താനൊരു വലിയ സംഭവമാണെന്ന് ഒരാള്‍ സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ചില തറവേലകള്‍ ഇറക്കുകയും ചെയ്യുമ്പോള്‍, അയാളുടെ തകര്‍ച്ച ആരംഭിക്കുന്നു.
'വെള്ളം കോരാതെയും, വിറകു വെട്ടാതുയും' 'വിശ്വപൗരന്‍' എന്ന ലേബലിന്റെ ബലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലോേക്ക് പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ ഒരു മാന്യ വ്യക്തിയാണ് ബഹുമാന്യനായ ശശി തരൂര്‍.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിപദ സ്ഥാനമോഹികള്‍ക്ക് അത് അത്രയങ്ങ് സുഖിച്ചില്ലെങ്കിലും, സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു- പ്രതീക്ഷയായിരുന്നു.
അതുകൊണ്ടാണല്ലോ പാരകള്‍ പലതുണ്ടായിട്ടും തരൂര്‍ജി അനന്തപുരിയില്‍ നിന്നും പല തവണ പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ട് മാത്രമല്ല അദ്ദേഹം വിജയിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍ പതിയെ പതിയെ അദ്ദേഹത്തിന്റെ അധികാര മോഹം പുറത്തുവന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍, മറ്റുള്ളവര്‍ ആരേക്കാളും താനാണ് പരമയോഗ്യന്‍ എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കി.
വിദേശകാര്യ മന്ത്രി സ്ഥാനം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ വരെ!
ഇതിനിടെ ഒളിഞ്ഞു തെളിഞ്ഞും തന്റെ പ്രസ്ഥാവനകള്‍ കൊണ്ട് അദ്ദേഹം കോണ്‍ഗ്രസിനിട്ട് പണി കൊടുത്തു തുടങ്ങി. ഇന്ദിരാഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിനെ വരെ വിമര്‍ശിച്ചു.
കേന്ദ്രത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയേയും, കേരളത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും വാനോളം പുകഴ്ത്തി. അധികാരത്തോട് ഒട്ടി നില്‍ക്കുന്നതാണ് നല്ലതെന്ന് ബുദ്ധിമാനായ അദ്ദേഹത്തിനറിയാം.
അതുകൊണ്ടാണല്ലോ മണിമണി പോലെ ഇംഗ്ലീഷ് പേശുന്ന തരൂര്‍ജിയെ തന്നെ ദൗത്യസംഘത്തിന്റെ തലവനായി, ദൂതുമായി അമേരിക്കയിലേക്കയച്ചത്.
അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം വളരെ വിജയമായിരുന്നു. അതുകൊണ്ടാണല്ലോ അമേരിക്കന്‍ പ്രസിഡന്റ്ജി, തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാന്‍ ആര്‍മി ചീഫിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചുവരുത്തി നാലുകൂട്ടം പായസവും, അടപ്രഥമനും കൂട്ടി സദ്യ കൊടുത്തു സല്‍ക്കരിച്ചത്.
കോണ്‍ഗ്രസുകാര്‍ പുറത്താക്കുന്നതിനു മുമ്പ്, തരൂര്‍ജി മാന്യമായി രാജിവെച്ച് ബി.ജെ.പിയില്‍ ചേരണം- അവിടെയാകുമ്പോള്‍ അധികാരമുള്ള ഏതെങ്കിലുമൊരു ഉന്നത പദവി ലഭിക്കും.
കോണ്‍ഗ്രസില്‍ തുടരുന്നതുകൊണ്ട് തരൂര്‍ജിക്ക് വലിയ ഗുണമൊന്നുമില്ല. രാഹുല്‍മോന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയില്ല.
കേരളത്തില്‍ മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റാകുവാനുള്ള യോഗ്യത പോലും ശശിയണ്ണനില്ല. ഇവിടെ ഭരിക്കണമെങ്കില്‍ രാഷ്ട്രീയ അടിതട സകലതും അഭ്യസിച്ചിരിക്കണം.
മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതൊന്നും കേരളത്തിലെ ഒരു മന്ത്രിയാകുവാനുള്ള മാനദണ്ഡമൊന്നുമല്ല. ഒരു തരി ഇംഗ്ലീഷ് പോലും അറിയാത്ത മണിയാശാന്‍ 'പിന്നെ- നീ കുറെ ഒലത്തും' എന്ന ഒരൊറ്റ വാചകത്തിന്റെ ബലത്തില്‍ ഒന്നാന്തരമായി ഒരു വകുപ്പ് കൈകാര്യം ചെയ്തില്ലേ?
'തലയില്‍ വീടും ചുമന്നുകൊണ്ടു നടക്കുന്ന' മഹിള ഉന്നത വിദ്യാഭ്യാസവും, ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്ക് വായിക്കുവാനും എഴുതുവാനും അറിയാത്ത വിദ്യാഭ്യാസ മന്ത്രിയും ഭരിക്കുന്ന നാടാണിത്.
ഏതായാലും തരൂരിന്റെ 'അഭിപ്രായ സര്‍വ്വെ' ഒരു തറവേലയായിപ്പോയി. അദ്ദേഹം മുഖ്യമന്ത്രിയാകണം എന്നേ്രത കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് എന്നണേ്രത സര്‍വ്വെ ഫലം. ഏതു കേരളത്തിന്റെ കാര്യമാണോ തരൂര്‍ ഉദ്ദേശിക്കുന്നത്?
പ്രവചനം: ബഹുമാനപ്പെട്ട വിശ്വപൗരന്‍ ശശി തരൂരിന് ഇനി കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ലഭിക്കില്ല. താങ്കളുടെ പ്രസ്താവനകളെ അര്‍ഹിക്കുന്ന അവഗണനയോടെ അവര്‍ പുച്ഛിച്ചുതള്ളുന്നതു തന്നെ തെളിവ്?