ഡാളസ് കൗണ്ടി: ഗാർലാൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനം ഏറ്റു. താൻ അംഗമായിരിക്കുന്ന സെന്റ് ജോസഫ് കാത്തോലിക് ചർച്ച് വികാരി ഫാദർ സ്റ്റീഫൻ ഇൻഗ്രാം സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ഭാര്യ കേറ്റീയും കുട്ടികളും തന്നോട് ചേർന്ന് നിന്നു. സിറ്റി കൗൺസിൽ അംഗങ്ങളുടെയും സിറ്റി ഉദ്യോഗസ്ഥരുടെയും പിന്തുണച്ചവരുടെയും നിറഞ്ഞ സദസ്സിലാണ് സത്യ പ്രതിജ്ഞ ചടങ്ങ് നിർവഹിക്കപ്പെട്ടത്.
സ്ഥാനം ഒഴിയുന്ന ഗാർലാൻഡ് മേയർ സ്കോട്ട് ലെമയുടെ അധ്യക്ഷതയിൽ ജൂൺ 17 ന് സിറ്റി ഹാളിൽ കൂടിയ സിറ്റി കൌൺസിൽ മീറ്റിംഗിൽ എട്ടു കൗൺസിൽ അംഗങ്ങളുടെയും വോട്ടോടുകൂടി അംഗീകരിക്കപ്പെട്ട ശേഷമാണ് ചടങ്ങുൾക്കു തുടക്കം കുറിച്ചത്.
ശേഷം മേയർ സ്കോട്ട് ലെമേ നിറഞ്ഞ സദസ്സിനെ സംബോധന ചെയ്‌തു പ്രസംഗിച്ചു. മൂന്നു തവണ കൗൺസിൽ മെമ്പർ ആയും മൂന്നു തവണ മേയർ ആയും സേവനം അനുഷ്ടിച്ച ലേമേ തന്റെ പ്രസംഗം വികാര നിർഭരമാക്കി. തന്റെ കൂടെ ഓരോ തവണയും സേവനം അനുഷ്ടിച്ച കൗൺസിൽ അംഗങ്ങളുടെ ഏവരുടേയും പേരുകൾ മറക്കാതെ എടുത്തു പറയുകയും തന്നോട് സഹരിച്ച ഏവർകും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.
ഡിലൻ ഹെഡ്രിക്കിനെ അനുമോദിച്ചുകൊണ്ട് (മേയർ സ്ഥാനാർഥി ആയി മത്സരിക്കുകയും ഡിലനെ പിന്നീട് റൺ ഓഫിൽ പിന്തുണക്കുകയും ചെയ്‍ത) പി. സി. മാത്യു പ്രസംഗിച്ചു. ഡിലൻ മുമ്പോട്ടു വച്ച പ്രകടന പദ്ധതികൾ നടപ്പാക്കണമെന്നും പി. സി. ആവശ്യപ്പെട്ടു. ഡിലന്റെ വിജയത്തിന് വേണ്ട സഹായം ചെയ്തവർക്ക് നന്ദി പറയുന്നതായും ഇത് തന്റെ വിജയം കൂടിയാണെന്നും. പി. സി. മാത്യു പറഞ്ഞു. പിന്തുണച്ച മറ്റു സ്ഥാനാർത്ഥികളായ ഷിബു സാമുവേൽ, കോണി കൈവി എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.
മറുപടി പ്രസംഗത്തിൽ ഡിലൻ: മേയർ എന്ന നിലക്ക്, തന്റെ എഞ്ചിനീയറിംഗ് പശ്ചാത്തലവും ബിസിനസ് വിദഗ്ധതയും ചേർത്തുപയോഗിച്ച് നഗരം പുനർനിർമ്മിക്കാനും ഗാർലൻഡിന്റെ സാമ്പത്തിക പുരോഗതിയെ ശക്തിപ്പെടുത്താനും ഉയർന്നജീവിത നിലവാരം പ്രോത്സാഹിപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നും, ഡാളസ് മെട്രോപ്ലെക്സിലെ ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനുമായി ഏറ്റവും മികച്ച സ്ഥലമാണ് ഗാർലൻഡ് എന്ന് താൻ വിശ്വസിക്കുന്നു എന്നും അതുപോലെ തന്നെ അതിന്റെ മഹത്വം നിലനിർത്താൻ താൻ കഠിനമായി പ്രവർത്തിക്കും എന്നും പറഞ്ഞു. ഒപ്പം തെന്നെ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചവരോടും വോട്ടു ചെയ്തവരോടും വീണ്ടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു