പെരുമഴ പെയ്തു തീർന്ന അർദ്ധരാത്രി.
ചന്നം പിന്നം മഴ പിന്നെയും ചിതറി,
മൺവഴിപാതയിലെ വൈദ്യുതിവിളക്ക്
ഒരു പഴുത്തമാങ്ങ പോലെ തിളങ്ങി.
പ്രകാശം കൂരമ്പുകൾ പോലെ
വിളക്കിനു ചുറ്റും വലയം ഇട്ടു .
ഇരുട്ടിൽ ..
ഇറയത്തു നനഞ്ഞ മണ്ണിൽ ചേർന്നിരുന്നു ..
ഒരമ്മയും മകനും..
ഇനി എങ്ങോട്ടെന്നറിയാതെ ..
ഇനി എന്തെന്നറിയാതെ.
പുരയ്ക്കുള്ളിൽ
അപ്പോഴും പുരുഷശബ്ദം പുലഭ്യം തുടർന്നു .
പുലരിയിലേക്ക് ഇനി എത്ര ദൂരം.
അമ്മയുടെ സാരിത്തലപ്പിൽ തല മൂടി നിന്നു.
ഉറക്കം വന്നു
നനഞ്ഞ മണ്ണിൽ വീണുപോകുമോ എന്ന് ഭയന്ന നേരം.
കണ്ണുകൾ ഇരുട്ടിൽ ദൂരം അളന്നു.
പുറംതള്ളപ്പെട്ടവർ !
ചേതനയിൽ എരിയുന്ന തിരിനാളം പോലെ
വഴിയോരത്തെ വിളക്കുകാലിൽ
ആ വിളക്ക് കത്തി നിന്നു .
പാരപ്പെറ്റിൽ നിന്നും
മണ്ണിൽ തലതല്ലി വീഴുന്ന മഴത്തുള്ളികൾ.
നനഞ്ഞ മൺതരികൾ
കാൽവിരൽ തുമ്പുകളിൽ തരിപ്പുണ്ടാക്കി .
ഡയബെറ്റിക് ആയതുകൊണ്ട്
ചിലനേരം അയാളുടെ കാൽവിരൽത്തുമ്പുകൾ തരിക്കും.
വേദന ഒന്നടങ്ങുന്നതുവരെ
അയാൾ കണ്ണുകൾ അടയ്ച്ചിരിക്കും.
ഏഴു പതിറ്റാണ്ടുകൾ മുൻപുള്ള
ഒരു മഴയുള്ള രാത്രി ഓർമ്മയിൽ ഉണരുന്നു ..
നനഞ്ഞ മൺതരികൾ ..
മണ്ണിൽ തലതല്ലി മരിക്കുന്ന മഴത്തുള്ളികൾ ..