Image

പൗരോഹിത്യ ശുശ്രൂഷയില്‍ നാലുപതിറ്റാണ്ടിന്റെ നിറവില്‍ ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ (ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് )

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 05 July, 2025
 പൗരോഹിത്യ ശുശ്രൂഷയില്‍ നാലുപതിറ്റാണ്ടിന്റെ നിറവില്‍ ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ (ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് )

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകരിലൊരാളും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ശില്‍പ്പികളിലൊരാളുമായ വന്ദ്യ വെരി. റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ(ബാള്‍ട്ടിമോര്‍)പൗരോഹിത്യ ശുശ്രൂഷയില്‍ നാലുപതിറ്റാണ്ട് പിന്നിടുന്നു. 93 ന്റെ നിറവിലും കര്‍മ്മഭൂമിയില്‍ സജീവമായ അദ്ദേഹം മികച്ച വാഗ്മിയും അറിയപ്പെടുന്ന മാര്യേജ്-ഫാമിലി കൗണ്‍സിലറുമാണ്. ദൈവീക നിയോഗത്തിന്റെ താലന്തുകള്‍ നൂറുമേനിയായി വര്‍ദ്ധിപ്പിച്ച് എളിയ ശുശ്രൂഷയിലൂടെ സഭക്കും സമൂഹത്തിനുമായി ഉഴിഞ്ഞു വെച്ച ജീവിതമാണ് ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പയുടേത്. സഭാസമാധാനത്തിന്റെ നല്ല നാളുകളില്‍ മലങ്കര സഭയുടെ പുതിയ നൂറ്റാണ്ടിലേക്കുള്ള വളര്‍ച്ചയില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞ അദ്ദേഹം നിരണത്തെ പ്രശസ്തമായ കടവില്‍ കുടുംബത്തിലാണ് ജനിച്ചത്. ഉന്നതമായ നിലയില്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം 1961 ലാണ് വൈദീക ശുശ്രൂഷയുടെ പ്രഥമപടിയായ  ശെമ്മാശപട്ടം ഏല്‍ക്കുന്നത്. സ്ലീബാദാസ സമൂഹത്തിന്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മൂവാറ്റുപുഴ സെന്റ് തോമസ് അരമന ദേവാലയത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ശെമ്മാശപട്ടം നല്‍കിയത്.

മികച്ച സംഘാടകനും യുവജന പ്രവര്‍ത്തനത്തില്‍ തല്‍പരനുമായിരുന്ന അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലമായിരുന്നു മോര്‍ ഗ്രീഗോറിയോസ് വിദ്യാര്‍ത്ഥി പ്രസ്ഥാനം. മലങ്കരയിലെ എല്ലാ ഭദ്രാസനങ്ങളിലുമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററിന് തുടക്കമിട്ടു. 1969 മുതല്‍ 1971 വരെ മൂന്നുവര്‍ഷക്കാലം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.


1971 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ ഡീക്കന്‍ ഏബ്രഹാം കടവില്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററിലുള്ള Colgate Rochester Crozer Divinity School(CRCDS) നിന്നും പ്രശ്‌സ്തമായ നിലയില്‍ തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് കൗണ്‍സിലിംഗില്‍ ബിരുദം നേടിയ ശേഷം നാല്‍പത് വര്‍ഷം മാരേജ് -ഫാമിലി കൗണ്‍സിലര്‍ ആയി ബാള്‍ട്ടിമോറില്‍ സേവനമനുഷ്ഠിച്ചു. മേരിലാന്റിലെ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപകനാണ്. 1985-ല്‍ കാലം ചെയ്ത മലങ്കരയുടെ പ്രകാശഗോപുരം ആബൂന്‍ മോര്‍ ബസ്സേലിയോസ് പൗലൂസ് രണ്ടാമന്‍ ബാവ അദ്ദേഹത്തിന് കശ്ശീശ്ശസ്ഥാനം നല്‍കി.

ത്യക്കോതമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പ്പള്ളിയില്‍(മോര്‍ ശര്‍ബീല്‍ ദയറ) നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ കാലം ചെയ്ത പെരുമ്പള്ളില്‍ മോര്‍ ഗീവര്‍ഗീസ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഇപ്പോഴത്തെ സീനിയര്‍ മെത്രാപ്പോലീത്ത ഡോക്ടര്‍. ഏബ്രഹാം മോര്‍ സേവേറിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

അമേരിക്കയിലെ സുറിയാനിസഭാ മക്കള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയ പ്രഥമ മെത്രാപ്പോലീത്ത യേശു മോര്‍ അത്താനാസിയോസ് തിരുമനസ്സിനൊപ്പം മലങ്കര അതിഭദ്രാസന രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. മൂന്നു തവണ ഭദ്രാസന സെക്രട്ടറി, ഒന്‍പത് വര്‍ഷം വൈദീക സെക്രട്ടറി, പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ അമേരിക്കന്‍ അതിഭദ്രാസനത്തെ ശുശ്രൂഷിച്ച അദ്ദേഹം 2014ല്‍ ഇടവക ശുശ്രൂഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരുന്നു. പാസ്റ്ററല്‍ കെയറിന്റെ സ്പിരിച്ച്വല്‍ അഡൈ്വസര്‍ ആയി ഇപ്പോഴും ഭദ്രാസനത്തെ അദ്ദേഹം ശുശ്രൂഷിക്കുന്നു.

പരേതയായ ഡോ. ആനി തോമസ് കടവില്‍(പാറത്തോട് കണ്ണന്താനം കുടുംബാംഗം) ആയിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി. ഡോ. ജോണ്‍ കടവില്‍ ഏക പുത്രനാണ്. ശ്രീമതി എലിസമ്പത്ത് കടവില്‍ പുത്രഭാര്യയും. വിദ്യാര്‍ത്ഥികളായ ജോഷ്വാ കടവില്‍, റേച്ചല്‍ കടവില്‍, റിബേക്ക കടവില്‍ എന്നിവര്‍ പേരക്കുട്ടികളാണ്. കുടുംബത്തോടൊപ്പം ബാള്‍ട്ടിമോറില്‍ താമസിക്കുന്ന കടവിലച്ചന്‍ പ്രായത്തിന്റെ അവശതകളെ അവഗണിച്ചുകൊണ്ട് കര്‍മ്മമണ്ഡലത്തില്‍ എഴുത്തും, വായനയും, നിരന്തരമായ പ്രാര്‍ത്ഥനയുമായി സജീവമാണ്.

ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇടവകയുടെ വാര്‍ഷിക പെരുനാളായ ജൂലൈ 5, 6 തീയതികളില്‍ നടക്കുന്ന ചടങ്ങുകളില്‍ വന്ദ്യ കടവില്‍ കോറെപ്പിസ്‌ക്കോപ്പയെ അനുമോദിക്കും. ക്‌നാനായ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് ചടങ്ങുകളില്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്.

ശ്രീ.തോമസ് കടവില്‍(ബാള്‍ട്ടിമോര്‍), മാത്യു കടവില്‍(നിരണം) പരേതയായ അച്ചാമ്മ ഉമ്മന്‍(നാഷ് വില്ല, TN) എന്നിവര്‍ അദ്ദേഹത്തിന്റെ സഹോദരീസഹോദരങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക