ഹിമാചൽ പ്രദേശ് : ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവായ 14-ാമത് ദലൈലാമയുടെ 90-ാം ജന്മദിനം ആഘോഷിക്കാൻ ഭക്തരും ജനക്കൂട്ടവും സുഗ്ലാഗ്ഖാങ്ങിൽ ഒത്തുകൂടി.ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലുള്ള പ്രധാന ടിബറ്റൻ ക്ഷേത്രമാണ് സുഗ്ലാഗ്ഖാങ്.ജൂൺ 30-ന്(ഇന്നലെ) നടന്ന ആഘോഷം ടിബറ്റൻ കലണ്ടർ പ്രകാരമാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് 14-ാമത് ദലൈലാമയുടെ ജന്മദിനം ജൂലൈ 6-നാണ്. പരിപാടിക്കിടെ, ദലൈലാമ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അവിടെ സന്നിഹിതരായിരുന്ന : മത നേതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമത്തിനിടയിൽ തങ്ങളുടെ രാജ്യത്തോടും മാനവികതയ്ക്കും സമാധാനത്തിനും സേവനത്തിനും വേണ്ടിയുള്ള പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
ടിബറ്റിലെ ആംഡോ മേഖലയിൽ നിന്നുള്ളവരായ ധോമി ചോൽഖയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ജൂലൈ 6 ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിലേക്ക് നയിക്കുന്ന പരിപാടികളുടെ ഭാഗമായ ഈ ആഘോഷങ്ങളിൽ, ദലൈലാമയുടെ ആഗോള സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ ആത്മീയ, രാഷ്ട്രീയ വ്യക്തികൾ പങ്കെടുത്തു. യോഗ ഗുരുവും പർമാർത്ത് നികേതൻ ആശ്രമത്തിന്റെ പ്രസിഡന്റും ആത്മീയ തലവനുമായ സ്വാമി ചിദാനന്ദ സരസ്വതി, ദലൈലാമ നൽകിയ സമാധാനത്തിന്റെ സാർവത്രിക സന്ദേശം എടുത്തുകാണിച്ചു. ദലൈലാമ ലോകത്തിന് ഒരു അനുഗ്രഹമാണെന്നും അദ്ദേഹത്തിന്റെ സന്ദേശം ശുദ്ധവും വ്യക്തവും ധീരവുമാണെന്ന് ചിദാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.നമ്മൾ എല്ലായിടത്തും യുദ്ധങ്ങൾ കാണുന്നു, പക്ഷേ അദ്ദേഹത്തിന്റെ സന്ദേശം യുദ്ധമല്ല, സമാധാനത്തിന്റെതാണ് എന്നും ഇതാണ് പ്രധാനമന്ത്രി മോഡിയുടെ സന്ദേശം എന്നും ചിദാനന്ദ കൂട്ടിച്ചേർത്തു.നമ്മൾ തന്നെയാണ് പ്രശ്നവും പരിഹാരവും എന്ന് ദലൈലാമ ഓർമ്മിപ്പിച്ചിട്ടുണ്ട്. നിങ്ങളോട് എന്ത് ചെയ്താലും, സ്നേഹത്തിലും, കാരുണ്യത്തിലും, സമാധാനത്തിലും, സത്യത്തിലും വേരൂന്നി ജീവിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് ദലൈലാമ എന്നും അദ്ദേഹം പറഞ്ഞു.
യുദ്ധവും അക്രമവും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് ജൈന പുരോഹിതൻ ആചാര്യ ലോകേഷ് മുനി അഭിപ്രായപ്പെട്ടു."സംഭാഷണത്തിലൂടെ സമാധാനം കൈവരിക്കാൻ കഴിയും; തുറന്ന ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മതം നമ്മെ പഠിപ്പിക്കുന്നത് ഭിന്നതയല്ല, ചേർത്തുനിൽക്കുക എന്നതാണ്. മതത്തിൽ അക്രമത്തിനോ ഭയത്തിനോ വെറുപ്പിനോ ഇടമില്ല. യുദ്ധമല്ല, ബുദ്ധനെയാണ് നമുക്ക് വേണ്ടത്." അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജൂലൈ 2 മുതൽ 4 വരെ, ദലൈലാമയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് മുതിർന്ന ബുദ്ധ സന്യാസിമാരും പണ്ഡിതന്മാരും, വിവിധ ആഗോള ബുദ്ധമത പാരമ്പര്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഒന്നിക്കുന്ന ത്രിദിന സമ്മേളനം ധർമ്മശാലയിൽ നടക്കും. ദലൈലാമയുടെ ഏറെ പ്രതീക്ഷയോടെയുള്ള പ്രസംഗത്തിനായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ടിബറ്റൻ പുനർജന്മ പാരമ്പര്യത്തിന്റെ ഭാവിയെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുടർച്ചയെക്കുറിച്ചും വ്യക്തത ലഭിക്കും എന്നതാണ് ചടങ്ങിന്റെ പ്രാധാന്യം. 14-ാമത് ദലൈലാമയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിനായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി) ജൂലൈ 13 ന് ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.