വാഷിംഗ്ടൺ, ഡി.സി: സെനറ്റ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ' ബജറ്റ് ബിൽ പാസാക്കി. 27 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു.
മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. അതോടെ വോട്ട് 50-50 ആയി. അതിനാൽ അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ബില്ലിന് അനുകൂലമായി കാസ്റ്റിങ് വോട്ട് ചെയ്തു. അതോടെ ബിൽ പാസായി. ബജറ്റിലെ നിർദേശങ്ങൾ കോൺഗ്രസിൽ ചർച്ച് ചെയ്ത പാസാക്കിയാൽ ജൂലൈ നാലാം തീയതിക്കുള്ളിൽ ബിൽ പ്രസിഡന്റ് ട്രംപിന്റെ മേശപ്പുറത്ത് വയ്ക്കാൻ വഴിയൊരുങ്ങി.
മെയിനിലെ സെനറ്റർ സൂസൻ കോളിൻസ്, കെന്റക്കിയിലെ റാൻഡ് പോൾ, നോർത്ത് കരോലിനയിലെ തോം ടില്ലിസ് എന്നിവർ 47 ഡെമോക്രാറ്റുകളുഡി കൂടെ ചേർന്ന് ബില്ലിനെതിരെ വോട്ട് ചെയ്തു.
940 പേജുകളുള്ള ഈ മെഗാബിൽ , ട്രംപിന്റെ 2017 ലെ നികുതി ഇളവുകളുടെ ഭൂരിഭാഗവും നിലനിർത്തുന്നു. ടിപ്പുകളുടെയും ഓവർടൈം വേതനത്തിന്റെയും നികുതി കുറയ്ക്കുന്നു; പ്രതിരോധം, അതിർത്തി സുരക്ഷ, ഊർജ്ജ പര്യവേക്ഷണം എന്നിവയ്ക്കുള്ള തുക കൂട്ടി.
ഒരു മാസത്തിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ബിസിനസ് നികുതി ഇളവുകൾ നീട്ടുന്നതിനും, മെഡിക്കെയ്‌ഡ് തുക വെട്ടിക്കുറക്കുന്നതിനും, കടമെടുക്കുന്നതിനുള്ള പരിധി നാലിൽ നിന്ന് 5 ട്രില്യൺ ഡോളറായി വർദ്ധിപ്പിക്കുന്നതിനും ബിൽ നിർദേശിക്കുന്നു. കൃത്രിമബുദ്ധിക്കെതിരായ സംസ്ഥാന നിയന്ത്രണങ്ങൾ എടുത്തുകളയും.
കോർപ്പറേഷനുകൾക്കുംബിസിനസ് സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതിനായി തൊഴിലാളികൾക്കും ദരിദ്രർക്കും വേണ്ടിയുള്ള ആരോഗ്യ പരിരക്ഷ വെട്ടിക്കുറയ്ക്കാൻ കഴിയില്ല, സെനറ്റർ ജോഷ് ഹാവ്‌ലി (മിസൗറി റിപ്പബ്ലിക്കൻ) കഴിഞ്ഞ ആഴ്ച എൻബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ ഒടുവിൽ, ഹാവ്‌ലി ബില്ലിനെ പിന്തുണച്ചു
പ്രതിവർഷം $500,000-ൽ താഴെ വരുമാനമുള്ള മിക്ക അമേരിക്കക്കാർക്കും നിലവിലുള്ള $10,000 ആദായനികുതി ഇളവ് (SALT) $40,000 ആയി സെനറ്റ് റിപ്പബ്ലിക്കൻമാർ പരിഷ്കരിച്ചു. അഞ്ച് വർഷത്തിന് ശേഷം ഈ ഇളവ് ഘട്ടംഘട്ടമായി നിർത്തലാക്കും.
മൊത്തത്തിൽ, അടുത്ത പത്തു വർഷത്തിനുള്ളിൽ കമ്മി കുറഞ്ഞത് 3.3 ട്രില്യൺ ഡോളർ വർദ്ധിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു. കടത്തിന്റെ പലിശ കൂടി കൂട്ടിയാൽ ഇത് 3.9 ട്രില്യൺ ഡോളറിലേക്ക് അടുക്കാൻ സാധ്യതയുണ്ട്.
ബില്ലിൽ കോൺഗ്രസിൽ കൂടുതൽ മാറ്റങ്ങൾ വന്നാൽ, ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി ഇരുസഭകളും ഒരു കോൺഫറൻസ് കമ്മിറ്റി സംഘടിപ്പിക്കേണ്ടിവരും. അതിൽ വീണ്ടും കോൺഗ്രസ് വോട്ട് ചെയ്യേണ്ടിവരും.