ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച ആദ്യ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയർ ലീഗിൽ (MPL) മിഖായേൽ ജോയിയുടെ (മിക്കി) നേതൃത്വത്തിൽ ഷുഗർലാൻഡ് സുൽത്താൻസ് വിജയികളായി.
ജൂൺ 22 ന് സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെതിരെ സുൽത്താൻസ് 127 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി. റിച്ച്മണ്ട് ടീം 15 ഓവറിൽ 126/8 എന്ന സ്കോറിലൊതുങ്ങിയപ്പോൾ, സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.
മത്സരം അവസാന നിമിഷം വരെ ആകാംക്ഷ നിലനിർത്തി. മിഖായേൽ ജോയ് (42 റൺസ്, 27 പന്ത്, 2 ഫോർ, 2 സിക്‌സ്) നയിച്ച സുൽത്താൻസ് ബാറ്റിങ് നിര മിന്നുന്ന പ്രകടനം കാഴ്ചവച്ചു. വിനോദ് നായർ (32 റൺസ്, 32 പന്ത്) പെറ്റ്സൺ മാത്യു (22 റൺസ്, 12 പന്ത്) ടീമിന്റെ വിജയത്തിന് ശക്തമായ പിന്തുണ നൽകി. ജോജി ജോർജ് (17 റൺസ്, 12 പന്ത്)ന്റെ ആക്രമണവും ശ്രദ്ധേയമായി. ഫൈനൽ മത്സരത്തിൽ മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി സുൽത്താൻസ് ടീം ക്യാപ്റ്റൻ മിഖായേൽ ജോയ് തിരഞ്ഞെടുക്കപെട്ടു.
റിച്ച്മണ്ട് ബൗളിങ് നിരയിൽ ബിനു ബെന്നിക്കുട്ടി (2 വിക്കറ്റ്) അരുൺ ജോസ് (2 വിക്കറ്റ്) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സുൽത്താൻസിന്റെ ശക്തമായ ബാറ്റിങ് നിര അവരെ പരാജയപ്പെടുത്തി. റിച്മണ്ട് ടെക്സാസ് സൂപ്പർ ലയൻസിനു വേണ്ടി ശ്രീജി ശ്രീനിവാസൻ (40 റൺസ്, 31 പന്ത്), ബിനു ബെന്നിക്കുട്ടി (34 റൺസ്, 24 പന്ത്) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. അത്യന്തം ആവേശകരമായ നാടകീയ നിമിഷങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചു കൊണ്ടാണ് ഷുഗർലാൻഡ് സുൽത്താൻസ് കിരീടം ഉയർത്തിയത്.
രാവിലെ നടന്ന സെമിഫൈനലിൽ ലീഗ് സിറ്റി കൊമ്പൻസ് (88/7)നെ പരാജയപ്പെടുത്തി റിച്മണ്ട് ടെക്സസ് സൂപ്പർ (89/6) ഫൈനലിൽ കടന്നു. രണ്ടാം സെമിയിൽ സിയന്നാ സൂപ്പർ കിംഗ്സ് (118/7) ഷുഗർ ലാൻഡ് സുൽത്താൻസ് (119/2)നെ മറികടന്ന് ഫൈനൽ പ്രവേശനം നേടി.
രാവിലെ 7.30ന് ഒന്നാം പാദ മത്സരങ്ങൾ പെയർലാൻഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. മത്സരങ്ങൾ മാഗ് പ്രസിഡന്റ് ജോസ് കെ ജോൺ ഉദ്ഘാടനം ചെയ്‌തു . ഉദ്ഘാടന വേദിയിൽ വർണ്ണാഭമായ ജേഴ്സികളും അണിഞ്ഞ് ടീം പതാകകളുമായി അണിനിരന്നു. ഏറ്റവും ഉയരത്തിലാണ് എം പി എൽ പതാകയും.
സിയന്നാ സൂപ്പർ കിംഗ്സിന്റെതായിരുന്നു ഏറ്റവും മികച്ച പ്രകടനം. ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും പങ്കുചേർന്ന് വർണ്ണാഭമായ ബലൂണുകളും ബാനറുകളും ഉയർത്തി, അകമ്പടിയായി ചെണ്ടമേളവും ചേർന്ന് ഒരു ഉത്സവം അവർ ഒരുക്കി.
തുടർന്ന് 12 മത്സരങ്ങളിലായി ലീഗ് സിറ്റി കൊമ്പൻസ്, സിയെന്ന സൂപ്പർ കിങ്സ്, ഷുഗർ ലാൻഡ് സുൽത്താൻസ്, റിച്മണ്ട് ടെക്സസ് സൂപ്പർ ലയൻസ്, പേർലൻഡ് പാന്തേർസ്, സ്റ്റാഫോർഡ് ലയൻസ്, റിവെർസ്റ്റോൺ ജയ്ന്റ്സ്, മിസോറി സിറ്റി ഫാൽക്കൻ എന്നീ ടീമുകൾ മാറ്റുരച്ചു.
ജിമ്മി സ്കറിയ (സിയന്നാ സൂപ്പർ കിങ്സ്) 118 റൺസുമായി ടൂർണമെന്റിന്റെ മികച്ച സ്കോറർ ആയി. ജിതിൻ ടോം ( മിസോറി സിറ്റി ഫാൽക്കൻ) 114 റൺസുമായി രണ്ടാം സ്ഥാനത്ത് എത്തി. ആകാശ് നായർ (റിച്മണ്ട് സൂപ്പർ ലയൻസ്) 8 വിക്കറ്റുമായി മികച്ച ബൗളർ ആയി. ജോജി ജോർജ് (ഷുഗർ ലാൻഡ് സുൽത്താൻസ്) 7 വിക്കറ്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ജിതിൻ ടോം ( മിസോറി സിറ്റി ഫാൽക്കൻ) 10 സിക്സറുകൾ പറത്തി 86 റൺസുമായി മികച്ച വ്യക്തിഗത സ്കോററുമായി.
ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പർ ലയൺസ്) 267 പോയിന്റ് നേടി മികച്ച കളിക്കാരൻ ആയപ്പോൾ ജോജി ജോർജ്( ഷുഗർ ലാൻ സുൽത്താൻസ്) 253 പോയിന്റ് കളും ആയി തൊട്ടു പുറകിൽ എത്തി. സിയെന്ന സൂപ്പർ കിംഗ്സ് ഫെയർപ്ലേ അവാർഡ് നേടി.
മത്സരത്തിൽ ആകമാനം 2552 റൺസുകൾ ഒഴുകി. 134 വിക്കറ്റുകൾ വീണു. 88 സിക്സുകൾ പിറന്നു, 103 ഫോറുകളും. ജോജി ജോർജ് (4/13) മികച്ച വ്യക്തിഗത ബൗളിംഗ് പുറത്തെടുത്തു.
പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം നിർവഹിച്ചുകൊണ്ട് ടൂർണമെന്റ് യുവാക്കളുടെ ഒരു വലിയ മേളയായി മാറ്റിയതിൽ അദ്ദേഹം സംഘാടകരെ അനുമോദിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ സെക്രട്ടറി, രാജേഷ് വർഗീസ് എന്നിവർ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ജോൺ ഉമ്മന്റെ ഉടമസ്ഥതയിലുള്ള ഷുഗർലാൻഡ് സുൽത്താൻസ്ഡോ 2000 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും ഒന്നാം സമ്മാനമായി നേടി. ക്രിസ്റ്റഫർ ജോർജ്, റെജി കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ് 1500 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. ഫാ. ദീപുവും സന്നിഹിതൻ ആയിരുന്നു.
തുടക്കം തന്നെ അതിഗംഭീരമായതിൽ അഭിമാനം കൊള്ളുന്നുവെന്ന് മിഖായേൽ ജോയി, മാഗ് സ്പോർട്സ് കോഡിനേറ്റർ, പറഞ്ഞു. വരും വർഷങ്ങളിൽ ഇതിലും മികച്ചതായി മാഗിനു ഇത് നടത്തുവാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഈ മേള സാർത്ഥകമാക്കുവാൻ അക്ഷീണം യത്നിച്ച, അതിന് ഊടും പാവും നെയ്ത മിഖായേൽ ജോയ് (മിക്കി)ക്ക് അഭിനന്ദനം. ജോസഫ് കൂനതാൻ (തങ്കച്ചൻ) (ഐ ടി), വിഘനേഷ് ശിവൻ (യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രത്യേകം ആദരവ് അർഹിക്കുന്നു.
ടീം ഉടമകളുടെ നിസ്സീമമായ സഹകരണവും ബോർഡ് അംഗങ്ങളുടെ ഒത്തൊരുമയും അർപ്പണബോധവും ആണ് ഇതിനെ മികച്ചതാക്കിയതെന്ന് പ്രസിഡന്റ് ജോസ് കെ ജോൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി.
ടീം ഉടമകളെ പ്രത്യേകമായി അഭിനന്ദിക്കുന്നു. അവരുടെ സഹകരണവും പ്രതിബദ്ധതയും ആണ് ടൂർണമെന്റിന്റെ വിജയം സെക്രട്ടറി രാജേഷ് വർഗീസ് അറിയിച്ചു.
ട്രഷറർ സുജിത്ത് ചാക്കോ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കോഡിനേറ്റർ മിഖായേൽ ജോയ് നന്ദി രേഖപ്പെടുത്തി.
ARCOLA DENTAL Prosthodontics & Implant Center, Dr. Navin Pathiyil പ്രധാന ഉപയോക്താവ് ആയിരുന്നു. ഏറ്റവും കൂടുതൽ സിക്സ് അടിച്ച കളിക്കാരന് ജോജി ജോസഫ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു.
ലൈഫ് ഇൻഷുറൻസ്, റിട്ടയർമെന്റ് പ്ലാനിംഗ്, ഫിനാൻഷ്യൽ ലിറ്ററസി എന്നിവയിലൂടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ, ഫിനാൻഷ്യൽ സ്ട്രാറ്റജിസ്റ്റും റിട്ടയർമെന്റ് പ്ലാനിംഗ് സ്പെഷ്യലിസ്റ്റുമായ അജു ജോണിനെ സമീപിക്കാം.
ബോർഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോൺ ഡബ്ലിയു വർഗീസ്, രേഷ്മ വിനോദ്, അലക്സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ് തുടങ്ങിയവർ അടങ്ങിയ കമ്മിറ്റി മികച്ച പ്രവർത്തനം കാഴ്ചവച്ചു.
നല്ല ജനക്കൂട്ടം ആയിരുന്നു രണ്ടു ദിവസവും കളി കാണുവാൻ എത്തിയത്. ടൂർണമെന്റിനെ പിന്തുണച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും മാഗിന്റെ ബോർഡ് നന്ദി അറിയിച്ചു.
മാനേജർ മോൻസി കുര്യയാക്കോസ് , മുൻ പ്രസിഡന്റുമാരായ എബ്രഹാം കെ ഈപ്പൻ, എസ് കെ ചെറിയാൻ, ജെയിംസ് ജോസഫ്, വിനോദ് വാസുദേവൻ, അനിൽ ആറന്മുള, ജോജി ജോസഫ്, മാത്യൂസ് മുണ്ടക്കൽ, മുൻ പ്രസിഡന്റും ബിൽഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ ശശിധരൻ നായർ തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ടൂർണമെന്റിന് ആശംസകളുമായി എത്തിയിരുന്നു.
മത്സരം തത്സമയം സംപ്രേഷണം ചെയ്ത പ്രശസ്ത റേഡിയോകളായ ദക്ഷിൺ, ആഷാ, ബീറ്റസ് ഫ്എം എന്നിവയ്ക്കും മാധ്യമ പ്രവർത്തകരായ ജീമോൻ റാന്നി, അജു വാരിക്കാട് എന്നിവർക്കും പ്രേത്യേകം നന്ദി രേഖപ്പെടുത്തുന്നു.