Image

'ഇ-വലയ'ത്തിലെ ഈയാംപാറ്റകള്‍; റിവ്യൂ

Published on 21 June, 2025
'ഇ-വലയ'ത്തിലെ ഈയാംപാറ്റകള്‍; റിവ്യൂ

ചിന്തകളും സ്വപ്നങ്ങളും എന്തിന് ജീവിതം തന്നെയും മൊബൈല്‍ ഫോണിന്റെ ചതുരക്കളത്തിലേക്ക് ചുരുക്കിയ യുവതലമുറയാണ് ഇന്നെവിടെയും. ലോകത്തെ എല്ലാ സംഭവ വികാസങ്ങളും ആളുകള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു നിന്നും പോലും പരസ്പരം കണ്ട് സംസാരിക്കാന്‍ കഴിയുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മൊബൈല്‍ സര്‍വാധിപത്യം സ്ഥാപിച്ച കാലത്താണ് നാം ജീവിക്കുന്നത്. ചെറുപ്പക്കാരും കൗമാരപ്രായക്കാരും കുട്ടികളും വരെ മൊബൈല്‍ ഫോണിന്റെ മായികാവലയത്തിലാണ് കഴിയുന്നത്. അതിലെ ചതിക്കുഴികളില്‍ വീണ് ജീവിതം ഹോമിക്കേണ്ടി വന്ന അനേകം പെണ്‍കുട്ടികളുടെ, വീട്ടമ്മമാരുടെ, പുരുഷന്‍മാരുടെ എല്ലാം വാര്‍ത്തകള്‍ ദിനംപ്രതി പത്രത്താളുകളില്‍ നിറയുന്നു. എങ്കിലും ഒഴിവാക്കാനാകാത്ത ആസക്തി പോലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ചെറുപ്പക്കാര്‍ക്കിടയില്‍ വളരുകയാണ്. ഏറെ സാമൂഹ്യപ്രസക്തിയുള്ള ഈ പ്രമേയം അടിസ്ഥാനമാക്കി രേവതി സുമംഗലി വര്‍മ്മ ഒരുക്കിയ 'ഇ വലയം' ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഓരോ കുടുംബവും കണ്ടിരിക്കേണ്ട ചിത്രവുമാണ്.

മൊബൈല്‍ ഫോണിനോടുള്ള അടങ്ങാത്ത കമ്പവും അതിലെ ചതിക്കുഴികളെ കുറിച്ചുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന വ്യക്തികളില്‍ കണ്ടു വരുന്ന മാനസിക വിഭ്രാന്തിയായ നോമോഫോബിയ പ്രമേയമാക്കി മലയാളത്തില്‍ ചിത്രീകരിച്ച ആദ്യ ചിത്രമാണ് 'ഇവലയം' എന്നാണ് ചിത്രത്തിന്റെ സംവിധായിക ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നു.

അമ്മയും പട്ടാളത്തില്‍ നിന്നു വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അച്ഛനും എന്‍ജിനീയറിങ്ങിനു പഠിക്കുന്ന സഹോദരനും അമ്മൂമ്മയും അടങ്ങുന്നതാണ് നിലാവ് എന്ന നീലിയുടെ കുടുംബം. സ്‌നേഹവും സന്തോഷവും നിറഞ്ഞ ഇവരുടെ കുടുംബത്തെ പരിടയപ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. കോവിഡ് കാലത്ത പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മാതാപിതാക്കള്‍ നീലിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. എന്നാല്‍ നീലിയാകട്ടെ എപ്പോഴും ഓണ്‍ലൈന്‍ ക്‌ളാസെന്നും പറഞ്ഞ് സദാ മുറിയടച്ചിരുന്ന് മൊബൈലില്‍ നോക്കി ഇരുപ്പാണ്. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് നീലി തീര്‍ത്തും മുറിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ കണ്ണുനട്ടിരിപ്പായതോടെ മാതാപിതാക്കളും സഹോദരനും ആധിയായി തുടങ്ങുന്നു. കുടുംബത്തിലെ എല്ലാവരില്‍ നിന്നും ക്രമേണ അകന്നു പോകുന്ന നീലിയെ തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ മാതാപിതാക്കള്‍ നടത്തുന്ന പരിശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

കുട്ടികളിലും കൗമാരപ്രായക്കാരിലും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെ കുറിച്ചാണ് രേവതി സുമംഗലി വര്‍മ്മ ചര്‍ച്ച ചെയ്യുന്നത്. പ്രമേയത്തെ അതിശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയും വിധം തയ്യാരാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നെടുംതൂണ്‍. ഇതോടൊപ്പം തന്നെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ചിത്രം പറഞ്ഞു പോകുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ചതിക്കുഴികളിലേക്ക് വീണുപോയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നും ഒരു മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ മാതാപിതാക്കലും ഉറ്റവരും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും വേദനകളും വളരെ സൂക്ഷ്മമായി തന്നെ ചത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മിക്കവാറും ഓരോ കുടുംബത്തിലും കൗമാരപ്രായക്കാരായ ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ കാണും . അതുകൊണ്ടു തന്നെ സിനിമ കാണുന്ന പ്രേക്ഷകന് ഇതിലെ ഓരോ രംഗവും തങ്ങളുടെ ഹൃദയം കൊണ്ട് അനുഭവിച്ചറിയാനാകും.

പുതുമുഖം ആഷ്‌ലി ഉഷയാണ് നിലാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കക്കാരിയുടെ പതര്‍ച്ചകളില്ലാതെ തികഞ്ഞ കൈയ്യടക്കത്തോടെയുള്ള പ്രകടനമാണ് ഈ പെണ്‍കുട്ടി കാഴ്ചവച്ചത്. മൊബൈല്‍ ഫോണില്‍ ഹരം കയറി ഒടുവില്‍ ആ ചതുരക്കള്ളിയുടെ ചതിക്കുഴിയിലേക്ക് വീണുപോകുന്ന നീലിയായി മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ ആഷ്‌ലിക്കായി. കൗമാരത്തിന്റെ നിഷ്‌ക്കളങ്കതയും പ്രസരിപ്പും മറ്റുള്ളവരില്‍ നിന്നും ക്രമേണ അകന്നു പോകുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കവരുന്നു. പക്വതയാര്‍ന്ന അഭിനയമികവ് പുലര്‍ത്തുന്ന ഈ പെണ്‍കുട്ടിയെ കാത്ത് നിരവധി അവസരങ്ങള്‍തേടിയെത്തുമെന്നുറപ്പാണ്.

മദ്യപാനിയായ അനന്തന്‍ എന്ന കഥാപാത്രമായി എത്തുന്ന നന്ദുവും മികച്ച അഭിനയം തന്നെ കാഴ്ച വച്ചിട്ടുണ്ട്. ലഹരിക്ക് അടിമയായവന്റെ സ്ഥലകാലബോധമില്ലാത്ത പെരുമാറ്റങ്ങളും മദ്യത്തിന്റെ സ്പര്‍ശമില്ലാത്ത അവസരത്തില്‍ അനുഭവിക്കുന്ന വേദനയുമെല്ലാം നന്ദു വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ നന്ദു തന്നെ അവതരിപ്പിച്ച അമിതമദ്യപാനവും ഗാര്‍ഹിക പീഡനവും കൊണ്ട് ജീവിതം തുലച്ച കഥാപാത്രത്തെ ഈ ചിത്രത്തിലും ചിലയിടത്തെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തു പോകും. ഇവരെ കൂടാതെ മുത്തുമണി, രണ്‍ജി പണിക്കര്‍, സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, ശ്രിന്ദ, മാധവ് ഇളയിടം, ഷാലു റഹിം എന്നിവരും ചിത്രങ്ങളിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തികച്ചും സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയത്തിന്റെ ശക്തമായ ആവ്ഷിക്കാരമാണ് 'ഇവലയം'. ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക