Image

ഇമ്മിഗ്രേഷന് ഇനി സിവില്‍ വിവാഹങ്ങള്‍ മാത്രമേ അംഗീകരിക്കു

Published on 01 July, 2025
ഇമ്മിഗ്രേഷന് ഇനി സിവില്‍ വിവാഹങ്ങള്‍ മാത്രമേ അംഗീകരിക്കു

വാഷിങ്ടണ്‍ ഡി സി:   യുഎസ് ഫാമിലി വീസയ്ക്ക് പുതിയ നിയമം നിലവില്‍ വരുന്നു. ജൂലൈ മൂന്നു മുതല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങള്‍ മാത്രമേ യുഎസ് അംഗീകാരം നല്‍കൂ. ഫാമിലി വീസ വഴി വിദേശികള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിനു അവസരം ലഭിക്കണമെങ്കില്‍, അവര്‍ സ്വന്തം രാജ്യത്തെ സിവില്‍ നിയമങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കുകയും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണം. മതപരമായോ മറ്റേതെങ്കിലും രീതിയില്‍ ഉള്ള വിവാഹമോ യുഎസ് ഫാമിലി വീസയ്ക്ക് പരിഗണിക്കില്ല. ഇതോടെ വിദേശികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതെയാകും.

യുഎസ് വീസ ലഭിച്ച വിദേശികളുടെ പങ്കാളികള്‍ യുഎസിലേക്ക് വരാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, അവരുടെ വിവാഹം നടന്ന രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരിക്കും സ്വീകരിക്കുന്നത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പോളിസി മാനുവല്‍ വോളിയം 4ന്റെ ഭാഗമായി വരുന്ന മാറ്റമാണ് ഇത്.

യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ അഭയാര്‍ത്ഥികള്‍ക്കും ഇത് തിരിച്ചടിയാകും. പലായനം ചെയ്യേണ്ടി വന്നതുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും, സ്വന്തം രാജ്യത്തെ നിയമം കാരണം വിവാഹം കഴിക്കാന്‍ സാധിക്കാത്തവര്‍ക്കും യുഎസ് മന്ത്രാലയം ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ ഈ ഇളവുകളൊന്നും ഉണ്ടാകില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക