Image

കറുത്ത ഫ്രോക്കണിഞ്ഞ പെൺകുട്ടി - 4 - അന്നാ പോൾ

Published on 01 July, 2025
കറുത്ത ഫ്രോക്കണിഞ്ഞ പെൺകുട്ടി - 4 - അന്നാ പോൾ

ശേഖർ ,ആ ഇരുട്ടിൽ മഞ്ഞും തണുപ്പുമേറ്റ് എത്ര നേരമിരുന്നുവെന്നയാൾക്കറിയില്ല.തകർന്ന മനസ്സുമായി അയാൾ വീട്ടിലേയ്ക്കു മടങ്ങി.

പിറ്റേന്നു പ്രഭാതത്തിൽ ആ വാർത്ത കാട്ടുതീ പോലെ പരന്നു.

സേവ്യർ മുതലാളിയുടെ മകൾ ആനിനെക്കാണാനില്ല?

പോലീസും ഫയർഫോഴ്സും തോട്ടം തൊഴിലാളികളും എത്രയോ ദിവസങ്ങൾ അവിടമാകെ അരിച്ചു പെറുക്കി.

എല്ലാവരെയും ഞ്ഞെട്ടിച്ചു കൊണ്ട്, കാട്ടുമൃഗങ്ങൾ കടിച്ചു വികൃതമാക്കിയ , ശേഖറിന്റെ മകൻ അരുണിന്റെ ശരീരാവശിഷ്ടം ഒരു കൊല്ലിയുടെ ആഴങ്ങളിൽ നിന്നും കണ്ടു കിട്ടി.

ഊണും ഉറക്കവുമില്ലാതെ ഒരു ഭ്രാന്തനെപ്പോലെ ശേഖർ അലഞ്ഞു നടന്നു.

ദിവസങ്ങൾക്കു ശേഷം തോട്ടത്തിലെ ഒരു മരക്കൊമ്പിൽ ജീവിതമവസാനിപ്പിച്ച ശേഖറിനെയാണ ഗ്രാമവാസികൾ കണ്ടതു.

ആ കൊല്ലിയുടെ. സമീപത്തു കൂടി പോലും ആരും പോവാതെയായി. ഭീതിയുടെ കരിമ്പടം പുതച്ചുറങ്ങുന്ന അഗാധമായ ആ കൊല്ലിയിൽ നിന്നും രാത്രികാലങ്ങളിൽ നിലവിളികൾ കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.... വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും കുറുനരികളുടെ ഒലിയിടൽ ഉയരാറുണ്ട്... നായ്ക്കളുടെ നിർത്താതെയുള്കുര ഭയന്നിട്ടെന്ന പോലെയുള്ള മോങ്ങൽ.. ഗ്രാമവാസികളെ ഭയം കൊണ്ടു മൂടും... നിലാവുള്ള രാത്രികളിൽ രണ്ടു പേർ കൈകൾ കോർത്തു നടക്കുന്നതു പലരും കണ്ടിട്ടുണ്ട്.... കാലം ചെല്ലുന്തോറും കഥകളും പെരുകിക്കൊണ്ടിരുന്നു.

കേണൽ കഥ പറയുന്നതിനിടയ്ക്കു വാക്കുകൾ പൂർത്തിയാക്കാനാവാതെ വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു.

പിടിവിട്ട മനസ്സുമായ് ആൻറി അലഞ്ഞു നടന്നു. ക്രമേണ ആക്രമണ സ്വഭാവം കാട്ടിത്തുടങ്ങി... അവർക്കു എന്നെ വെറുപ്പായിരുന്നു.... ദൂരെയുള്ള ഒരു മനോരോഗാശുപത്രിയിൽക്കിടന്ന് അവർ അന്ത്യശ്വാസം വലിച്ചു.!!.... ബോധാബോധങ്ങൾ മിന്നിമറയുന്ന മനസ്സിൽ ഇടയ്ക്കിടക്കു മകളുടെ ഓർമ്മ കടന്നുവരും. അപ്പോഴൊക്കെ അവർ പുലമ്പി ക്കൊണ്ടിരിക്കും " അവൻ കൊന്നതാ...ആ ദുഷ്ടൻ കൊന്നതാ"....

പ്രിയപ്പെട്ട മകളുടെ തിരോധാനവും പ്രിയതമയുടെ മരണവും താങ്ങാനാവാതെ ഓർമ്മകൾ വേട്ടയാടുന്ന ആ വീട് ഉപേക്ഷിച്ചു ഒരു വൃദ്ധസദനത്തിൽ അഭയം തേടി. അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ കുറച്ചു നാൾ എന്റെ വീട്ടിൽ താമസിച്ചു.... ഒരു നാൾ ആരുമറിയാതെ എല്ലാം ഉപേക്ഷിച്ച്‌ നാടുവിട്ടു. എന്റെ പിതൃസഹോദരീ പുത്രനാണു അച്ചായൻ.

ഒരു നീണ്ട നിശബ്ദതയ്ക്കു ശേഷം കേണൽ കഥ തുടർന്നു.അപ്പോൾ മുഖഭാവം മാറി. ഒട്ടൊരു കാർക്കശ്യം വന്ന പോലെ ശബ്ദത്തിലും മുഖത്തു.o...

"എന്റെ വല്ല്യപ്പൻ എൻറ അപ്പനു കൊടുക്കാതെ മകളുടെ മകനു ഈ ബംഗ്ലാവും തോട്ടവും കൊടുത്തു...

എന്റെ കുട്ടിക്കാലത്തു ഞാനോടിക്കളിച്ചു വളർന്ന , ഞാനേറെ ഇഷ്ടപ്പെട്ട ഈ ബംഗ്ലാവ്..... പൂർത്തിയാക്കാനാവാതെ കേണൽ വിദൂരതയിലേയ്ക്കു നോക്കി നിന്നു.

... ശബ്ദത്തിൽ ഒരു പതറിച്ചയോടെ അയാൾ തുടർന്നു" അച്ചായനെന്നെങ്കിലും മടങ്ങിവരും ഇതെല്ലാം ഏൽപ്പിയ്ക്കണം....

കേണൽ ഒരു നെടു വീർപ്പോടെ കഥ പറഞ്ഞു നിർത്തി... പോകാനെഴുന്നേറ്റു.

സമയം പോയതറിഞ്ഞില്ല.

വെയിൽ നാളങ്ങൾ വീണു കാപ്പിത്തലപ്പുകൾ തിളങ്ങി.

രാജീവ് തൊടിയിലാകെ കണ്ണോടിച്ചു. ഈട്ടിയും തേക്കും വളർന്നു പന്തലിച്ചു തണലൊരുക്കിയ വിശാലമായ മുറ്റവും തൊടിയും...

കഴിഞ്ഞ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കൊഴിഞ്ഞു വീണ ഇലകളും കമ്പുകളും കൂമ്പാരമായി അവിടവിടെക്കിടക്കുന്നു....

രാജീവ് കഴിഞ്ഞതെല്ലാം ഓർത്തെടുത്തു.

താനിന്നോളം കണ്ടിട്ടില്ലാത്തത്ര ശക്തമായ കാറ്റും പേമാരിയും!!

നിലവിളിച്ചു കൊണ്ടു ഓടി വന്ന പെൺകുട്ടി

തന്നെ തടഞ്ഞു കൊണ്ടു ഇത്തിരി വെട്ടവുമായി ഒരു റാന്തലു തൂക്കി വന്ന ശേഖർ...

പാതിരാവോളം കഥ പറഞ്ഞു തന്റെ കൂടെയിരുന്ന ശേഷം ഉറങ്ങാനായി അകത്തേയ്ക്കു പോയ ശേഖർ

താൻ സ്വപ്നം കണ്ടതാണോ?

യാഥാർത്ഥ്യമല്ലായിരുന്നോ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സന്ദേഹങ്ങളും അയാളെ വീർപ്പുമുട്ടിച്ചു....

അഴിക്കും തോറും കൂടുതൽ സങ്കീർണ്ണമാവുന്ന സമസ്യ പോലെ ചിന്തകൾ ഉള്ളിൽ ചിറകടിച്ചു..... പ്രേതങ്ങളിൽ വിശ്വാസമുള്ളവരെ താൻ പരിഹസിച്ചിരുന്നതയാൾ ഓർത്തു.

ഇപ്പോൾ കാലം മുന്നിൽ വന്നു തന്നെ പരിഹസിക്കുന്നതു പോലെ....

ചിന്തകളിൽ മുഴുകിപ്പോയ രാജീവിനെ രജീഷ് കുലുക്കിയൂണർത്തി...

നട്ടുച്ച!!

അവരോടു യാത്ര പോലും പറയാതെ കേണൽ ആ ബംഗ്ലാവിന്നുള്ളിലേയ്ക്കു കയറിപ്പോയി. ഒരു ത്തെട്ടലോടെ അവർ കണ്ടു. ഓടാമ്പലുകൾ തുറന്നിട്ടില്ല!! കതകുകൾ ചേരുന്ന നേർത്ത വിടവിലൂടെ അയാൾ അപ്രത്യക്ഷനാകുന്നതു ഞെട്ടലോടെ അവർ നോക്കി നിന്നു !!

അടുത്ത നിമിഷം.. അകത്തേ മുറികളിലെവിടെയോ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളി ശബ്ദം ചുവരുകളെ വിറപ്പിച്ചു.!! രാജീവ് നിന്നു വിറച്ചു... കഴിഞ്ഞ രാത്രിയിൽ താൻ കേട്ട അതേ നിലവിളി !! കറുത്ത ഫ്രോക്കണിഞ്ഞ ആ പെൺകുട്ടിയുടെ നിലവിളി.! രജീഷ് ഭീതി നിറഞ്ഞ കണ്ണകളോടെ രാജീവിനെ നോക്കി.

ഇരുവരും മുറ്റത്തേയ്ക്കു ചാടി ഇറങ്ങി.. അടുത്ത നിമിഷം ഏതോ വലിയ പക്ഷിയുടെ ചിറകടി ശബ്ദം അവരുടെ തലയ്ക്കു മുകളിലൂടെ അകന്നകന്നു പോയി.

( ശുഭം )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക