Image

സാലെ മദ്രാസ്സീ...(കഥ: ശ്രീകുമാർ ഭാസ്കരൻ )

Published on 02 July, 2025
സാലെ മദ്രാസ്സീ...(കഥ: ശ്രീകുമാർ ഭാസ്കരൻ )

പോസ്റ്റ് ഗ്രാജ്യൂവേഷന് കാൺപൂരിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്ന വിളിയാണിത്. 
മദ്രാസ്സി. 
ഈ വിളി ഒന്നുമതി ചൊറിഞ്ഞു വരാൻ. അപ്പോഴെല്ലാം ഞങ്ങൾ മലയാളി വിദ്യാർഥികൾ തിരുത്തും.
“നോട്ട് മദ്രാസ്സി, കേരള.” 
സാലെ മദ്രാസ്സീ... എന്ന വിളി സാധാരണ വിദ്ധ്യാർഥികൾക്കിടയിൽ അങ്ങനെ പതിവില്ല. ചില സംഘർഷ ഘട്ടങ്ങളിൽ മാത്രമേ ആ വിളി കേൾക്കേണ്ടി വരാറുള്ളൂ. അതും  ഇലക്ഷൻ സമയത്ത് മാത്രം. അത് കഴിഞ്ഞാൽ പൊതുവേ എല്ലാവർക്കും സ്നേഹമാണ്. സ്നേഹം മാത്രം. എന്നാൽ അതിന് അപവാദങ്ങളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 
ഒരു കമ്പനിയിൽ പണിയെടുക്കുന്ന ദക്ഷിണേന്ത്യൻ പലപ്പോഴും പരസ്യമായി ബോസ്സിൽ നിന്നും കേൾക്കേണ്ടിവരുന്ന വിളിയാണിത്. സാലെ മദ്രാസ്സീ... 
മിക്കവാറും. സ്നേഹത്തോടെ. ചിലപ്പോൾ ശകാരത്തിന്റെ കൂടെ. ശകാരമാണെങ്കിൽ അത് കഴിഞ്ഞും ചില പദ പ്രയോഗങ്ങൾ ഉണ്ടാകും. അത് പറയാൻ അത്ര ശോഭനമല്ല. അതുകൊണ്ടു ഞാൻ  അത് ഒഴിവാക്കുന്നു. ഒന്നുമല്ലെങ്കിലും നമ്മൾ ഒരു മാതൃരാജ്യത്താണല്ലോ ജീവിക്കുന്നത്. സ്ത്രീകൾക്ക് വളരെ ആദരവ് കൊടുക്കുന്ന ഒരു രാജ്യം. ദക്ഷിണേന്ത്യൻ ബോസ്സാണെങ്കിൽ  കീഴ്ജീവനക്കാർ രഹസ്യമായി വിളിക്കുന്നതും മറ്റൊന്നുമല്ല. ഇതു തന്നെ 
സാലെ മദ്രാസ്സീ... 
പൊതുവേ പാളത്താറാണ് ഉത്തരേന്ത്യൻ വേഷം. ഒരുമാതിരി മഹാഭാരത സീരിയൽ സ്റ്റൈൽ. അല്പം മോഡേൺ ആയിട്ടുള്ളവർ അഥവാ വിദ്ധ്യാഭ്യാസം ഉള്ളവര്‍ പാന്റ്സ് ആണ് ധരിക്കുന്നത്. ചില മോസ്റ്റ്മോഡേൺ യുവതാരങ്ങൾ ട്രൗസറും ധരിക്കും. ഐ. ഐ. ടി. പശ്ചാത്തലത്തിൽ ട്രൗസർ ഒരു അപരിചിത വേഷമല്ല. ക്യാമ്പസിൽ രാവിലെ ഓടുന്നവർ, നടക്കുന്നവർ, സൈക്കിൾ ചവിട്ടുന്നവർ, ടെന്നീസ് കളിക്കുന്നവർ, ഇവരെല്ലാം ട്രൗസറിൽ ആണ്. അതേ വേഷത്തിൽ ക്യാംപസ്സിനു പുറത്തുവന്നു ചായയും കുടിക്കും. അപ്പോൾ ഞങ്ങൾ കേരളവാലകൾ അഭിമാനപൂർവ്വം കൈലിയോ ഒറ്റമുണ്ടോ കേരളസ്റ്റൈലിൽ ഉടുത്ത് മടക്കിക്കുത്തിനടന്നു. അഭിമാനപൂര്‍വ്വം. അല്ലെങ്കിൽ ധിക്കാരപൂർവ്വം. അതുകണ്ട് ചില മലയാളികളും ഞങ്ങളെ പരിചയപ്പെടാൻ വന്നു. പരിചയപ്പെട്ടു. പിന്നീട് അവർ ഞങ്ങളുടെ നല്ല സുഹൃത്തുക്കളുമായി.
    
ഞാൻ കാൺപൂരിൽ എത്തിയ അന്ന് വൈകിട്ട് തന്നെ പാചകം ചെയ്തു തുടങ്ങി. എന്നോട് എൻറെ കൂട്ടുകാർ സർവ്വാത്മനാ സഹകരിച്ചു. പാചകത്തിന് ഉണ്ടായിരുന്നത് മൂന്ന് നാല് ചെറിയ അലുമിനിയം കലങ്ങളും ഒരു മണ്ണെണ്ണ സ്റ്റൌവ്വുമായിരുന്നു. മണ്ണെണ്ണ ഒരു വിലപിടിച്ച വസ്തുവായിരുന്നു. കാരണം ഞങ്ങൾക്ക് റേഷൻകാർഡ് ഇല്ല. ബ്ലാക്കിൽ ഒട്ടു കിട്ടുകയുമില്ല. പിന്നെ വളരെ ബുദ്ധിമുട്ടി ഗലിയുടെ ഉള്ളിലുള്ള ഒരു വൃദ്ധ ബ്ലാക്കിൽ മണ്ണെണ്ണ കൊടുക്കുന്നത് കണ്ടെത്തി. മൂന്നുകിലോമീറ്റര്‍ അകലെ.  പക്ഷേ റേഷൻ മണ്ണെണ്ണയുടെ അഞ്ചിരട്ടി പണം കൊടുക്കണം. അതും ഒരു ലിറ്റർ വാങ്ങിയാൽ മുക്കാൽ ലിറ്ററിൽ അല്പം കൂടുതൽ കിട്ടും. കാരണം അളവുപാത്രത്തിന്റെ സൈഡ് കല്ലുകൊണ്ടിടിച്ച്‌ പൊട്ടിച്ചതായിരുന്നു. അളന്നെടുക്കുമ്പോള്‍ ഇരുന്നൂറ് മില്ലിയില്‍ക്കൂടുതല്‍ പാത്രത്തിലേക്ക് തന്നെ തിരിച്ചു വീഴും. 
ഒരിക്കൽ അതിൻറെ പേരിൽ അവരോട് അറിയാവുന്ന ഹിന്ദിയിൽ ഞാൻ ഉടക്കി. വേണ്ടത്ര കാര്യബോധം ഇല്ലാത്തതുകൊണ്ടും അഴിമതിക്കെതിരെയുള്ള ധാർമികരോക്ഷം കൊണ്ടുമായിരുന്നു ആ മഹാപരാധം ഞാന്‍ ചെയ്തത്. അതിൻറെ ഫലം ഉടൻ തന്നെ ഉണ്ടായി. അടുത്ത തവണ മണ്ണെണ്ണക്ക് ചെന്നപ്പോൾ മദ്രാസികൾക്ക് മണ്ണെണ്ണ തരില്ലന്നായി കിളവി.  ഏറെ തർക്കിച്ചു. ഫലപ്പെട്ടിട്ടില്ല. പിന്നെ ഹിന്ദി നന്നായി അറിയാവുന്ന സീനിയർ സാമണ്ണൻ എന്ന സാമുവൽ ജോണിനെ കൊണ്ടുപോയി   കിളവിയുടെ കാല് പിടിപ്പിച്ചു. നല്ല ഒന്നാംതരം യു. പി. ഹിന്ദിയിൽ. അവിടംകൊണ്ടും തീർന്നില്ല. അന്നുമുതൽ കുറച്ചു കൂടുതൽ തുക കൊടുക്കേണ്ടി വന്നു മുക്കാൽ ലിറ്റർ മണ്ണെണ്ണയ്ക്ക്.
കോടീശ്വരൻ ആയിരുന്നു കഥാപാത്രം. തമിഴൻ. നല്ല ഒന്നാന്തരം തങ്കത്തമിഴന്‍. കന്യാകുമാരിക്കാരൻ. ജന്മനാ ഹിന്ദിവിരോധി.  നല്ല ഉയരം. കറുപ്പുനിറം. സൗമ്യതയില്ലാത്ത മുഖം. നീണ്ട് ഷെര്‍ലോക്ക്ഹോംസിനെ അനുസ്മരിപ്പിക്കുന്ന മുഖം. കോടീശ്വരൻ കാൺപൂർ നാഷണൽ സുഗർ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകനായിരുന്നു. കാൺപൂർ ഐ. ഐ. ടി. ക്ക് മുന്നിലുള്ള ചായക്കടയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കോടീശ്വരനെ കാണുന്നതും പരിചയപ്പെടുന്നതും. കോടീശ്വരൻ ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി. മദ്രാസ്സി ബന്ധം. 
പലപ്പോഴും കോടീശ്വരനെ ചായക്കടയിൽ വച്ച് സന്ധിക്കും. അപ്പോൾ ഹിന്ദി പരമാവധി ഉപേക്ഷിക്കാന്‍ നമ്മളെ നിര്‍ബന്ധിക്കും. അവൻ ഗോസായിമാരായ സഹപാഠികളോട് ചിരിക്കില്ല, സംസാരിക്കില്ല, സൗഹൃദം തീരെയില്ല. 
ചപ്പാത്തിയും ഡാലും സ്ഥിരമമായി കഴിക്കുന്ന എന്നാൽ ഒരിക്കലും അത് ഇഷ്ടപ്പെടാത്ത കോടീശ്വരൻ ഒരിക്കൽ ഞങ്ങളുടെ റൂമിൽ വന്ന് ചോറ് കഴിച്ചു. അവനത് വലിയ സംതൃപ്തി നൽകി. ഒരു ചെറിയ സ്റ്റൗ വാങ്ങി ചോറ് വെക്കുന്നതിനെപ്പറ്റി ഞാൻ അവനോട് പറഞ്ഞു. മറുപടി പെട്ടെന്നായിരുന്നു.
“അതുക്കു വസതിയില്ലേ”
“യെ.”ഞാന്‍ ചോദിച്ചു. 
“അത് വന്ത് എനിക്ക് കുക്കിംഗ് തെരിയാത്”.
കഞ്ഞിവെക്കാൻ വലിയ കുക്കിംഗ് വൈദഗ്ധ്യം ആവശ്യമില്ലെന്നും  അതെങ്ങനെയെന്നും ഞാൻ അവനു പറഞ്ഞു കൊടുത്തു. പക്ഷേ എന്തോ അവന് പാചകസ്വയംപര്യാപ്തതയോട് ഒട്ടും യോജിപ്പ് തോന്നിയില്ല. 
ഞങ്ങൾ മട്ടൻക്കറി വെക്കുമ്പോൾ രണ്ട് കഷണവും ഏറെ ചാറും ഒരു പാത്രത്തിൽ ആക്കി കോടീശ്വരന് കൊടുക്കും. പ്രതിഫലമായി അവന്‍ ചായയും സമൂസയും വാങ്ങിത്തരും. അങ്ങനെ ആ സ്നേഹബന്ധം അനസ്യൂതം മുന്നോട്ടുപോയി. 
ഒരു ദിവസം ഞാന്‍ കോളേജിൽ നിന്നും വീട്ടിലെത്തുമ്പോൾ കീഹോളില്‍ ഒരു കുറിപ്പ് ഉണ്ടായിരുന്നു.  കോടീശ്വരന്റെ കുറിപ്പ്. ഒരു വരി.
‘ഗോയിങ് ഹോം’. 
ഇത്ര പെട്ടെന്ന് അവനെന്തുപറ്റിയെന്ന് സംശയിച്ചു. രണ്ടാഴ്ച കഴിഞ്ഞും കോടീശ്വരൻ മടങ്ങിവന്നില്ല. 
എൻ. എസ്. ഐ. യിലെ ക്ലര്‍ക്കും  മലയാളിയുമായ  ഞങ്ങളുടെ പൊതുസുഹൃത്ത് നന്ദകുമാര്‍ എന്ന നന്ദുവേട്ടനോട് കോടീശ്വരനെപ്പറ്റി അന്വേഷിച്ചു. 
“അവനിനി മടങ്ങിവരാൻ സാധ്യതയില്ല.” നന്ദുവേട്ടൻ വിഷമത്തോടെ പറഞ്ഞു. 
“എന്താ കാര്യം” ഞാൻ ചോദിച്ചു.
“അവൻറെ ഒരേയൊരു പെങ്ങൾ മരിച്ചു. ആത്മഹത്യ ആയിരുന്നു.”  നന്ദുവേട്ടൻ പറഞ്ഞു. 
കോടീശ്വരന്റെ പെങ്ങൾ ഞങ്ങൾക്ക് സുപരിചിതയാണ്. അവൻ ഒരുപാട് പറഞ്ഞിട്ടുണ്ട്. പെങ്ങളെപ്പറ്റി. 
കോടീശ്വരനെ ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. അഡ്രസ്‌ അറിയില്ല. മൊബൈൽ ഫോണും ഒന്നുമില്ലാതിരുന്ന കാലം. എന്തിന് ലാൻഡ് ഫോൺ പോലും വലിയ ആഡംബരത്തിന്റെയും ധന:സ്ഥിതിയുടെയും പ്രതീകമായിരുന്ന കാലം. ആരോട് അന്വേഷിക്കാൻ. കോടീശ്വരൻ മടങ്ങി വന്നില്ല. പിന്നീട് ഒരിക്കലും.
കോളേജിലെ വിരസമായ ക്ലാസുകളിൽ നിന്ന് രക്ഷപ്പെട്ട് പലപ്പോഴും ഞാൻ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിന്റെ വിശാലമായ ഗ്യാലറിയിൽ പോയിരിക്കും. മുന്നിൽ പുല്ലിന്റെ വിശാലമായ പച്ചപ്പ്‌. വെള്ളമൊഴിച്ച് അത് ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ട്. എനിക്ക് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ എൻറെ കലാലയ ജീവിതത്തിനിടയിൽ പലപ്പോഴും സ്റ്റേഡിയത്തിൽ കളി നടന്നിരുന്നിട്ടും ഞാനത് കേറി കാണാൻ കൂട്ടാക്കിയില്ല. 
ആദ്യദിനത്തിലെ ആദ്യക്ലാസ്സിനൊടുവിൽ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട കുറച്ചു പേരുണ്ടായി. ഞാൻ സഹജമായ അന്തർമുഖത്വം കൊണ്ട് ഇടിച്ചു കയറി ആരെയും അങ്ങോട്ട്‌ പരിചയപ്പെടാന്‍ പോയില്ല. കോളേജില്‍ ഒരു പ്രത്യേക അന്തരീക്ഷമായിരുന്നു. എപ്പോൾ വേണമെങ്കിലും കോളേജിൽ വരാം. പോകാം. ആരും ചോദിക്കില്ല. ക്ലാസ് നടക്കുമ്പോഴും ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാം. ക്ലാസ്സിലേക്ക് കയറിവരാം. ഹാജർ എടുക്കുന്ന പതിവില്ല. കാരണം അവിടെ പഠിക്കുന്ന ഒട്ടുമിക്കവരും നല്ല ഉദ്യോഗസ്ഥർ ആയിരുന്നു. പ്രായമുള്ളവരും. അവരിൽ ഭൂരിപക്ഷവും പി. ജി. ചെയ്യുന്നത് ഉദ്യോഗക്ക യറ്റത്തിനു വേണ്ടിയായിരുന്നു. ചിലർ നല്ല ബിസിനസുകാർ. പക്ഷേ സബ്ജക്റ്റിൽ താൽപര്യം ഉള്ളതുകൊണ്ട് പി. ജി. ചെയ്യുന്നു. 
ക്ലാസിൽ ഞങ്ങളിൽ ഏറ്റവും പ്രായക്കുറവ് ആണുങ്ങളില്‍ എനിക്കായിരുന്നു. പിന്നെ ഉള്ളത് നാലു പെൺകുട്ടികൾ. അവരിൽ ഒരാൾ കാശ്മീരി, ഒരാൾ ബംഗാളി, രണ്ട് പ്രാദേശികവാസികൾ. യു.പി.ക്കാർ. ക്ലാസ്സില്‍ ഞാൻ ഒരാൾ മാത്രം മദ്രാസ്സി. 
മിക്കവാറും കോളേജിലെ എൻറെ പകലുകൾ ഞാന്‍ സ്റ്റേഡിയത്തിൽ ചിലവഴിക്കും. സ്റ്റേഡിയത്തിലെ വിശാലമായ പുല്‍പ്പരവതാനിയിലേക്ക് നോക്കി അങ്ങനെയിരിക്കും. 
ഒരിക്കൽ അങ്ങനെയിരിക്കെ നനത്ത ഒരു സുഗന്ധം മൂക്കിലേക്ക് ഒഴുകിയെത്തി. പിന്നാലെ അവളും. റോഷിനി, റോഷിനി കൗർ. ആദ്യദിനം തന്നെ റോഷിനിയേ ഞാൻ കണ്ടതാണ്. പക്ഷെ സഹജമായ അന്തർമുഖത്വം കൊണ്ട് പരിചയപ്പെട്ടില്ല. എന്തിന്, ഇങ്ങോട്ട് ചിരിച്ചുകാട്ടിയിട്ട് മര്യാദയുടെ പേരിലെങ്കിലും തിരിച്ചങ്ങോട്ട് ചിരിക്കാൻ പോലും എനിക്ക് പറ്റിയില്ല. ആ റോഷിനെയാണ് ഇപ്പോൾ ഇവിടെ.
ഔപചാരികതകൾ ഒന്നുമില്ലാതെ അവൾ സമീപത്ത് ഇരുന്നു. എന്നിട്ട് അവൾ ചോദിച്ചു.
“ആർ യു എ മദ്രാസ്സി”
വീണ്ടും അതേ വിളി. മദ്രാസ്സി.... 
എനിക്ക് ചൊറിഞ്ഞു വന്നു. ഞാൻ കടുപ്പിച്ചുതന്നെ പറഞ്ഞു. 
“നോ. കേരള”
“കേരള?”
“യാ. കേരള.”ഞാന്‍ പറഞ്ഞു.
പിന്നെ അല്പനേരത്തെ മൗനം. വീണ്ടും അവൾ തന്നെ തുടങ്ങി.
“വേർ ആർ യു......”
“കല്യാൺപൂര്‍” ഞാന്‍ പറഞ്ഞു.
“കല്യാൺപൂര്‍?”
“യാ. ഓള്‍മോസ്റ്റ് ഫിഫ്റ്റീൻ കിലോമീറ്റർസ് ഫ്രം ഹിയർ.”
“യൂ...... എലോൺ”
“നോ. വിത്ത്‌ ഫ്രെണ്ട്സ്”ഞാന്‍ പറഞ്ഞു.
പിന്നെ എന്ത് ചോദിക്കണം എന്ന് അവൾ സംശയിച്ചു. അവള്‍ ഇനി എന്തെങ്കിലും ഒക്കെക്കൂടി ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അല്ലെങ്കിൽ ആഗ്രഹിച്ചു. പക്ഷേ എനിക്ക് തെറ്റി. അല്പം കഴിഞ്ഞ് അവൾ എഴുന്നേറ്റ് പോയി.
ശനി ഞായർ ദിവസങ്ങൾ തികച്ചും വിരസമാണ്. ഈ ദിവസങ്ങളിൽ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ നന്ദുവേട്ടന്റെ ക്വാർട്ടേഴ്സിൽ പോകും. അന്ന് നന്ദുവേട്ടൻ വിവാഹം കഴിച്ചിട്ടില്ല. ടി. വി എന്ന വിനോധോപാദി അവിടെയുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ്. ദൂരദർശൻ മാത്രമേയുള്ളൂ. മിക്കവാറും ഹിന്ദിയിൽ എന്തെങ്കിലും അവിഞ്ഞ പരിപാടി ഉണ്ടാകും. അത് കണ്ടു സമയം കളയും.
നന്ദുവേട്ടൻ സ്വയം വെച്ച് കഴിക്കുന്ന കൂട്ടത്തിലാണ്. അവധി ദിവസം ഞങ്ങളും അങ്ങോട്ട് പോകും. വെപ്പും തീറ്റയുമായി കൂടും. മാംസാഹാരം പാകപ്പെടുത്തും. മാംസം മട്ടനാണ്. പിന്നെ ബ്രഡും കട്ടൻകാപ്പിയും.  നല്ല കോമ്പിനേഷൻ. ചില ദിവസങ്ങള്‍ അങ്ങനെ അങ്ങ് പോകും. എല്ലാ വ്യാഴാഴ്ചയും കൃത്യം ഏഴുമണിക്ക് ഞങ്ങൾ പതിവ് തെറ്റിക്കാതെ നന്ദുവേട്ടന്റെ ക്വാർട്ടേഴ്സിൽ എത്തും. ചിത്രഹാര്‍ കാണും. 
ഒരിക്കൽ വൈകിട്ട് പതിവുപോലെ ഞങ്ങള്‍ നന്തുവേട്ടന്റെ ക്വാർട്ടേഴ്സിൽ എത്തുമ്പോൾ, ക്വാർട്ടേഴ്സിന്‍റെ  മുന്നിലെ ഇഷ്ടിക വിരിച്ച മുറ്റത്തിട്ട് ഒരു യുവാവ് ഒരു ചപ്രാസ്സിയെ തല്ലുന്നു. ആദ്യം തന്നെ അവന്‍ ചപ്രാസ്സിയെ ചവിട്ടിമറിച്ചിട്ടു. ദൂരെനിന്നും നടന്നു വരുന്ന ഞങ്ങൾ ഇത് കാണുന്നുണ്ട്. ചവിട്ടുകൊണ്ടു വീണ ചപ്രാസ്സിയുടെ മുഖത്ത് അയാൾ ഷൂ ഇട്ടു ചവിട്ടി. പല പ്രാവശ്യം. ചപ്രാസ്സി ആ യുവാവിന്റെ കാലുപിടിച്ചു കരയുന്നുണ്ട്. എന്നിട്ടും ഒരു മയവുമില്ലാതെ ആ യുവാവ് ചവിട്ട് തുടർന്നു. ചപ്രാസ്സിയുടെ വായില്‍ നിന്ന് രക്തം നിറഞ്ഞൊഴുകി നിലത്തു പരന്നു. 
ഞങ്ങൾ സമീപത്ത് എത്തിയപ്പോൾ അവന്‍ ചവിട്ടു നിര്‍ത്തി. പിന്നെ ഹിന്ദിയിൽ ചെവിപൊട്ടുന്ന തെറിവിളിച്ചു. പിന്നെ അവൻ ചപ്രാസ്സിയെ വിട്ട് ബൈക്കിൽ കയറിപ്പോയി. ചപ്രാസ്സി എണീറ്റ് വേച്ചു വേച്ച് നടന്നു പോയി. അതിനു പുറകെ നന്ദുവേട്ടന്റെ ക്വാർട്ടേഴ്സിന് താഴെ താമസിക്കുന്ന വീട്ടിലെ ഒരു പെൺകുട്ടി ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ചപ്രാസ്സിയുടെ രക്തം കിടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ഇതെല്ലാം വളരെ കുറഞ്ഞ സമയംകൊണ്ട് കഴിഞ്ഞു.
ഞങ്ങൾ മുകളിലെത്തി നന്ദുവേട്ടനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ‘താഴെയുള്ള പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അന്ന് രാവിലെ സ്കൂളിൽ പോകുമ്പോൾ സൈക്കിളിൽ വന്ന ചപ്രാസ്സി അവളെ നോക്കി എന്തോ കമൻറ് പാസാക്കി. അവൾക്ക് അയാളെ നന്നായി അറിയാം. ഒരു താൽക്കാലിക ജോലിക്കാരനാണ്. നല്ല പരിചയമുണ്ട്. അവള്‍ ഒന്നും പറയാതെ സ്കൂളിൽ പോയി’.  പിന്നീട് അന്ന് വൈകുന്നേരം നടന്ന സംഭവമാണ് ഞങ്ങൾ കണ്ടത്. 
എനിക്കത് അത്ഭുതമായിരുന്നു. പെണ്‍പിള്ളാരോട് കമൻറ് പാസ്സാക്കൽ പുത്തരിയല്ലല്ലോ. അത് അനസ്യൂതം നടക്കുന്നു. 
“ഒരു കമൻറ് പാസ്സാക്കിയതിനാണോ ഇത്രയും ക്രൂരമായ കയ്യാങ്കളി”.
ഞാന്‍  നന്ദുവേട്ടനോട് ചോദിച്ചു.
“ അതെ.” നന്ദുവേട്ടൻ പറഞ്ഞു.
“അത് അല്പം കടന്നു പോയില്ലേ.” എനിക്ക് സംശയം.
“ഇവിടുത്തെ സദാചാരനടപടി ഇങ്ങനെയാണ് വൈശാഖ്.” നന്ദുവേട്ടൻ നിസ്സംഗനായി പറഞ്ഞു.
ഞാൻ ഞെട്ടിപ്പോയി. ആ മറുപടി എന്നെ വല്ലാതെ അമ്പരപ്പിച്ചു. 
ഇവിടുത്തെ സദാചാരരീതി  ഇങ്ങനെയാണെങ്കിൽ.....  ആ ചിന്ത എന്നെ അക്ഷരാർഥത്തിൽ  ഞെട്ടിച്ചു. 
“അതൊക്കെ മനസ്സിലാക്കി വേണം കോളേജുകുമാരൻ ഇവിടെ ജീവിക്കാൻ. ചേരെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുംതുണ്ടം തിന്നണം. ഇല്ലെങ്കിൽ വല്ല റയിൽവേ  ട്രാക്കിലും   കിടക്കേണ്ടി വരും. മനസ്സിലായോ.” നന്ദുവേട്ടൻ അമർത്തിച്ചോദിച്ചു.  
‘മനസ്സിലായി.’ 
ഞാൻ എന്നോടു തന്നെ പറഞ്ഞു. 
കാരണം എനിക്ക് റയിൽവേ ട്രാക്കിൽ പുഴുവരിച്ചുകിടക്കാൻ  താല്പര്യമില്ലായിരുന്നു.

dr.sreekumarbhaskaran@gmail.com
*********************

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക