നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 75.27 ശതമാനം വോട്ടുകള്‍ ഇലക്‌ട്രോണിക് വോട്ടുപെട്ടിയില്‍ ഉറങ്ങുമ്പോള്‍ അവകാശവാദങ്ങളുമായി എല്‍.ഡി.എഫ്-യു.ഡി.എഫ്-എന്‍.ഡി.എ മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറും രംഗത്തെത്തി. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി നിലമ്പൂരില്‍ നിന്ന് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട പി.വി അന്‍വര്‍ കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ തോല്‍പ്പിച്ചത് 2,700 വേട്ടുകള്‍ക്കാണ്. വാസ്തവത്തില്‍ ഈ ഉപതിരഞ്ഞെടുപ്പിന് തന്നെ കാരണക്കാരനായ അന്‍വര്‍ വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ പറഞ്ഞത്, ''ഞാന്‍ ജയിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കണമെന്നാണ് ആഗ്രഹം...'' എന്നാണ്.
75,000 വോട്ട് നേടി താന്‍ വിജയിക്കുമെന്നും. സ്ത്രീ വോട്ടര്‍മാരുടെ വോട്ടാണ് തനിക്ക് കൂടുതലായി ലഭിച്ചതെന്നും അന്‍വര്‍ അവകാശപ്പെടുന്നു. അതേസമയം 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്പൂര്‍ പിടിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഉറച്ച പ്രതീക്ഷ. ''പാലക്കാടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും കണ്ടതാണ്. ഷൗക്കത്തിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും...'' അദ്ദേഹം പറഞ്ഞു. വഴിക്കടവ് പഞ്ചായത്തിലാണ് യു.ഡി.എഫ് വലിയ ലീഡ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വോട്ടുകളുടെ ലീഡ് അവിടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മൂത്തേടം, എടക്കര എന്നിവിടങ്ങളില്‍ നിന്നും മികച്ച മുന്നേറ്റം നേടാനാകുമെന്നും കണക്കാക്കുന്നുണ്ട്.
ഇടതു മുന്നണിയു സി.പി.എം സ്ഥാനാര്‍ത്ഥി എം സ്വരാജും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ലീഡ് നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്കനുകൂലമായി ജനവിധിയുണ്ടാവുമെന്നുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശുഭാപ്തി വിശ്വാസം.
ഇലക്ഷന്‍ കമ്മീഷന്റെ അവസാന കണക്കനുസരിച്ച് 75.27 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007-ഉം 1,18,750 സ്ത്രീകളില്‍ 93,658-ഉം എട്ട് ട്രാന്‍സ്‌ജെണ്ടേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 23-ാം തീയതി തിങ്കളാഴ്ച നടക്കും. 19 വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ സ്‌കൂളിലെ സ്ട്രോംങ് റൂമിലേക്ക് മാറ്റിയിരുന്നു.
കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടെ കനത്ത ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് അസിസിറ്റന്റ് റിട്ടേണിങ് ഓഫീസര്‍ മാരെയും കൗണ്ടിങിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ ആകെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ ഉപതിരഞ്ഞെടുപ്പു ദിവസം എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ഓരോ നേതാക്കള്‍ തൊടുത്തുവിട്ട വിവാദം സെല്‍ഫ് ഗോളാവുമോയെന്നറിയാന്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തുവന്നത് ശശി തരൂരാണ്. പ്രചാരണത്തിന് കോണ്‍ഗ്രസ് തന്റെ സേവനം ആവശ്യപ്പെട്ടില്ലെന്നായിരുന്നു വിമര്‍ശനം. ദേശീയ നേതൃത്വവുമായി പ്രശ്നങ്ങളുണ്ട്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പാര്‍ട്ടിയുടെ ആര്‍.എസ്.എസ് ബന്ധത്തിന്റെ 50 വര്‍ഷം മുമ്പത്തെ ചരിത്രം പറഞ്ഞത്. അടിയന്തിരാവസ്ഥക്കാലത്ത് സി.പി.എമ്മുമായി ആര്‍.എസ്.എസ് സഹകരിച്ചിട്ടുണ്ടെന്നും സത്യം പറയുമ്പോള്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്‍ പറഞ്ഞതല്ല, താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട് എന്ന് ശാസനാ രൂപത്തില്‍ പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ എം.വി ഗോവിന്ദന്‍ തിരുത്തലുമായി പ്രത്യക്ഷപ്പെട്ടു.
ജനതാ പാര്‍ട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നായിരുന്നു ഗോവിന്ദന്റെ തിരുത്തല്‍. ആര്‍.എസ്.എസ് വോട്ട് ആവശ്യമില്ലെന്നും, ഒരുകാലത്തും ആര്‍.എസ്.എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് എം.വി ഗോവിന്ദന്റെ മലക്കം മറിച്ചില്‍. എന്നാല്‍ പിണറായി വിജയന്‍ ഗോവിന്ദനെ വെട്ടിക്കൊണ്ട്, ആര്‍.എസ്.എസുമായും ജനതാപാര്‍ട്ടിയുമായും സി.പി.എം ഒരുകാലത്തും സഹകരിച്ച ചരിത്രമില്ലെന്ന് പറഞ്ഞു. ഗോവിന്ദന്‍ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞത് എന്ന് അറിയില്ലെന്നും താന്‍ പറയുന്നതാണ് സി.പി.എമ്മിന്റെ നിലപാടെന്നും പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കി.
ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസവും ഇതുപോലൊരു സംഭവമുണ്ടായി. പോളിങ് ദിവസമായ 2024 നവംബര്‍ 13-ാം തീയതി ഒരു ബോംബ് എന്ന നിലയിലാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ച ഇ.പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങളുടേതെന്ന തരത്തില്‍ ബുക്കിന്റെ പി.ഡി.എഫ് പേജുകള്‍ പരസ്യമാക്കപ്പെട്ടത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ച, ഡോ. പി സരിന്‍ പാര്‍ട്ടിക്ക് വയ്യാവേലിയാവും, ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള തന്റെ വിഷമം പാര്‍ട്ടിക്ക് മനസിലായിട്ടില്ല എന്നു തുടങ്ങി സി.പി.എമ്മിനെ വിമര്‍ശിക്കുന്ന പുസ്തക ഭാഗങ്ങളാണ് ഉപതിരഞ്ഞെടുപ്പു ദിവസം തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ ഈ വിവാദങ്ങള്‍, ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ദോഷമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും പിന്നീട് വിലയിരുത്തുകയുണ്ടായി. 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ഇ.പി ജയരാജന്റെ ആത്മകഥയുടെ ചില ഭാഗങ്ങളാണെന്ന രീതിയിലായിരുന്നു പി.ഡി.എഫ് പേജുകള്‍ പുറത്തുവന്നത്. ആത്മകഥയുടെ പേജുകള്‍ എന്ന പേരില്‍ ചോര്‍ന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതൊക്കെ തിരഞ്ഞെടുപ്പ് കാലത്തെ ചില ലീലാവിലാസങ്ങളാണ്.