എലോൺ മസ്‌കിന്റെ കമ്പനികൾക്കു ഫെഡറൽ സഹായം നിർത്തിയാൽ അദ്ദേഹത്തിനു തിരിച്ചു സൗത്ത് ആഫ്രിക്കയിലേക്കു പോകേണ്ടി വരുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീതു നൽകിയതിനു പിന്നാലെ മസ്‌ക് ഏറ്റുമുട്ടലിനു പരസ്യമായി കാഹളം മുഴക്കി. "എന്നാൽ പിന്നെ അതു തന്നെ കാണട്ടെ" എന്ന് ആദ്യം പ്രതികരിച്ച ശതകോടീശ്വരൻ പ്രസിഡന്റിന്റെ യുഎസ് കോൺഗ്രസിലെ വലിയ ശത്രുവായ റിപ്പബ്ലിക്കൻ റെപ്. തോമസ് മാസിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിക്കയും ചെയ്തു.
2026ൽ മാസിയെ കോൺഗ്രസ് കാണാൻ അനുവദിക്കില്ലെന്നു ട്രംപ് പറഞ്ഞിരുന്നു. മസ്‌ക് പറയുന്നത് കെന്റക്കിയിൽ മാസിയുടെ തിരഞ്ഞെടുപ്പിനു താൻ പണമൊഴുക്കും എന്നാണ്.
മാസിക്കെതിരെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇറങ്ങുന്ന ആരെയും പിന്തുണയ്ക്കും എന്നാണ് ട്രംപിന്റെ നിലപാട്. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി വൻ തോതിൽ പണം വാരിയെറിഞ്ഞ മസ്‌ക് അതേ ആയുധം പ്രസിഡന്റിനെ ശത്രുവിനു വേണ്ടി എടുക്കുന്നു.
ട്രംപിന്റെ ആഭ്യന്തര ബില്ലിനെയും ഇറാനിൽ നടത്തിയ ആക്രമണത്തെയും മാസി എതിർത്തിരുന്നു. യുഎസ് യുദ്ധത്തിൽ ഇറങ്ങുന്നത് തടയാൻ ഡെമോക്രാറ്റിക് റെപ്. റോ ഖന്നയുമൊത്ത് അദ്ദേഹം ഒരു ബിൽ കൊണ്ടുവരികയും ചെയ്തു.
അടി മൂത്തപ്പോൾ മസ്‌ക് നേതൃത്വം നൽകിയിരുന്ന ഡി ഓ ജി ഇയെ അദ്ദേഹത്തിനെതിരെ ഉപയോഗിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ചരിത്രത്തിൽ ആർക്കും ലഭിക്കാത്ത സബ്‌സിഡികളാണ് മസ്‌കിന്റെ കമ്പനികൾക്കു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. "മസ്‌കിനെ പിടിച്ചു തിന്നാൻ കഴിയുന്ന രാക്ഷസനാണ് ഡി ഓ ജി ഇ."
ചെലവ് ചുരുക്കാൻ ആയിരങ്ങളെ പിരിച്ചു വിട്ട ഡി ഓ ജി ഇ മുൻ മേധാവി, ഇപ്പോൾ യുഎസ് കടം മൂന്ന് ട്രില്യൺ ഡോളറിലധികം വർധിപ്പിക്കുന്ന ട്രംപിന്റെ ബില്ലിനെ അനുകൂലിക്കുന്ന കോൺഗ്രസ് അംഗങ്ങളെ തോല്പിക്കുമെന്നും ഭീഷണി മുഴക്കുന്നു. ചെലവ് ചുരുക്കി കടബാധ്യത കുറയ്ക്കാൻ വോട്ട് ചെയ്തവർ തന്നെ ചരിത്രം കണ്ട ഏറ്റവും വലിയ കടം വരുത്തി വയ്ക്കാൻ കൂട്ട് നിൽക്കയാണ്.
ബിൽ പാസായാൽ പിറ്റേന്ന് താൻ പുതിയ പാർട്ടി ഉണ്ടാക്കുമെന്നും മസ്‌ക് പറഞ്ഞു.