ജൂൺ 29 ഞായറാഴ്ചയിലെ സുന്ദരമായ സായാഹ്നം. കേരളാ സെന്ററിലെ ഡോഃ തോമസ് എബ്രഹാം ലൈബ്രറി ഹാളിൽ ന്യൂയോർക്ക് സർഗ്ഗവേദിയുടെ തിളക്കമാർന്ന മറ്റൊരദ്ധ്യായത്തിന് തുടക്കമായി. അമേരിക്കൻ മലയാളി എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ സാംസി കൊടുമൺ രചിച്ച 'വെനിസിലെ പെൺകുട്ടി' എന്ന കഥാസമാഹാരമായിരുന്നു ചർച്ചാ വിഷയം. 7 പുസ്തകങ്ങളുടെ രചയിതാവായ സാംസിയുടെ 'വെനിസിലെ പെൺകുട്ടി' 16 കഥകളുടെ സമാഹാരമാണ്. ഇതിലെ കഥകൾ സമസ്ത മേഖലകളിലുമുള്ള പച്ചയായ മനുഷ്യരുടെ ജീവിതമാണെന്നും സ്നേഹശൂന്യതയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നും കഥകളിൽ പ്രതിപാദിക്കുന്നുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് വെനിസിലെ പെൺകുട്ടി എന്ന ടൈറ്റിൽ കഥയെപ്പറ്റി മനോഹർ തോമസ് വിശദമായി സംസാരിച്ചു.
തുടർന്ന് പി. ടി. പൗലോസ് , ജെ. മാത്യൂസ്, ജോസ് കാടാപുറം, രാജു തോമസ്, ജോസ് ചെരിപുറം , മാമ്മൻ സി മാത്യു എന്നിവർ സമാഹാരത്തിലെ 'ഒരു യുക്തിവാദിയുടെ ആത്മാവ് ഒരു വൈദികന്റെ ജഡത്തെ കണ്ടുമുട്ടിയപ്പോൾ', 'അത്താഴമേശയിലെ ഒറ്റുകാരൻ', 'കാലികളുടെ ലോകം', 'ജോർജ് ആറാമന്റെ പരിണാമം', 'ഉദകക്രിയ', 'തടാകക്കരയിലെ ദേശാടനക്കിളി' എന്നീ കഥകളെക്കുറിച്ച് യഥാക്രമം വിശദമായി സംസാരിച്ചു. ലിൻഡ അലക്സാണ്ടർ കഥാകൃത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുകയും കഥകളെക്കുറിച്ച് പൊതുവായി സംസാരിക്കുകയും ചെയ്തു. മുൻ ഇന്ത്യൻ അത്‌ലറ്റ് ബെന്നി ജോണിന്റെ സാന്നിധ്യം സർഗ്ഗവേദിക്ക് പകിട്ടേകി .
സാംസി തന്റെ മറുപടി പ്രസംഗത്തിൽ തന്റെ കഥകൾ ചർച്ചക്കെടുത്ത സർഗ്ഗവേദിക്ക് നന്ദി പറഞ്ഞു. കഥകളിലെ ഓരോ കഥാപാത്രങ്ങളും സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയവരാണെന്നും തുറന്നു പറഞ്ഞു.
സൗഹൃദങ്ങൾ പുതുക്കി, സ്നേഹാദരങ്ങൾ പരസ്പരം പങ്കുവച്ച് , അടുത്ത സർഗ്ഗവേദിക്ക് വീണ്ടും കാണാമെന്ന ഉറപ്പോടെ സ്നേഹവിരുന്നിനുശേഷം മനോഹരമായ ഒരു സർഗസന്ധ്യക്ക് തിരശീല വീണു.