ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരാധിഷ്ഠിതമായ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതാണ് മാധ്യമങ്ങൾക്ക് താല്പര്യം. എന്നാൽ, നവംബറിൽ സൊഹ്‌റാൻ മംദാനിക്ക് അത്തരത്തിൽ കടുത്ത മത്സരം നേരിടേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വിജയിക്കുന്നവരെയാണ് ആളുകൾ എപ്പോഴും ഇഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായി കൈവന്ന താരപരിവേഷം മൂലം മംദാനിയിലേക്ക് കൂടുതൽ പേർ ആകൃഷ്ടരാകും. പ്രചാരണം പുരോഗമിക്കുമ്പോൾ മംദാനി മുൻപത്തതിനേക്കാൾ കൂടുതൽ ആളുകളെ ഒപ്പം കൂട്ടാൻ ഇതിലൂടെ കഴിയും.
പ്രധാനപ്പെട്ട എല്ലാ ലേബർ നേതാക്കളുടെയും ഡെമോക്രാറ്റിക് സ്ഥാപനങ്ങളുടെയും പിന്തുണ മംദാനിക്ക് ലഭിക്കുമെന്നതിലും സംശയമില്ല. അത് കൂടുതൽ പണവും കൂടുതൽ വോട്ടും കിട്ടാൻ ഉപകരിക്കും.
കൂടാതെ പ്രാദേശികമായും ദേശീയമായും ചെറുകിട ദാതാക്കളിൽ നിന്ന് ധാരാളം പണം സ്വരൂപിക്കാനും മംദാനിക്ക് ഇനി കഴിയും. അദ്ദേഹത്തെ മറികടക്കുന്നത് ഏതൊരു സ്ഥാനാർത്ഥിക്കും ഇനി ബുദ്ധിമുട്ടായിരിക്കും.
ചില ഉന്നത ഡെമോക്രാറ്റുകൾ മംദാനിയെ സ്വീകരിക്കാൻ മടിക്കുന്നുണ്ടെങ്കിലും സാമ്പത്തിക വിഷയങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാർട്ടിക്ക് ഒരു മാതൃകയാണെന്ന കാര്യത്തിൽ അവർക്കും എതിരഭിപ്രായമില്ല. ന്യൂയോർക്കിലെ ഏറ്റവും ധനികരായ ആളുകളുടെ മേൽ അധികനികുതി ഏർപ്പെടുത്തിക്കൊണ്ട് സാധാരണക്കാർക്ക് സൗജന്യ ബസ്, വേതനവർദ്ധനവ്, വാടക മരവിപ്പിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിന് പണം കണ്ടെത്തുക എന്നുള്ള തന്റെ അജണ്ട യാഥാർത്ഥ്യബോധമുള്ളതാണെന്നും സിറ്റിയിൽ ജോലി ചെയ്യുന്ന വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തതാണെന്നും മംദാനി വ്യക്തമാക്കിയിട്ടുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരമാണ് ന്യൂയോർക്ക്, എന്നിട്ടും ന്യൂയോർക്കിലെ നാലിൽ ഒരാൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുകയും റിപ്പബ്ലിക്കൻമാർ കോൺഗ്രസിന്റെ ഇരു ഹൗസുകളിലും നിയന്ത്രണം നേടുകയും ചെയ്ത ശേഷം ഡെമോക്രാറ്റുകൾക്ക് ശക്തി കുറഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം അമേരിക്കൻ ഡെമോക്രാറ്റുകളും തങ്ങളുടെ പാർട്ടിക്ക് പുതിയ നേതൃത്വം ആവശ്യമാണെന്നും സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിശ്വസിക്കുന്നവരാണ്.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ, സെനറ്റ് മൈനോറിറ്റി നേതാവ് ചക്ക് ഷൂമർ എന്നിവരുൾപ്പെടെ മറ്റ് പ്രമുഖ ന്യൂയോർക്ക് ഡെമോക്രാറ്റുകളും ഇതുവരെ മംദാനിയെ അംഗീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. മംദാനിയെ മേയർ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ, ട്രംപ് ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവയ്ക്കുമെന്ന് ന്യൂയോർക്കുകാരിൽ ചിലർക്ക് ആശങ്കയുണ്ട്. സോഷ്യലിസ്റ് വിശ്വാസം ന്യൂയോർക്കിന് വളരെ മോശമാണെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞിട്ടുമുണ്ട്. അധ്വാനിക്കുന്ന ജനങ്ങൾക്കുവേണ്ടിയാണ് താൻ പോരാടുന്നത് എന്ന് മംദാനി വ്യക്തമാക്കി. മറ്റ് ചില ഡെമോക്രാറ്റുകൾ ഇതുവരെ തന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിച്ചിട്ടില്ലെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചില്ല.
നിലവിലെ മേയർ ഇരിക്ക് ആഡംസിനുവേണ്ടി മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നവർക്കൊന്നും മംദാനിയെ തോൽപ്പിക്കാനാകില്ല. മുൻ ഗവർണർ ആൻഡ്രൂ കോമോയുടെ സൂപ്പർ പിഎസി മംദാനിയെ ആക്രമിക്കാൻ ഇതിനകം 25 മില്യൺ ഡോളർ ചെലവഴിച്ചു. അത് വിജയിച്ചില്ല എന്നു മാത്രമല്ല, വോട്ടർമാർ കോമോയ്‌ക്കെതിരെ തിരിയാനും ഇത് കാരണമായി.
സ്വതന്ത്രനായി പൊതു മത്സരത്തിൽ കോമോയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകില്ല. പോളിംഗ് കൂടുതലായിരിക്കും, എന്നാൽ റിപ്പന്തലിക്കാനായ കർട്ടിസ് സ്ലീവയും ആഡംസും ബാലറ്റിൽ ഉണ്ടാകും.
ആഡംസ് രംഗത്തുവരുമ്പോൾ കോമോയ്ക്ക് ലഭിക്കുമായിരുന്ന ആഫ്രിക്കൻ- അമേരിക്കൻ വോട്ടുകൾ ഇല്ലാതാകും.
ഈ പ്രൈമറിയിലെ പോളിംഗ് ഏകദേശം ഒരു മില്യണായിരുന്നു. 2021-ലെ പൊതുതെരഞ്ഞെടുപ്പിൽ പോളിംഗ് 1.1 മില്യൺ ആയിരുന്നു. തന്റെ നേട്ടങ്ങൾ വിലമതിക്കപ്പെടുന്നില്ല എന്ന ആഡംസിന്റെ അഭിപ്രായം ശരിയാണ്.
മംദാനി ഒരു സമർത്ഥനായ രാഷ്ട്രീയക്കാരനായതുകൊണ്ട്, ബുദ്ധിപരമായി തന്നെ മുന്നോട്ട് പോകും. പ്രൈമറിയിൽ തന്നോടൊപ്പമല്ലാത്ത ആളുകളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം വരും മാസങ്ങളിൽ അദ്ദേഹം കണ്ടെത്തും. പ്രാദേശിക ജൂത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം ഇസ്രായേൽ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. മാധ്യമങ്ങൾക്കും കമ്മ്യൂണിറ്റി നേതാക്കൾക്കും അദ്ദേഹത്തെ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. റിപ്പബ്ലിക്കൻ പാർട്ടി നോമിനി സ്ലീവയ്ക്ക് വിജയസാധ്യത തീരെ കുറവാണ്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയും സ്ലീവയ്ക്ക് ലഭിക്കില്ല, ഇത് ഒരു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. മറുവശത്ത്, ആഡംസിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
ന്യൂയോർക്കിലെ ലിബറലുകളെ എതിർക്കുന്നത് തുടരാനും ഇടതുപക്ഷ നയങ്ങൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ലെന്ന് കാണിക്കാൻ മംദാനിയുടെ വരവ് ദേശീയതലത്തിൽ ഒരു ഉദാഹരണമായി ഉപയോഗിക്കാനും ട്രംപ് ശ്രമിച്ചേക്കും.
ന്യൂയോർക്കുകാർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന വിഷയങ്ങളായി താങ്ങാനാവുന്ന വിലയും മെച്ചപ്പെട്ട ജീവിത നിലവാരവും മുതലെടുത്താണ് ഒരർത്ഥത്തിൽ മംദാനി വിജയിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് അടുത്തകാലത്തൊന്നും ജനപ്രീതി കുറയാൻ പോകുന്നില്ല.
രാഷ്ട്രീയമാണ്, അതിനാൽ കാര്യങ്ങൾ എപ്പോഴും മാറിമറിയാം. രണ്ടാം ടേമിന്റെ അവസാനം ജൂലിയാനിയുടെ ജനപ്രീതി ഇല്ലാതായ സമയത്താണ് 9/11 സംഭവിച്ചതും , അദ്ദേഹത്തെ രക്ഷകനായി വാഴ്ത്തിയതും. അതിനാൽ ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് തീർത്തുപറയാനാകില്ല.
നിലവിലെ സ്ഥിതിഗതികൾ വച്ച്, മംദാനി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കാൻ യാതൊരു സാധ്യതയുമില്ല.