Image

കരുണ (കവിത: വേണുനമ്പ്യാർ)

Published on 02 July, 2025
കരുണ (കവിത: വേണുനമ്പ്യാർ)

ഓരോ ഇലയനക്കവും
നിന്റെ കാലൊച്ചയെ ഓർമ്മിപ്പിക്കുന്നു
ഓരോ കിളിപ്പാട്ടിലും
നിന്റെ ഈണം തുളുമ്പുന്നു
മാറി വരുന്ന ഋതുക്കളോരോന്നിലും
ഒരിക്കലും മാറാത്ത നിന്റെ ദുർഗ്രഹമായ
കയ്യൊപ്പ് കാണുന്നു.

വാക്കാൽ വർണ്ണിക്കാം
അളവാൽ അളക്കാം
ഗുണത്താൽ ഗുണിക്കാം
മൌനത്തിൽ മുഴുകി
അനുഗ്രഹീതനാകാം
നിന്റെ ഉപകാരവും കാരുണ്യവും
സദാ സ്മരിക്കാം
സർവ്വതും മറന്ന്
ക്ഷമയുടെ നെല്ലിപ്പടിയും കണ്ട് അക്ഷമയോടെ കാത്തിരിക്കാം.


ഒളിപ്പിച്ചേ കാണിക്കൂ
എന്നത് നിന്റെ സനാതനമായ
കരകൗശലവേല തന്നെ
ഇരുളിൽ വെളിച്ചമായി
പ്രകാശിക്കാനുള്ള നിന്റെ 
വാശിയും അപാരം തന്നെ
ഓരോ മിന്നൽപ്പിണരിലും
നിന്റെ അന്ധകാരം പ്രകാശിക്കുന്നു
വിപരീതങ്ങളുടെ സഹവർത്തിത്വത്തിലൂടെ
അവയ്ക്കപ്പുറത്തെ മഹായാനത്തിലൂടെ
നീ നിന്റെ ദാസന്മാർക്കായി
ഭൂമിയിൽത്തന്നെ പണിയുന്നു
പതിനായിരം പറുദീസകൾ!


നിന്റെ അഗാധമായ നിശ്ശബ്ദതയ്ക്ക്
വ്യാഖ്യാനം ചമയ്ക്കുമ്പോൾ 
ദുർബ്ബലഹൃദയം ശബ്ദായമാനമാകുന്നു
ആത്മാവിന്റെ പക്ഷി 
കൂട് വിട്ട് കൂട് തേടുന്നു
അർത്ഥങ്ങൾക്ക് രൂപം ചമയ്ക്കുന്ന
സ്വപ്നജാലകങ്ങൾക്കായി വേപഥു
കൊള്ളുന്നു.


സ്ഥലകാലവിസ്മൃതനായി ഉപേക്ഷിക്കപ്പെട്ട 
ഒരു കൃഷ്ണശിലയെപ്പോലെ 
വെറും മണ്ണിൽ ശയിക്കാം
ആത്മസ്‌മൃതിയിൽ
വിസ്മയചിത്തനായി ഇരിക്കാം
നിനക്കു വേണ്ടി താളാത്മകമായി
കൈമണികൾ മുഴക്കാം
തിരികളായ തിരികളൊക്കെ
പുകച്ച് അന്തരീക്ഷം 
സുഗന്ധപൂരിതമാക്കാം
ക്ഷണികതയുടെ വീഞ്ഞ് വിളമ്പാം
ഈ ആയുസ്സണയും മുമ്പെങ്കിലും
ദർശനത്തിന്റെ അനർഘനിമിഷം
കൃപയോടെ അനുവദിച്ചാലും
ഉദ്ദേശ്യശുദ്ധി പരിഗണിച്ചെങ്കിലും
പൂർണ്ണഹൃദയത്തോടെ ഈ പ്രാർത്ഥന സ്വീകരിച്ചാലും!

ആകസ്മികമായ ഒരു സമാഗമത്തിലൂടെ
എന്നെ നീ അത്ഭുതപരവശനാക്കൂ
ഈ വാക്കുകളത്രയും വിരഹത്തിന്റെ അടയാളചിഹ്‌നങ്ങളല്ലയൊ 
വാക്കുകൾക്ക് എന്ത് വ്യവസ്ഥ
ഏതു നിമിഷവും 
തെറ്റിപ്പോയേക്കാം
ഇനി തെറ്റിപ്പോയില്ലെങ്കിൽത്തന്നെ
ക്രൂരമായി തെറ്റിദ്ധരിക്കപ്പെടാമെന്നൊരു
നിയോഗവും അവ പേറുന്നുണ്ടല്ലോ.

ക്ഷണികതയുടെ വീഞ്ഞിന്റെ
ലഹരിയാൽ ഈ ആത്മാവിനെ
സമ്പുഷ്ടമാക്കുന്നതു നീയല്ലേ
ഒരു ദിനം ആരാച്ചാരുടെ കയ്യിലേക്ക്
എന്നെ കൈ മാറുന്നതും വേറൊരാളല്ലല്ലൊ
സമ്മതിച്ചേ പറ്റൂ,
നിന്റെ ക്രൗര്യവും 
അകൈതവമായ കരുണ തന്നെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക