.
ഇന്ത്യൻ അതിർത്തിഗ്രാമങ്ങളിൽ നാനൂറോളം ഡ്രോണുകൾ തുരുതുരാ പാകിസ്ഥാൻ പട്ടാളംവർഷിച്ചു. പലവീടുകൾ തകർന്നു. ജനങ്ങൾ മരിച്ചു. നിരവധിപേർക്കു ആക്രമണങ്ങളിൽ പരിക്കേറ്റു. ഇന്ത്യ ശക്തമായ മറുപടിനൽകി. നാലുദിവസം നീണ്ടുനിന്ന പ്രത്യാക്രമണം. അതിനുള്ളിൽ ചെയ്യേണ്ടത് ചെയ്തു. മുൻകാലങ്ങളിൽ ദിവസങ്ങളും മാസങ്ങളും കൊണ്ടുപോലും അസാധ്യമായിരുന്നതാണ് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സേന അതിന്റെ സാങ്കേതികമികവുകൊണ്ടും യുദ്ധതന്ത്രങ്ങൾകൊണ്ടും സാധിച്ചത്. റാവൽപിണ്ടിയും ലാഹോറും കറാച്ചിയും വിറച്ചു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചു. പാകിസ്ഥാൻ അയച്ച മിസൈലുകളൊക്കെ ഇന്ത്യൻ സേന ആകാശത്തുവച്ചുതന്നെ നിർവീര്യമാക്കുകയും ചെയ്തു. പാകിസ്ഥാൻ പരമസുരക്ഷിതം എന്നുകരുതിയിരുന്ന അവരുടെ ആണവശാലയുടെ പടിവാതിലുകൾക്കുമുൻപിലും മിസൈൽ പതിച്ചതോടു എങ്ങനെയും യുദ്ധം നിർത്തിക്കിട്ടിയാൽ മതിയെന്ന നിലയിൽ പാകിസ്താനെത്തി. അങ്ങനെയാണ് അവർ അമേരിക്കയുടെ കാലുപിടിക്കാൻ നിബന്ധിതരായത്. എന്നാൽ യുദ്ധം നിർത്തണമെങ്കിൽ പാകിസ്ഥാൻ സൈനികമേധാവി ഇന്ത്യൻ സൈനിക മേധാവിയെ നേരിട്ടുവിളിക്കണമെന്ന മോദിയുടെ ഉപാധി സ്വീകരിക്കുകയല്ലാതെ പോംവഴിയില്ല എന്ന് പാകിസ്ഥാൻ മാത്രമല്ല അമേരിക്കയും മനസ്സിലാക്കി. അങ്ങനെ മെയ് 10-നു വൈകുന്നേരം അഞ്ചുമണിയോടുകൂടി വെടിനിർത്തൽ നിലവിൽവന്നു.
എന്നാൽ വെടിനിർത്തൽ നിലവിൽവന്നശേഷം ഏതാണ്ട് നാല്പതുദിവസങ്ങളോളം തുടർച്ചയായി ഒരു വായ്‌ത്താരി പോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞുകൊണ്ടിരുന്നത് തന്റെ മധ്യസ്ഥതയിലാണ് അഥവാ തന്റെ ശക്തമായ ഉത്തരവനുസരിച്ചാണ് ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് തീരുമാനിച്ചത് എന്നായിരുന്നു. വല്ലഭനു പുല്ലും ആയുധം എന്നുപറഞ്ഞതുപോലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇതേറ്റുപിടിക്കുകയും ചെയ്തു. ഏതായാലും ട്രംപ് ഇടപെട്ടു എന്നു പറഞ്ഞതിനെ അംഗീകരിച്ച പാകിസ്ഥാൻ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നല്കണമെന്നുവരെ വിളിച്ചുപറഞ്ഞു.
ട്രംപ് അവകാശവാദങ്ങൾ തുടരുമ്പോഴും ഇന്ത്യ-പാക് യുദ്ധത്തിലെന്നല്ല പാകിസ്താനുമായുള്ള ഒരിടപാടിലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ അനുവദിച്ചിട്ടില്ല എന്നും ഇനിയും അനുവദിക്കുകയില്ല എന്നും സംശയാതീതമായ ഭാഷയിൽ മോദി അവർത്തിക്കുന്നുണ്ടായിരുന്നു. മോദിയുടെയും ഇന്ത്യയുടെയും ആർജ്ജവത്തിനുമുന്പിൽ തന്റെ വാക്കുകൾ ട്രംപിന് മാറ്റിപ്പറയേണ്ടിവന്നു. മോദിയുടെ വാക്കുകളുടെ യാഥാർഥ്യം ജൂൺ 19-നു ലോകം മനസ്സിലാക്കി. വെടിനിർത്തൽ ഇന്ത്യയിലെയും പാകിസ്താനിലെയും ഉത്തരവാദിത്വപ്പെട്ടവർ ചേർന്നെടുത്ത തീരുമാനം എന്നു ട്രംപ് സ്വയം സമ്മതിച്ചു. അതിനു ദിവസങ്ങൾക്കുമുമ്പ് ട്രമ്പിനോട് ഫോണിൽ സംസാരിച്ച മോദി സത്യം തുറന്നുപറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവണം. അടുത്ത ദിവസം പാക് സൈനിക മേധാവിയും ട്രമ്പ് പറഞ്ഞത് ഏറ്റുപറഞ്ഞു. നിവൃത്തിയില്ലാതെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർത്ഥിച്ചു എന്നാണ് പാക് സൈനികമേധാവി അസിം മുനീറും പാക് ഉപപ്രധാനമന്ത്രി ഇഷാക്ദറും പരസ്യമായി സമ്മതിച്ചത്. “ഓപ്പറേഷൻ സിന്ദൂറിന്റെ” ഒന്നാം അധ്യായം ശുഭപര്യവസായിയായി അങ്ങനെ അവസാനിച്ചു.
ഇവിടെ നമ്മുടെ ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ട ചില വസ്തുതകളുണ്ട്. ഒന്നാമത്തെ കാര്യം, ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ സൈനികമായ സുപ്പീരിയോരിറ്റി അമേരിക്കയുൾപ്പെടെ ലോകം അംഗീകരിക്കുന്നത്. അതുകൊണ്ടുതന്നെ "ഓപ്പറേഷൻ സിന്ദൂർ" പുതിയൊരു അവബോധം ലോകമാകവേ ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചു സൃഷ്ടിച്ചിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് ഇന്ത്യ പാകിസ്താനിലേക്ക് കടന്ന് ബാലക്കോട്ട് ഭീകരപരിശീലനകേന്ദം തകർത്തത്. കാശ്മീരിലെ പുൽവാമയിൽ നാല്പത്തിയാറു സായുധ പോലീസ് അംഗങ്ങളെ ഭീകരവാദി കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഇത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം ആദ്യമായിട്ടായിരുന്നു പാകിസ്താനിലേക്ക് കടന്ന് ഇന്ത്യ ആക്രമിച്ചത്. എന്നാൽ അന്നും അതിനു മുൻപും പാക്കിസ്ഥാൻ അനുകൂലമായിട്ടായിരുന്നു വാർത്തകൾ “ന്യൂയോർക് ടൈംസ്” ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പത്രങ്ങൾ റിപ്പോർട്ടുചെയ്തിട്ടുള്ളത്. ബാലക്കോട്ടു നടന്ന ഇന്ത്യൻ ആക്രമണത്തെ തള്ളി പാകിസ്ഥാൻ മീഡിയ പറഞ്ഞ കള്ളം അതേപടി ആവർത്തിക്കുകയായിരുന്നു അമേരിക്കൻ പത്രങ്ങൾ ചെയ്തത്.
സൈനിക ശക്തിയിൽ ഇന്ത്യയെക്കാൾ മുൻപിലാണ് പാകിസ്ഥാൻ എന്ന് സ്ഥാപിക്കാൻ അവർക്കുള്ള പ്രത്യേക താല്പര്യം പല തവണ വായിച്ചറിഞ്ഞിട്ടുണ്ട്. 1998-ൽ പൊഖ്‌റാനിൽ ഇന്ത്യ അണുബോംബ് പരീക്ഷണം നടത്തുകയും തൊട്ടുപുറകെ പാകിസ്ഥാൻ അതാവർത്തിക്കുകയും ചെയ്ത അവസരങ്ങളിൽ “ന്യൂയോർക് ടൈംസ്” പോലുള്ള ലിബറൽ പത്രങ്ങൾ പോലും പ്രദര്ശിപ്പിച്ചിരുന്നത് നഗ്നമായ ഇന്ത്യ വിരുദ്ധതയായിരുന്നു. തുടർന്നായിരുന്നല്ലോ ഇന്ത്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. ഇന്ത്യ ഇതാ സാമ്പത്തികമായി തകരാൻ പോവുന്നു എന്നാണ് അവരൊക്കെ അന്നു പറഞ്ഞുകൊണ്ടിരുന്നത്. കുറുക്കൻ ചന്ദ്രനെ നോക്കി ഓരി ഇടുന്നതുപോലെയാണ് അമേരിക്കപോലെയുള്ള രാജ്യങ്ങളോട് ഇന്ത്യ മത്സരിക്കുന്നത് എന്നും സാമ്പത്തിക ഞെരുക്കം ബാധിച്ചു പട്ടിണിരാജ്യമായ ഇന്ത്യ അറബിക്കടലിലേക്ക് താഴാൻ പോകുന്നു എന്നൊക്കെ നമ്മുടെ ബുദ്ധിജീവികളായ സക്കറിയയും അരുന്ധതി റോയിയും ഒക്കെ പറഞ്ഞതും ഓർമയിലുണ്ട്.
പരമ്പരാഗതമായി പാകിസ്താനെ സാമ്പത്തികമായും സൈനികമായും കൈയയച്ചു സഹായിക്കുന്ന പതിവായിരുന്നുവല്ലോ അമേരിക്കക്കു ഉണ്ടായിരുന്നത്. ഇന്ത്യയോട് ഒരുതരം ചിറ്റമ്മനയം അമേരിക്കൻ നയതന്ത്രത്തിന്റെ ഭാഗമായിരുന്നുതാനും. എന്നാൽ ഇതിനെയൊക്കെ മറികടക്കുവാനും സാമ്പത്തികശക്തിയും സൈനികശക്തിയും സമാർജ്ജിക്കുവാനും ഇന്ത്യക്കു കഴിഞ്ഞു. എന്നാൽ ട്രംപിന്റെ ഒന്നാം ഭരണകാലം മുതലാണ് നയതന്ത്രത്തലത്തിൽ പ്രധാനമായും ഒരു ദിശാമാറ്റം പാകിസ്താനെതിരെ അമേരിക്കൻ ഗവണ്മെന്റിനു ഉണ്ടായിത്തുടങ്ങിയത്. നരേന്ദ്രമോദി 2014-ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യക്കനുകൂലമായി നാടകീയമായ നയംമാറ്റങ്ങൾ അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും സംഭവിക്കുകയും ചെയ്തു. എന്നാൽ “ഓപ്പറേഷൻ സിന്ദൂറിനു” ശേഷമുണ്ടായ ആഗോളസംഭവ വികാസങ്ങൾ ഇപ്പോൾ പാകിസ്ഥാൻ അനുകൂലമായിട്ടുള്ള ഒരു നയം മാറ്റത്തിന് കാരണമായിട്ടുണ്ടാകാം. ഇതിനെ ഇന്ത്യയുടെ നയതന്ത്രപരാജയം എന്നതരത്തിൽ ബുദ്ധിശൂന്യരായ ഇവിടുത്തെ ചില രാഷ്ട്രീയ നേതാക്കൾ വ്യഖ്യാനിക്കുന്നതു കേട്ടു.
പാരമ്പരാഗതമായിത്തന്നെ ഇന്ത്യയെ ഉള്ളുകൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്ന മനഃശാസ്ത്രമല്ല അമേരിക്കയിലെ മീഡിയക്കും പൊളിറ്റിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിനും ഉള്ളത്. വി.കെ കുഷ്ണമേനോന്റെ കാലം മുതൽ തുടരുന്ന ഒരു പ്രതിഭാസമാണിത്. മുണ്ടുമുറുക്കി ഉടുത്താലും നട്ടെല്ല് നിവർത്തിനിൽക്കുന്ന ഇന്ത്യക്കാരെപ്പോലെ അല്ല പാകിസ്ഥാനികൾ. ഏതു സാഹചര്യത്തിലും സ്വന്തം വ്യക്തിത്വം ഇന്ത്യ അടിയറ വയ്ക്കാറില്ല. നക്കാപ്പിച്ച കിട്ടിയാൽ വാലാട്ടാനും തലകുനിക്കാനും ഒരു മടിയും പാകിസ്താനികൾക്കില്ല. പാകിസ്ഥാനെപ്പോലെ സമ്പൂർണ വിധേയത്വം കാട്ടാൻ ഇന്ത്യയെ കിട്ടില്ല എന്ന് അമേരിക്കക്കു അറിയാം. ഇതാണ് പരമ്പരാഗതമായ ഇന്ത്യാവിരുദ്ധതയുടെ മനഃശാസ്ത്രപരമായ ഒരു കാരണം.
ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ കക്ഷി ചേരാൻ ഒരുമ്പെടുന്ന അമേരിക്കക്കു ഇറാനെ പ്രഹരിക്കാൻ പാകിസ്താന്റെ വ്യോമപാത ആവശ്യമാണ്. പാകിസ്താന്റെ ലോഞ്ചിങ് പാഡ് ഉൾപ്പെടെ മറ്റു സഹായങ്ങളും വേണ്ടിവന്നേക്കും. ഇന്ത്യയും ഇറാനും തമ്മിൽ പലവിധ സഹകരണങ്ങൾ നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാൽ ഇക്കാര്യത്തിൽ ഇന്ത്യയിൽനിന്നും ഒരു സഹായവും പ്രതീക്ഷിക്കാനാവുകയില്ല എന്നും അമേരിക്കക്ക് അറിയാം. ഇവയാണ് പാകിസ്താനോട് ഇപ്പോൾ അടുക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ. സംഘർഷങ്ങൾ അയയുന്നതോടെ മിക്കവാറും ഇൻഡോ-അമേരിക്കൻ ബന്ധം പൂർവസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യാനാണ് സാധ്യത. പുതിയ ഇന്ത്യയെയും ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന്ന മാർക്കറ്റിനെയും അവഗണിക്കാൻ ഇന്നത്തെ ആഗോളവ്യവസ്ഥിതിയിൽ അമേരിക്കക്കു കഴിയില്ല. അമേരിക്കയിലെ സാധാരണ ജനങ്ങളാവട്ടെ പലതുകൊണ്ടും ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടപ്പെടുന്നവരുമാണ്. പ്രത്യേകിച്ചും ബിസിനസ്സ്-തൊഴിൽ മേഖലകളിൽ ഉള്ളവർ.
ചുരുക്കത്തിൽ, ഓരോ രാജ്യത്തിനും അവരുടേതായ താല്പര്യങ്ങളുണ്ട്. അത് മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അതാതു രാജ്യങ്ങളെ നയിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ഇവിടെ സദാചാരപാഠങ്ങളും ധാർമ്മികതയും ഒന്നും പ്രസക്തമല്ല. രാജ്യാന്തര തലത്തിൽ എല്ലാ കൂട്ടുകെട്ടുകളും അടിസ്ഥാന താല്പര്യങ്ങളെ ആശ്രയിച്ചുള്ളതാണ്. അല്ലാതുള്ള സൗഹൃദത്തിന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഒരർത്ഥവുമില്ല, ആവശ്യവുമില്ല. ഇങ്ങനെ താല്പര്യം അനുസരിച്ചു സൗഹൃദം മെനയുന്ന രാഷ്ട്രതന്ത്രത്തിന്റെ ആശാനാണ് അമേരിക്ക. ഇത് മനസ്സിലാക്കാനുള്ള വിവേകവും ബുദ്ധിയും ഉള്ളവരാണ് ഇന്ത്യ ഇന്ന് ഭരിക്കുന്നത്. അതുകൊണ്ടാണ് ട്രംപ് ക്ഷണിച്ചിട്ടും വാഷിങ്ങ്ടണിലേക്കു പോവാതെ കാനഡയിൽ നിന്നും മോഡി നേരെ ഇന്ത്യയിലെത്തിയത്. ഇതൊന്നും മനസ്സിലാക്കാൻ കെല്പില്ലാത്തതുകൊണ്ടാവാം ഇന്ത്യൻ പ്രതിപക്ഷത്തിന്റെ നേതാവ് ഇടയ്ക്കിടെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നത്.
ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന് ആവർത്തിച്ച് പറയുന്ന ലോകനേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി. റഷ്യൻ-ഉക്രൈൻ യുദ്ധം അനിശ്ചിതമായി തുടരുമ്പോൾ ഇരു രാജ്യങ്ങളോടും മോദി ഇത് പലതവണ പറഞ്ഞിട്ടുണ്ട്. ഇസ്രായേലിനോടും ഇറാനോടും മോദി പറയുന്നതും ഇതുതന്നെയാണ്. പാകിസ്താനോട് ഒരു തുറന്ന യുദ്ധം ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധം ഇരുരാജ്യങ്ങൾക്കും കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കും. നിരപരാധികൾ അനേകം മരിക്കും. പാകിസ്ഥാനികൾ ആയാലും ഇന്ത്യക്കാർ ആയാലും എല്ലാവരും മനുഷ്യരാണല്ലോ. യുദ്ധം സമാധാനം മാത്രമല്ല സാമ്പത്തികരംഗവും താറുമാറാക്കും. രണ്ടു രാജ്യങ്ങൾക്കും അണ്വായുധങ്ങളുണ്ട്. ഇന്ത്യ ഒരിക്കലും ആണവായുധം ആദ്യം പയോഗിക്കയില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന് ഒന്നും നഷ്ടപെടാനില്ല. ഇന്ത്യ അതുപോലെയല്ല. പരമ്പരാഗത യുദ്ധത്തിൽ ഇന്ത്യയോട് പിടിച്ചു നിൽക്കാനുള്ള കെല്പില്ല എന്നവർ മനസിലാക്കിക്കഴിഞ്ഞു. സ്വയം നശിച്ചാലും വേണ്ടില്ല ഇന്ത്യകൂടി നശിക്കട്ടെ എന്നു തീരുമാനിക്കുന്നതിന് അവർക്കു വിലക്കൊന്നുമില്ല.
ഇന്ത്യൻ ആക്രമണം പാകിസ്ഥാൻ യാചിച്ചു വാങ്ങിയതാണ്. കിട്ടേണ്ടത് അവർക്കു കിട്ടി. കൊടുക്കേണ്ടത് കൊടുത്തു. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും ലക്‌ഷ്യം വച്ചതു സാധിച്ചു. പാകിസ്താന്റെ മൂന്നിലൊന്നു സൈനികശക്തി നാല് ദിവസം കൊണ്ട് ഇല്ലാതാക്കി. വെടിനിർത്തലിന് തയ്യാറാണെന്ന് പാകിസ്ഥാൻ നേരിട്ട് വിളിച്ചുപറഞ്ഞു. സമചിത്തതയോടെ, വിവേകത്തോടെ, പ്രായോഗിക ബുദ്ധിയോടെ ഇന്ത്യ അത് കേട്ടു. അനാവശ്യമായി ഒരു സാധാരണ പാകിസ്ഥാൻ പൗരനും മുറിവേൽക്കാനോ ജീവൻ നഷ്ടപ്പെടാനോ ഇന്ത്യ വഴിവച്ചില്ല. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ പരമാവധി ഉറപ്പിക്കുകയും ചെയ്തു. ഇതാണ് മഹത്തായ യുദ്ധതന്ത്രം.
ഏതായാലും “ഓപ്പറേഷൻ സിന്ദൂർ” മൂലം മഹത്തായ മറ്റൊരു നേട്ടവും ഉണ്ടായി. കട്ടിലിന്റെ വലിപ്പം അനുസരിച്ചു കാലു മുറിക്കാൻ മടിയില്ലാത്ത അല്പബുദ്ധികളായ കോൺഗ്രസിനു കിട്ടിയ നല്ല ഒരു ഇരുട്ടടി അത് നൽകി. “യുണൈറ്റഡ് നേഷൻസ്” എന്ന ലോകസംഘടനയുടെ അണ്ടർ സെക്രട്ടറി ജനറൽ പദവിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ശശി തരൂരിന്റെ വ്യക്തിത്വത്തെക്കുറിച്ചു അജ്ഞത നടിക്കുന്നത് ശീലമാക്കിയ കോൺഗ്രസ്സ് അദ്ദേഹത്തെ വിനീത വിധേയനാക്കാൻ പരമാവധി ശ്രമിച്ചുവരികയായിരുന്നു. തരുരിന്റെ ഓഫിസിൽ ഗുമസ്തപ്പണി ചെയ്യാൻ പോലും യോഗ്യതയില്ലാത്തവർ സർവ്വാധികാരികളായി പാർട്ടിഭരണം നടത്തുകയും തരൂരിനെ വാല്യക്കാരനായി കരുതുകയും ചെയ്യുമ്പോഴാണ് മോദി മാസ്റ്റർ സ്ട്രോക്ക് നടത്തിയത്. തരൂരിന്റെ മൂല്യം ശരിക്കു ബോധ്യമുള്ള മോദി അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയായ തീരുമാനം തന്നെ.
ഏതായാലും ലോകത്തു സമാധാനം നിലനിൽക്കട്ടെ എന്നു നമ്മുക്ക് ആശിക്കാം. ഒരു ആണവ അവിവേകത്തിൽനിന്നും പാകിസ്താനെ അമേരിക്ക തടഞ്ഞിട്ടുണ്ടെകിൽ ലോകം അതിനു അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയിലും മറ്റു യുദ്ധമുഖങ്ങളിലും സമാധാനം എത്തട്ടെ എന്നു ആഗ്രഹിക്കാം. മോദി പറയുന്നതുപോലെ ഇത് യുദ്ധത്തിന്റെ കാലമല്ല