ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിന്‍ക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ തിരഞ്ഞെടുപ്പു കിക്ക് ഓഫ് ചടങ്ങു് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി മാറി.
2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യന്‍ സമ്മര്‍സ് റെസ്റ്റോറന്റ് (മദ്രാസ് പവലിയന്‍) ഷുഗര്‍ലാന്‍ഡില്‍ വച്ചാണ് കിക്ക്-ഓഫ് പരിപാടി നടന്നത്. 2026 മാര്‍ച്ച് 3 നാണ് തിരഞ്ഞെടുപ്പ.്
അഭിഭാഷകന്‍, അദ്ധ്യാപകന്‍, സാഹിത്യകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഹൂസ്റ്റണ്‍കാര്‍ക്ക് സുപരിചിതനാണ് ഡോ. വൈരമണ്‍.
സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സിഇഓ ജെയിംസ് കൂടല്‍, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പ്രസിഡന്റ് ജെയിംസ് മുട്ടുങ്കല്‍, ഇന്‍ഡോ അമേരിക്കന്‍ കണ്‍സര്‍വേറ്റിവ് ടെക്‌സാസ് ഫോറം പ്രസിഡണ്ട് ബിജയ് ഡിക്‌സിറ്റ്, ട്രഷറര്‍ സ്വപന്‍ ധൈര്യവന്‍, സാഹിത്യകാരന്‍ എ.സി ജോര്‍ജ്, റേഡിയോ ടോക്ക് പേഴ്‌സണ്‍ ക്രിസ് ഹീസ്ലി, അലക്‌സാണ്ടര്‍ ഡാനിയേല്‍, പൊന്നു പിള്ള, ഷീല ചെറു, മാക്‌സ് ആലിബാബോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരായ സൈമണ്‍ വളാച്ചേരില്‍, അനില്‍ ആറന്മുള, ജീമോന്‍ റാന്നി, മോട്ടി മാത്യു,ജെ ഡബ്ലിയു വര്ഗീസ് ഡോ. ജോര്‍ജ് കാക്കനാട്ട്, ഡോ . നൈനാന്‍ മാത്തുള്ള, ബിജു ഇട്ടന്‍, തോമസ് ചെറുകര, രമേശ് ചെറുവിരലാല്‍, മഹേന്ദ്ര, എബ്രഹാം തോമസ്, മാത്യൂസ് ചാണ്ടപ്പിള്ള, സി.ജി. ഡാനിയേല്‍, രാജന്‍ ഗീവര്‍ഗീസ്, അനൂപ് ചെറുകാട്ടൂര്‍, ജാമില്‍ സിദ്ദിഖി (പാകിസ്ഥാന്‍ ക്രോണിക്കിള്‍), ബാബു കൂടത്തിനാലില്‍, എബ്രഹാം തോമസ്, റിച്ചാര്‍ഡ് ജേക്കബ്, സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ മികവുറ്റതാക്കി.
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ലോയില്‍ രണ്ടാം റാങ്കോടു കൂടി എല്‍എല്‍എം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് നിയമ ബിരുദം എടുത്ത് കൊല്ലത്തും ഡല്‍ഹിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സാന്‍ അന്റോണിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് സാമ്പത്തിക ആസൂത്രണത്തില്‍ സി.എഫ്.പി. ബിരുദവും ഡോ. മാത്യു നേടിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയിലെ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സെന്ററില്‍ (DRC) അംഗീകൃത ജനറല്‍ സിവില്‍ മീഡിയേറ്ററും ഫാമിലി മീഡിയേറ്ററുമാണ് അദ്ദേഹം.
ഒരു ജഡ്ജി എന്ന നിലയില്‍ എല്ലാ തീരുമാനങ്ങളിലും പ്രാപ്യതയും അനുകമ്പയും നീതിയും ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഡോ. മാത്യു വൈരമണ്‍ പറഞ്ഞു യുവാക്കളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും നിയമപരമായ ഉപദേശങ്ങള്‍ നല്‍കി സമൂഹത്തെ ശാക്തീകരിക്കുന്നതിലും താന്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും വൈരമണ്‍ പറഞ്ഞു.
കരുണ, നീതി, കമ്മ്യൂണിറ്റി എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണ്.''ജനങ്ങളോട് അനുകമ്പ കാണിക്കുക, എല്ലാവര്‍ക്കും നീതി നല്‍കുക, ഒരു മികച്ച കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നീ മൂന്ന് കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, 2026 മാര്‍ച്ചില്‍ നിങ്ങളുടെ വോട്ടും പിന്തുണയും എനിക്ക് ആവശ്യമാണ്.'' ഡോ. മാത്യു വൈരമണ്‍ അഭ്യര്‍ത്ഥിച്ചു.
പ്രവീണ്‍ ജോസ് എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.